ചെന്നൈ: ലോക്ഡൗണില്‍ ചെന്നൈയിലായിരുന്നു നടന്‍ മോഹന്‍ലാലിന്റെ ഷഷ്ടിപൂര്‍ത്തി. വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയതോതിലാണ് ലാല്‍ പിറന്നള്‍ ആഘോഷിച്ചത്. ലാല്‍ കേക്ക് മുറിച്ചപ്പോള്‍ സുചിത്രയും പ്രണവും ബന്ധുക്കളും പിറന്നാള്‍ ഗീതം പാടി. ചില ഉറ്റ സുഹൃത്തുക്കള്‍ നാടിന്റെ നാനാഭാഗത്തുനിന്നും വീഡിയോ കോള്‍ വഴി കേക്ക് മുറിക്കല്‍ പാര്‍ട്ടിയില്‍ പങ്കുകൊണ്ടു. കേക്കുമുറിക്കുന്നതിന്റെ വീഡിയോ ഇപ്പോല്‍ വൈറലാണ്. അറുപതാം ജന്മദിനത്തോടൊപ്പം 2020ല്‍ അഭിനയജീവിതത്തിന്റെ നാല്പതു വര്‍ഷവും മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി. 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മഹാനടന്റെ സിനിമാപ്രവേശം. അതിനുമുമ്പ് തിരനോട്ടം എന്ന ഒരു ചെറുചിത്രത്തില്‍ ലാല്‍ ആദ്യമായി അഭിനയിച്ചെങ്കിലും അതു വെളിച്ചം കണ്ടില്ല. ലാലിന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളും സഹപാഠിയുമായ അശോക് കുമാര്‍ ആയിരുന്നു സംവിധായകന്‍.
മലയാളത്തിലെ മഹാനടന്മാരിലൊരാളായിട്ടാണ് പിന്നീട് മോഹന്‍ലാലിന്റെ വളര്‍ച്ച. വില്ലനായി ആരംഭിച്ച് പിന്നീട് നായകനായി വളരുകയായിരുന്നു.