(വേദവ്യാസന്‍)

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളില്‍ ഒന്നാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്. ഭാരതത്തിലെ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണിത്. മറ്റൊന്ന് രാമായണം. മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വാസം. എന്നാല്‍, ഇന്നു കാണുന്ന രീതിയില്‍ എത്തിച്ചേര്‍ന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേര്‍ക്കലുകളിലൂടെയാണ്.
ഒന്നേകാല്‍ ലക്ഷം ശ്ലോകമുള്ള ഗ്രന്ഥമാണ്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ 3,800 വര്‍ഷം മുന്‍പാണ് വ്യാസന്‍ ജീവിച്ചിരുന്നത്.
തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥ വ്യാസന്‍ പറഞ്ഞുകൊടുക്കുന്നതനുസരിച്ച് ശ്രീഗണപതി അതു എഴുതി സൂക്ഷിച്ചു എന്നാണ് ഐതിഹ്യം. വ്യാസന്‍ ഒരേസമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമാണ്.
വ്യാസന്റെ മറ്റൊരു നാമം ‘കൃഷ്ണദ്വൈപായനന്‍’ എന്നായിരുന്നു.
വേദകാലത്തെ പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠ മഹര്‍ഷിയുടെ പുത്രനായ പരാശരന് ഒരു മുക്കുവ സ്ത്രീയിലുണ്ടായ മകനാണ് വ്യാസന്‍. അമ്മയെപ്പോലെതന്നെ കറുത്തനിറമായതിനാല്‍ കൃഷ്ണദ്വൈപായനന്‍ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകന്‍ എന്ന മകന് ജന്മവും നല്‍കിയിട്ടുണ്ട്.
ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, മൂന്നുഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്. ആദ്യഘട്ടം മൂലകൃതിയുടെ രചനയില്‍ നിന്നുതുടങ്ങുന്നു.രണ്ട് കുലങ്ങള്‍- കുരുവംശജരും പാണ്ഡവരും തമ്മിലുള്ള കലഹമാണ് ഇതിവൃത്തം.
മഹാഭാരതത്തിന്റെ വലിപ്പം ഏവരേയും അതിശയിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത്.
പതിനെട്ടു പര്‍വ്വങ്ങളായാണ് മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്. ആദിപര്‍വ്വം, സഭാപര്‍വ്വം, വനപര്‍വ്വം, വിരാടപര്‍വ്വം, ഉദ്യോഗപര്‍വ്വം, ഭീഷ്മപര്‍വ്വം, ദ്രോണപര്‍വ്വം, കര്‍ണ്ണപര്‍വ്വം, ശല്യപര്‍വ്വം, സൗപ്തികപര്‍വ്വം, സ്ത്രീപര്‍വ്വം, ശാന്തിപര്‍വ്വം, അനുശാസനപര്‍വ്വം, അശ്വമേധപര്‍വ്വം, ആശ്രമവാസികപര്‍വ്വം, മൗസലപര്‍വ്വം, മഹാപ്രാസ്ഥാനിക പര്‍വ്വം, സ്വര്‍ഗ്ഗാരോഹണപര്‍വ്വം എന്നിവയാണവ.

പ്രധാന കഥ

മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപര്‍വത്തില്‍ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സര്‍വദമനന്‍ പിന്നീടു ഭരതന്‍ എന്നറിയപ്പെടുന്നു. ഭരതന്‍ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവര്‍ഷം എന്നറിയപ്പെടുന്നു. ഭരതചക്രവര്‍ത്തിയുടെ വംശത്തില്‍ പിറന്നവര്‍ ഭാരതര്‍ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവര്‍ഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം.
മഹാഭാരത കഥയുടെ നട്ടെല്ല് കൗരവ-പാണ്ഡവ വൈരം ആണ്. അതുകൊണ്ടുതന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തില്‍ തുടങ്ങുന്നു. ഭീമന്‍ ദുര്യോധനനെ വധിക്കുന്നിടത്താണ് പ്രധാന കഥയുടെ അവസാനം. 
മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവര്‍ത്തനമായി കണക്കാക്കുന്നു. മലയാളത്തില്‍ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടും ഉണ്ടായി. അതിനുശേഷവും പാട്ടുകള്‍, ചമ്പു, തുള്ളല്‍, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവല്‍, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ മഹാഭാരതത്തെ ഉപജീവിച്ചു കൃതികള്‍ മലയാളത്തിലും ഇന്ത്യയിലെ മറ്റു ഭാഷകളിലും ഉണ്ടായിട്ടുണ്ട്.