രണ്ടായിരത്തി പതിനെട്ടിലെ മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ പുരസ്‌കാരം പ്രളയ രക്ഷാപ്രവര്‍ത്തകരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ചലച്ചിത്ര താരം പൃഥിരാജാണ് കേരളത്തിന്റെ രക്ഷകരായ മല്‍സ്യത്തൊഴിലാളികളെ ആദരിച്ചത്.
സ്വജീവിതം മറന്ന് സഹജീവികളുടെ ഉയിര് കാക്കാനിറങ്ങിയ ധീരതയ്ക്ക് മലയാളി മനസ് നല്‍കിയ അംഗീകാരമാണ് പൃഥിരാജ് സമ്മാനിച്ചത്. പ്രളയ രക്ഷയുടെ അമരം പിടിച്ച സമൂഹത്തിന്റെ പ്രതിനിധികളായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നെത്തിയ പത്തു മല്‍സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. പ്രളയ രക്ഷകര്‍ക്ക് ന്യൂസ് മേക്കര്‍ വേദിയില്‍ പുതിയ വിശേഷണവും നല്‍കി പൃഥി.