കോഴിക്കോട്: മലയാളത്തിലെ നിരവധി എഴുത്തുകാരെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെ സൗന്ദര്യതലത്തിലെത്തിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍(81) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊല്ലം ജില്ലയിലെ ശൂരനാട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലായിരുന്നു ജനനം. പുനലൂര്‍ ഹൈസ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. മാവേലിക്കര രവിവര്‍മ സ്‌കൂളില്‍ നിന്നും ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമ നേടി.
1963ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ കോഴിക്കോട് അദ്ദേഹത്തിന്റെ തട്ടകമായി മാറി. കോഴിക്കോട്ടെ ജീവിതത്തിനിടയില്‍ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്തു, പിന്നീട് അദ്ദേഹത്തിന്റെ സന്തതസഹചാരിയായി.
വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ജോസഫ് മുണ്ടശ്ശേരി, എ.കെ.ജി., ഇ.എം.എസ്., ഇന്ദ്രജിത്ത് ഗുപ്ത, എസ്.എ. ഡാങ്കേ, സി. അച്യുതമേനോന്‍, എം.എന്‍. ഗോവിന്ദന്‍നായര്‍, പി.കെ. വാസുദേവന്‍ നായര്‍, എം.ടി. വാസുദേവന്‍ നായര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, എന്‍.വി. കൃഷ്ണവാരിയര്‍, കേശവദേവ്, സുകുമാര്‍ അഴീക്കോട്, യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ അപൂര്‍വചിത്രങ്ങള്‍ അദ്ദേഹം തന്റെ ക്യാമറ കണ്ണുകളിലൂടെ ജനമനസുകളില്‍ എത്തിച്ചിട്ടുണ്ട്.
ഭാര്യയും രണ്ടുമക്കളുണ്ട്. മക്കള്‍ രണ്ടുപേരും ഡോക്ടര്‍മാരാണ്.