തിരുവനന്തപുരം: നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക് ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.
ഓരങ്ങളിലേക്കു വകഞ്ഞു മാറ്റപ്പെടുന്ന അടിയാളജീവിതത്തെ എഴുത്തില്‍ ആവാഹിച്ച പി.വല്‍സല പ്രാദേശികവും വംശീയവുമായ കേരളീയ പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്‌ക്കരിച്ച എഴുത്തുകാരിയാണെന്ന് ജൂറി വിലയിരുത്തി. 1938ല്‍ കോഴിക്കോട് ജനിച്ച പി.വത്സല ദീര്‍ഘകാലം അധ്യാപികയായിരുന്നു. 2010-11 കാലയളവില്‍ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷയായിരുന്നു. നിലമുറങ്ങുന്ന വഴികള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പ്രധാനകൃതികള്‍: ആഗ്‌നേയം, ഗൗതമന്‍, പാളയം, ചാവേര്‍, ആരും മരിക്കുന്നില്ല, അരക്കില്ലം, തകര്‍ച്ച, കൂമന്‍കൊല്ലി, നമ്പരുകള്‍, വിലാപം, തിരക്കില്‍ അല്‍പം സ്ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരന്‍, അനുപമയുടെ കാവല്‍ക്കാരന്‍, ഉണ്ണിക്കോരന്‍ ചതോപാധ്യായ, ഉച്ചയുടെ നിഴല്‍, കറുത്തമഴ പെയ്യുന്ന താഴ്‌വര.