കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഇക്കൊല്ലം മുതല്‍ സ്ഥിരമായി നടത്താന്‍ പോകുന്ന അന്താരാഷ്ട്ര സാഹിത്യ മേളയും പുസ്തകമേളയും കൊച്ചിയിലായിരിക്കും. കൊല്‍ക്കത്ത, ജയ്പൂര്‍ മാതൃകയിലാണ് മേള. മാര്‍ച്ച് ഒന്നുമുതല്‍ 11 വരെയാണ് ആദ്യത്തെ മേള. തുടര്‍ന്നും കൊച്ചി സ്ഥിരം വേദിയാക്കാനാണ് ആലോചനയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഹകരണവകുപ്പും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും ചേര്‍ന്നാണ് മേള നടത്തുക.

മറൈന്‍ ഡ്രൈവില്‍ പുസ്തകമേളയും ബോള്‍ഗാട്ടി പാലസില്‍ സാഹിത്യമേളയുമാണ് നടത്തുന്നത്. മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ഇക്കാര്യം കഴിഞ്ഞ ദിവസം മന്ത്രി ചര്‍ച്ച നടത്തി. വരും വര്‍ഷങ്ങളില്‍ ജനുവരിയിലോ ഫെബ്രുവരിയിലോ നടത്തും. പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിക്കും.

ലോകപ്രശസ്തി നേടിയ മലയാളി എഴുത്തുകാരുടെ ജന്മനാടുകളിലേക്കുള്ള യാത്രകളും സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തും. മാര്‍ച്ച് ഒന്നുമുതല്‍ പുസ്തകമേള ആരംഭിക്കും. ആറുമുതല്‍ 10 വരെ തീയതികളില്‍ സാഹിത്യോത്സവം നടക്കും. മേളയുടെ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.