രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് പരോള്‍. വെല്ലൂര്‍ ജയിലില്‍ നിന്ന് ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തുന്നതിനുമായി ഒരുമാസത്തെ പരോളാണ് നളിനിക്ക് ലഭിച്ചിരിക്കുന്നത്.
യു.കെയില്‍ വൈദ്യപഠനം നടത്തുന്ന മകള്‍ ഹരിത്ര അടുത്ത ആഴ്ച എത്തും. വെല്ലൂര്‍ വിടുന്നതിനും മാധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും കാണുന്നതിനും നളിനിക്ക് വിലക്കുണ്ട്. കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് അവര്‍ക്ക് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. നളിനിയുടെ ഭര്‍ത്താവ് മുരുകനും ഇതേ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച് കഴിയുന്നുണ്ട്. കേസില്‍ ഇവര്‍ക്ക് നേരത്തെ കോടതി വധ ശിക്ഷ വിധിച്ചെങ്കിലും സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. ജയിലില്‍ വെച്ചാണ് മകളെ പ്രസവിച്ചത്.