സംഘകാലഘട്ടത്തിലെ തമിഴകത്തെ ഭാഷയാണ് ചെന്തമിഴ്. ദ്രാവിഡഭാഷാഗോത്രത്തില്‍ ആദ്യം വികസിച്ച സാഹിത്യഭാഷയായ ചെന്തമിഴിനെയാണ് രാജഭാഷ എന്നു പറയുന്നത്. ഇന്നത്തെ തമിഴ് ഭാഷയുടെ ഒരു പൂര്‍വ്വരൂപമാണിത്. കേരളത്തിലെ വ്യവഹാരഭാഷയ്ക്ക് സ്വന്തമായൊരു സാഹിത്യഭാഷയുണ്ടാവാന്‍ (സ്വതന്ത്ര മലയാളം) ഏറെക്കാലം വേണ്ടിവന്നു. കേരളവും തമിഴ്‌നാടും സമീപപ്രദേശങ്ങളായതുകൊണ്ടും അവ തമ്മിലുള്ള ബന്ധം സ്വാഭാവികമായതുകൊണ്ടും അന്നത്തെ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ചെന്തമിഴിന് സാഹിത്യഭാഷ എന്ന നിലയില്‍ സ്ഥാനം കിട്ടിയിരുന്നു. രാജഭാഷയായ ചെന്തമിഴിലേക്ക് കേരളത്തിലെ വ്യവഹാരഭാഷയുടെ തള്ളിക്കയറ്റമാണ് 9 മുതല്‍ പതിമൂന്നാം നൂറ്റാണ്ടുവരെയുളള ശാസനങ്ങളില്‍ കാണുന്നതെന്ന് ഭാഷാപണ്ഡിതനായ പ്രൊഫ.സി.എല്‍.ആന്റണി നിരീക്ഷിക്കുന്നു.
സംഘകാലകൃതികള്‍ അധികവും രചിച്ചത് ചെന്തമിഴിലാണ്. ഈ കൃതികളില്‍ പ്രധാനപ്പെട്ടവയാണ് തൊല്‍കാപ്പിയം, എട്ടുത്തൊകൈ, പത്തുപ്പാട്ട്, പതിനെണ്‍കീഴ്ക്കണക്ക് എന്നിവ.