കോട്ടയം: മനോരമ ആഴ്ചപ്പതിപ്പിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കെ.പത്മനാഭന്‍ നായര്‍ (പത്മന്‍-90) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച മുട്ടമ്പലം ശ്മശാനത്തില്‍ നടക്കും.
നോവലിസ്റ്റ് സി.വി.രാമന്‍ പിള്ളയുടെ ചെറുമകനും ഹാസ്യസമ്രാട്ട് ഇ.വി.കൃഷ്ണപിള്ളയുടെ മകനുമാണ്. പ്രശസ്ത ചലച്ചിത്ര നടന്‍ അടൂര്‍ ഭാസിയും ചലച്ചിത്ര പ്രവര്‍ത്തകന്‍ ചന്ദ്രാജിയും സഹോദരങ്ങളാണ്. ഇ.വി.കൃഷ്ണപിള്ളയായിരുന്നു മനോരമ ആഴ്ചപ്പതിപ്പിന്റെ സ്ഥാപക പത്രാധിപര്‍.
1961ല്‍ ലിറ്റില്‍ ഡ്രാമാ ട്രൂപ്പ് എന്ന പേരില്‍ മലയാളത്തിലാദ്യമായി കുട്ടികളുടെ നാടകവേദി എന്ന ആശയം നടപ്പാക്കിയതു പത്മനാണ്. ഈ നാടക ട്രൂപ്പിനായി ‘വിടരുന്ന മൊട്ടുകള്‍’ എന്ന നാടകവും ഗാനങ്ങളും രചിച്ച പത്മന്‍ അതിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചു. നാടകം സംവിധാനം ചെയ്തത് അടൂര്‍ ഭാസിയായിരുന്നു. തിരുവനന്തപുരത്ത് നാടകം ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ദിരാ ഗാന്ധി മുഴുവന്‍ സമയവും നാടകം കണ്ട് അഭിനേതാക്കളായ കുട്ടികള്‍ക്കൊപ്പം ഫോട്ടോയെടുത്താണു മടങ്ങിയത്.
മലയാള മനോരമയിലൂടെയാണു പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാര്‍ട്ടൂണിന് കാല്‍ നൂറ്റാണ്ട് ആശയം നല്‍കിയതു പത്മനായിരുന്നു. പ്രാദേശിക വാര്‍ത്താ വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഴ്ചപ്പതിപ്പില്‍ ‘പ്രഹ്ലാദന്‍ സംസാരിക്കുന്നു’ എന്ന ചോദ്യോത്തര പംക്തി പ്രശസ്തമായിരുന്നു. 2001 ഡിസംബര്‍ 31നു മനോരമയില്‍നിന്നു വിരമിച്ചു.
ഭാര്യ: കോട്ടയം കോടിമത മഠത്തില്‍പറമ്പില്‍ കുടുംബാംഗമായ പരേതയായ വിമലാദേവി. മക്കള്‍: ചിത്ര, ലക്ഷ്മി, ജയകൃഷ്ണന്‍ നായര്‍ (സ്‌പെഷല്‍ കറസ്‌പോണ്ടന്റ്, ടൈംസ് ഓഫ് ഇന്ത്യ). മരുമക്കള്‍: രമേഷ്‌കുമാര്‍ (റിട്ട: ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍), ജഗദീഷ് ചന്ദ്രന്‍ (എന്‍ജിനീയര്‍, കുവൈത്ത്), ധന്യ.