മുംബയ്: ഹിന്ദുസ്ഥാനി സംഗീതത്തില്‍ മാസ്മരിക വിസ്മയം തീര്‍ത്ത പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. അമേരിക്കയിലാണ് ജസ് രാജിന്റെ അന്ത്യമെന്ന് മകള്‍ ദുര്‍ഗാ ജസ് രാജ് വാര്‍ത്താ എജന്‍സിയോട് പറഞ്ഞു.
പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുള്ള അനുഗൃഹീത ഗായകനാണ് പണ്ഡിറ്റ്. ധാരാളം ശിഷ്യരുണ്ട്. കഴിഞ്ഞവര്‍ഷം ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച ഒരു ചെറു ഗ്രഹത്തിന് അദ്ദേഹത്തിന്റെ പേരിട്ടിരുന്നു.
അമേരിക്കയില്‍ ന്യൂജെഴ്‌സി സംസ്ഥാനത്ത് താമസമാക്കിയ പണ്ഡിറ്റ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. വീട്ടില്‍തന്നെയായിരുന്നു അന്ത്യം.
ഹര്യാനയിലാണ് പണ്ഡിറ്റ് ജനിച്ചത്. 80 വര്‍ഷം നീണ്ട സംഗീതസപര്യയായിരുന്നു. ക്ലാസിക്കലും സെമി ക്ലാസിക്കലുമായ സംഗീതത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ അദ്ദേഹം നിരവധി ആല്‍ബങ്ങളും പുറത്തിറക്കി. കാനഡയിലും അമേരിക്കയിലും നിരവധിപേരെ സംഗീതം പഠിപ്പിച്ചു.
പണ്ഡിറ്റിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരും അനുശോചനം അറിയിച്ചു.