പഴയ മലയാളം അക്ഷരമാല തമിഴ് അക്ഷരമാലയോട് തുല്യമായിരുന്നു. അതില്‍ സംസ്‌കൃതത്തിലെ ഇരുപത്തിമൂന്ന് അക്ഷരങ്ങള്‍ കുറവായിരുന്നു. സ്വരാക്ഷരങ്ങളില്‍ ഖരവും അനുനാസികവും യ,ര,ല,വ,ള,ഴ,റ എന്നിവയും മാത്രമേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സംസ്‌കൃത അക്ഷരമാല നാം സ്വീകരിച്ചപ്പോള്‍ കടം വാങ്ങിയത് 23 അക്ഷരങ്ങളാണ്. സ്വരാക്ഷരങ്ങളായ ഋ, ഇല് എന്ന് ഉച്ചരിക്കുന്ന അക്ഷരങ്ങളും (ഇന്ന് അച്ചടിക്ക് ഉപയോഗിക്കാത്ത അക്ഷരമായതിനാല്‍ ഇവിടെ നല്‍കാനാവുന്നില്ല), വ്യഞ്ജനാക്ഷരങ്ങളില്‍ അതിഖര മൃദു ഘോഷങ്ങള്‍ പതിനഞ്ചും ശ,ഷ,സ,ഹ എന്നിവയും അടക്കമുള്ളതാണ് കടം വാങ്ങിയ അക്ഷരങ്ങള്‍.

സംസ്‌കൃതാക്ഷരമാല സ്വീകരിക്കുന്നതിനു മുമ്പ് എഴുതിയിരുന്ന സാഹിത്യകൃതികളിലും ശാസനങ്ങളിലുമൊക്കെ സംസ്‌കൃതവാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നപ്പോള്‍ അതിന്റെ സ്ഥാനത്ത് ഉചിതമെന്നു തോന്നിയ ദ്രാവിഡാക്ഷരങ്ങളാണ് മലയാളികള്‍ ഉപയോഗിച്ചത്. സംസ്‌കൃതത്തിലെ ചില സംയുക്താക്ഷരങ്ങളും മലയാളത്തില്‍ ഉണ്ടായിരുന്നില്ല. ആ സംയുക്താക്ഷരങ്ങളുടെ ഇടയ്ക്ക് സമുചിതമായ സ്വരം ചേര്‍ത്ത് രൂപാന്തരപ്പെടുത്തുമായിരുന്നു.അതിനാല്‍, അന്ന് സ്വീകരിച്ച വാക്കുകള്‍ തത്ഭവം എന്നാണ് അറിയപ്പെടുന്നത്. 

നിരവധി സംസ്‌കൃതവാക്കുകള്‍ തത്ഭവരൂപത്തില്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. ചിലതെല്ലാം ഇന്നും മലയാളത്തില്‍ പ്രചാരത്തിലുണ്ട്.
പഴയ മലയാളഘട്ടത്തിന്റെ അവസാനത്തോടെ, മലയാളം സംസ്‌കൃതാക്ഷരമാല മുഴുവന്‍ സ്വീകരിച്ചതോടെ സംസ്‌കൃതപദങ്ങളെ അതേപോലെ ഉപയോഗിക്കാമെന്നായി. അതാണ് സംസ്‌കൃത തത്സമം. തത്സമത്തില്‍ മലയാളപ്രത്യയം ഒഴിച്ചുള്ള ഭാഗമെല്ലാം സംസ്‌കൃതം തന്നെയാണ്.

തത്ഭവ രൂപങ്ങളില്‍ വര്‍ണവികാരങ്ങള്‍ എങ്ങനെയായിരുന്നു എന്നറിയാന്‍ താഴെക്കാണുന്ന വാക്കുകള്‍ നോക്കുക:

സംസ്‌കൃതംമലയാള തത്ഭവം
നിരൃതിനിരുതി
അഖിലഅകില
യോഗികള്‍യോകികള്‍
ഗഗനംകകനം
ഘനംകനം
ഇച്ഛഇച്ച
അജന്‍അയന്‍
പണ്ഡിതന്‍പണ്ടിതന്‍
മൈഥിലിമൈതിലി
അധിപതിഅതിപതി
കുബേരന്‍കുവേരന്‍
ഭോഗിഭോഗശയനന്‍പോകിപോകചയനന്‍
ശിവന്‍ചിവന്‍
ദശരഥന്‍തയരതന്‍
മാനുഷന്‍മാനിതന്‍
അഭിഷേകംഅഭിഴേകം
വൃഷഭംഇടവം
സീതചീത
നക്തഞ്ചരാധിപന്‍നത്തഞ്ചരാതിപന്‍
ക്രോധനന്‍കിരോതനന്‍
ഗവാക്ഷന്‍കെവാക്കന്‍
അഗ്നിഅങ്കി
സുഗ്രീവന്‍ചുക്കിരീവന്‍
ജ്യോതിര്‍മുഖന്‍ചോതിമുകന്‍
വജ്രധരന്‍വച്ചിറതരന്‍
ആദിത്യന്‍ആതിച്ചതേവന്‍
ചിത്രംചിത്തിരം
അയോധ്യഅയോത്തി
പ്രമഥിപിരമതി
വ്യാസന്‍വിയാതന്‍
ശ്രീവൈഷ്ണവര്‍ചിരിവയിണ്ണവര്‍
പശ്ചിമപച്ചിമ
ശ്രീവിളക്ക്തിരുവിളക്ക്
അഗസ്ത്യന്‍അകത്തിയന്‍
അസ്ത്രങ്ങള്‍അത്തിരങ്കള്‍
കാകുസ്ഥന്‍കാകുത്തന്‍

തത്സമങ്ങള്‍ക്ക് ഉദാഹരിക്കുക എന്നത് എളുപ്പമല്ല. അത്രയേറെ സംസ്‌കൃത തത്സമങ്ങള്‍ മലയാളത്തിലുണ്ട്.

ചിലതു മാത്രം ഉദാഹരിക്കാം

രാമന്‍
കൃഷ്ണന്‍
അനുഗ്രഹം
അനുഭവം
അനുമാനം
അക്രമം
അഞ്ജനം
അക്ഷരം
അനുകരണം
അനുതാപം
അഭിലാഷം

(അവലംബം: മലയാള മഹാനിഘണ്ടു)