ആധുനിക കവിത്രയമാണല്ലോ കുമാരനാശാന്‍, വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ എന്നിവര്‍. ഇവരുടെ കവിതകളിലെ രസാവിഷ്‌കാരത്തെപ്പറ്റി അറിയണ്ടേ?
കാവ്യങ്ങളില്‍ ഇതിവൃത്തവുമായി ചേര്‍ന്നുപോകുന്നതാണല്ലോ രസം. ഭാരതീയാചാര്യന്മാര്‍ രസത്തിനാണ് പ്രാധാന്യം കല്പിക്കുന്നത്. മഹാകവി കുമാരനാശാന്‍ മാന്യത കല്പിച്ചത് ശൃംഗാര രസത്തിനാണ്. ഇതെപ്പറ്റി ഡോ.സി.കെ ചന്ദ്രശേഖരന്‍ നായര്‍ ഇങ്ങനെ എഴുതുന്നു: ”ശൃംഗാരത്തിന്റെ സംയോഗ വിയോഗാവസ്ഥകള്‍ രണ്ടും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്നെങ്കിലും, മാംസനിബദ്ധമല്ല രാഗം എന്നു പ്രഖ്യാപിക്കുന്ന വിപ്രലംഭത്തിലായിരുന്നു അധികം ആധിപത്യം. വള്ളത്തോള്‍ ശൃംഗാരം, വീരം, വാത്സല്യം എന്നീ രസഭാവങ്ങളില്‍ ഒരുപോലെ മികവു പ്രകടിപ്പിച്ചു. ശൃംഗാരത്തില്‍ സംയോഗാംശത്തിനായിരുന്നു മഹാകവിയില്‍ മിഴിവ്. എറ്റവും ജനപ്രിയമായതിനാല്‍ രസരാജനായി വാഴ്ത്തപ്പെടുന്ന ശൃംഗാരം ഈ രണ്ടു മഹാകവികളെയും സുസമ്മതരാക്കിയപ്പോള്‍ ഉള്ളൂരിന് അതില്‍ അത്ര താല്പര്യമില്ലായിരുന്നു. അദ്ദേഹം ഉത്സാഹത്തിന്റേതായ വീരരസത്തെയാണ് ഇഷ്ടപ്പെട്ടത്. വീരരസാവിഷ്‌കാരത്തില്‍ ഉള്ളൂര്‍ അദ്വിതീയനുമായിരുന്നു. മഹാകാവ്യമായ ‘ഉമാകേരള’ത്തില്‍ ശൃംഗാര കേന്ദ്രിതവും കല്പിതവുമായ ഇതിവൃത്താംശത്തെ പിന്നാക്കം തള്ളിക്കൊണ്ട്, വീരരസ പ്രധാനവും ചരിത്രാധിഷ്ഠിതവുമായ ഇതിവൃത്തഭാഗത്തിനാണ് പ്രാമുഖ്യം നല്‍കിയത്.”
(മലയാള സാഹിത്യനായകന്മാര്‍-മഹാകവി ഉള്ളൂര്‍- കേരളസര്‍വകലാശാല)