തിരുവനന്തപുരം: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരങ്ങളില്‍ സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. 20,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്ത മധു സി നാരായണനാണ് മികച്ച സംവിധായകന്‍. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മധു സി.നാരായണന്‍

സാറാ ജോസഫ് രചിച്ച ‘നീ’ മികച്ച ചെറുകഥയായി തിരഞ്ഞെടുത്തു. 15,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബിരിയാണി’ എന്ന സിനിമയ്ക്ക് സജിന്‍ ബാബു മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. 15,000 രൂപയും, ശില്‍പവും, പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ‘ഉയരേ’ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം ഉണ്ട്.
മെയ് 23ന് പി. പത്മരാജന്റെ 75ാം ജന്മവാര്‍ഷിക ദിനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യേണ്ടതായിരുന്നു. നിലവിലെ കോവിഡ് സാഹചര്യത്തില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.