പുരോഗമന പ്രസ്ഥാനത്തിന്റെ ബോധവും അബോധവും
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായാണ് ജീവല്‍ സാഹിത്യസംഘവും രൂപപെ്പട്ടത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതീയമായ വിവേചനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ രൂപപെ്പട്ടതായിരുന്നു. ഇത്തരം പ്രസ്ഥാനങ്ങള്‍ ഇന്ന് ജാതിസംഘടനകളായി പരിണമിച്ച് സമ്മര്‍ദ്ദ ഗ്രൂപ്പുകളായി നിന്ന് വിലപേശുന്ന കാഴ്ചയാണ് നാം കാണുന്നത്. എണ്ണത്തില്‍ കൂടുതലുള്ള ജാതികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സമ്പത്തും പദവികളും കൈക്കലാക്കുവാന്‍ ജാതീയവും മതപരവുമായ സ്വത്വബോധത്തെ ഉയര്‍ത്തിക്കാട്ടി രൂപപെ്പട്ട ഈ സംഘടനകള്‍ വഴി സാധിക്കുന്നു. ഈ വിഭാഗങ്ങളിലെ അടിത്തട്ടുകാര്‍ ദരിദ്രരായി തുടരുമ്പോഴും ഒരു മധ്യ-ഉപരിവര്‍ഗ്ഗം കൂടുതല്‍ സാമ്പത്തിക ശേഷി കൈവരിക്കുന്നതും കാണാറാകുന്നു. ജാതി ഒരു യാഥാര്‍ത്ഥ്യമായും വര്‍ഗ്ഗബോധത്തെ തന്നെ പിളര്‍ത്തിയും നിലകൊള്ളുന്നു. വൈകുണ്ഠസ്വാമിയും ശ്രീനാരായണഗുരുവും പൊയ്കയില്‍ അപ്പച്ചനും അയ്യന്‍കാളിയും ഒക്കെ ജാതിസമ്പ്രദായത്തെ തന്നെയാണ് ചോദ്യം ചെയ്തത്. എങ്കിലും അവരൊക്കെതന്നെ താന്താങ്ങളുടെ ജാതികളിലേക്ക് ആവാഹിക്കപെ്പട്ടു. ഇതിന്റെ പ്രധാനകാരണം കൊളോണിയല്‍ ഭരണകൂടവും സ്വാതന്ത്ര്യാനന്തരം രൂപപെ്പട്ട ഭരണകൂടവും മനുഷ്യരെ അഭിസംബോധന ചെയ്തത് ജാതിയുടെ അടിസ്ഥാനത്തിലാണ് എന്നതാണ്. ഭരണകൂടം ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചതും നടപ്പാക്കിയതും ജാതിയുടെ അടിസ്ഥാനത്തിലാണ്. അങ്ങനെ അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനും തങ്ങള്‍ ജനിച്ച ജാതികളിലെ ജനങ്ങളുടെ പ്രതിനിധികളായാണ് പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപെ്പട്ടത്. ഭരണകൂടത്തില്‍ നിന്നും സമ്പത്തും മറ്റു വിഭവങ്ങളും നേടിയെടുത്തത് എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നായര്‍, ഈഴവ തുടങ്ങിയ ജാതികളും ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. ഈ വിഭാഗങ്ങളില്‍ നിന്നുമാണ് കേരളത്തില്‍ ഇന്ന് ശക്തമായിത്തീര്‍ന്ന മധ്യവര്‍ഗ്ഗം രൂപപെ്പട്ടത്.
Leave a Reply