തിരുവനന്തപുരം: അഡ്വ. തലയല്‍ കേശവന്‍ നായരുടെ സ്മരണക്കായുള്ള പ്രഥമ അവാര്‍ഡ് പ്രമുഖ കഥാകൃത്തും അധ്യാപകനുമായ ഡോ. എസ്.വി.വേണുഗോപന്‍ നായര്‍ക്ക് നല്‍കും.
എസ്.ഐ.ഇ.റ്റി. ഡയറക്ടര്‍ അബുരാജ് ചെയര്‍മാനായും ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ്. കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. ബെറ്റിമോള്‍ മാത്യു, നിലമേല്‍ എന്‍.എസ്.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആഷാ.ആര്‍.ഐ എന്നിവര്‍ അംഗങ്ങളുമായുള്ള മൂന്നംഗ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
മലയാള ചെറുകഥയിലെ വേറിട്ട സ്വരമാണെന്ന് മാത്രമല്ല ആധുനികത മുതല്‍ ഉത്തരാധുനികതവരെ എത്തിനില്‍ക്കുന്ന ആഖ്യാനതന്ത്രങ്ങളുടെയും ആശയ വൈപുല്യത്തിന്റെയും പെരുന്തച്ചനാണ് ഡോ.എസ്. വി. വേണുഗോപന്‍ നായര്‍ എന്ന് ജൂറി വിലയിരുത്തി. തെക്കന്‍ തിരുവിതാംകൂറിന്റെ ഭാവഗരിമയും സാഹിത്യപൊലിമയും സ്വന്തം കഥകളില്‍ ആലേഖനം ചെയ്ത എസ്.വി. ജീവിതത്തിന്റെ വ്യത്യസ്തകളെ അവയുടെ ആഴത്തിലും പരപ്പിലും കണ്ടറിഞ്ഞ ക്രാന്തദര്‍ശിയാണെന്ന് ജൂറി പറഞ്ഞു. കഥാകൃത്തും നാടകകൃത്തും കോളമിസ്റ്റുമായി പകര്‍ന്നാടുന്നതിനൊപ്പം എസ്.വി അരപ്പതിറ്റാണ്ടായി കഥയെഴുത്ത് തുടരുകയാണ്. സുദീര്‍ഘമായ മൂന്നരപ്പതിറ്റാണ്ടുകാലം എസ്.വി വിവിധ കോളേജുകളില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തലയലിന്റെ ഓര്‍മ്മ ദിവസമായ ജൂലൈ പതിമൂന്നിന് നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം വേണു ഗോപന്‍ നായര്‍ക്ക് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ അഡ്വ. തലയല്‍ പ്രകാശും അഡ്വ.വിനോദ്‌സെന്നും അറിയിച്ചു.
വില്‍പ്പാട്ടിന്റെ കുലപതിയായ തലയല്‍ എസ് കേശവന്‍ നായരുടെ സ്മരണാര്‍ത്ഥമാണ് ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. കലാസാഹിത്യ സാമൂഹ്യമേഖലയിലെ തനിമയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റ് ലക്ഷ്യം വയ്ക്കുന്നത്. അന്‍പത് വര്‍ഷക്കാലം തലയല്‍ പരിപോഷിപ്പിച്ച നവീന വില്‍പ്പാട്ടിനെ യുവതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം. ഡോ. എ പി മജീദ്ഖാന്‍ രക്ഷാധികാരിയും അഡ്വ. വിനോദ്‌സെന്‍ പ്രസിഡന്റും അഡ്വ. തലയല്‍ പ്രകാശ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ് തലയല്‍ ആകസ്മികമായി നെയ്യാറ്റിന്‍കരയെ വിട്ടുപിരിഞ്ഞത്. അദ്ദേഹത്തിന്റെ ഓര്‍മ ദിവസം സമുചിതമായി ആചരിക്കുവാന്‍ ടി.കെ.എന്‍. ട്രസ്റ്റ് തീരുമാനിച്ചു.
വില്ലുതൊട്ട് ഞാണ്‍ മുഴക്കി നാടാകെ കഥ പറഞ്ഞ വൈഭവശാലിയും നവീന വില്‍പ്പാട്ടിന്റെ കുലപതിയുമായിരുന്നു അഡ്വ തലയല്‍ എസ് കേശവന്‍നായര്‍. തെക്കന്‍ കേരളത്തിന്റെ തനത് കലാരൂപമായ വില്‍പ്പാട്ടില്‍ കാലാനുസൃതമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തി നവീനവില്‍പ്പാട്ടാക്കി അര നൂറ്റാണ്ടോളം 3000 ല്‍ അധികം വേദിയില്‍ വിജയകരമായി അവതരിപ്പിച്ചു.
നഗരസഭാ കൗണ്‍സിലര്‍. കേരള ജനതയിലെ സഹപത്രാധിപന്‍, നാടക നടന്‍, രചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലയിലും തയല്‍ മൗലീകമായി കൈയൊപ്പ് ചാര്‍ത്തി. എം.പി സുകുമാരന്‍ നായരുടെ കഴകം എന്ന സിനിമയിലും അഭിനയിച്ചു. ധനുവച്ചപുരം വി.റ്റി.എം.എന്‍ എസ്.എസ് കോളേജ് യഥാര്‍ത്ഥ്യമായതിന് പിന്നിലും തലയലിന്റെ അക്ഷീണ പരിശ്രമമുണ്ടായിരുന്നു. കലാ പ്രവര്‍ത്തനത്തിനോപ്പം അഭിഭാഷകനായും തിളങ്ങി. ഒശഴവ രീൗൃ േആലിരവ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് 20 ദിവസം ജയിലിയായി. 2007ലെ കേരളാ സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജാ പുരസ്‌കാരം. ഫോക്ക്‌ലോര്‍ അക്കാഡമി അവാര്‍ഡ്. തിക്കുറിശ്ശി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങളും തലയലിന് ലഭിച്ചിട്ടുണ്ട്.