തിരുവനന്തപുരം: ഇപ്പോഴത്തെ കായിക എഴുത്തുകാരില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം വല്ലാതെ മുഴച്ചുകാണുന്നുണ്ടെന്നും ആ ശൈലി മാറ്റേണ്ടത് അനിവാര്യമാണെന്നും പത്രപ്രവര്‍ത്തകനായ എം.പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി സാഹിത്യോത്സവത്തില്‍ കളിയെഴുത്തിനെക്കുറിച്ചുള്ള സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, അതേസമയം, സമൂഹമാധ്യമങ്ങള്‍ എഴുത്തിന്റെ വലിയ ലോകം തുറന്നിടുന്നതായി അയാസ് മേമന്‍ അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ എഴുത്തിന് പരിധിയില്ല. കായിക എഴുത്തുകാര്‍ വിഷ്വല്‍ മീഡിയവുമായി പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. പണ്ട് സ്‌പോര്‍ട്‌സ് എഡിറ്റര്‍ ആകാന്‍ ക്രിക്കറ്റ് മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ക്രിക്കറ്റ് കഴിഞ്ഞാല്‍ ഏറ്റവും ഡിമാന്റുള്ള കായിക ഇനമായി കബഡി മാറി. ടി.വി. ഷോകളാണ് ഇതിന് കാരണം. ഇപ്പോഴിതാ അതിന്റെ ചുവടുപറ്റി ഫുട്‌ബോളും ബാഡ്മിന്റണും സുപ്രധാന കായിക ഇനങ്ങളായി വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നു-അയാസ് മേമന്‍ പറഞ്ഞു.

പണ്ട് കായിക എഴുത്തുകാര്‍ എഴുതുന്നത് വായിക്കുമ്പോള്‍ കളി കാണുന്ന സുഖം കിട്ടിയിരുന്നതായി സുരേന്ദ്രന്‍ പറഞ്ഞു. ഇന്നത്തെ എഴുത്തുകാര്‍ക്ക് ആ സര്‍ഗാത്മകത നഷ്ടപ്പെട്ടിരിക്കുന്നു. പണ്ടൊക്കെ ഒരു റിപ്പോര്‍ട്ട് എഴുതിയാല്‍ അത് ഓഫീസില്‍ എത്തിക്കാനും ആ വാര്‍ത്ത അടുത്ത ദിവസം വരും എന്ന് ഉറപ്പിക്കാനും എടുത്തിരുന്ന സമയം വളരെ കൂടുതലാണ്. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ പോയി റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുമ്പോള്‍, റിപ്പോര്‍ട്ട് ഓഫീസില്‍ എത്തിക്കുക എന്നതുതന്നെ ഒരു ഭഗീരഥ പ്രയത്‌നമായിരുന്നു. ഫോണ്‍ ചെയ്താല്‍ തന്നെ ലൈന്‍ കണക്ട് ചെയ്തു കിട്ടാനും മറ്റും മണിക്കൂറുകള്‍ എടുത്തിരുന്നു.