ദളനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്ന അര്‍ഥമാണ് ദളിത്. ആദ്യകാലത്ത് മഹാത്മാഗാന്ധിയും മറ്റും ഹരിജനങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്. വിഷ്ണുവിന്റെ മക്കള്‍ എന്ന അര്‍ത്ഥത്തിലായിരുന്നു അത്. പിന്നീടത് ദുഷിച്ച അര്‍ത്ഥത്തില്‍ വ്യവഹരിക്കപ്പെട്ടു തുടങ്ങി. ആ എതിര്‍പ്പ് വന്നതോടെയാണ് വ്യാപകമായി ദളിത് എന്ന് ഉപയോഗിച്ചു തുടങ്ങിയത്. സമൂഹശരീരത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനസമൂഹം തങ്ങളുടെ സ്വത്വബോധവും പ്രതിഷേധവും രേഖപ്പെടുത്തുന്നതിന് സാഹിത്യത്തെ ഉപയോഗിച്ചപ്പോഴാണ് ദളിത് സാഹിത്യമുണ്ടായത്. ജനാധിപത്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ അംബേദ്കര്‍ ദര്‍ശനങ്ങളാണ് ഇതിന് പിന്‍ബലമേകിയത്. അംബേദ്കര്‍ ഇന്ത്യന്‍ ദൈവസങ്കല്പങ്ങളെയും പുരാണങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും നിര്‍ദാക്ഷിണ്യം വിമര്‍ശിച്ചു. അതിന്റെ ചുവടുപിടിച്ച്, പാരമ്പര്യവാദികള്‍ താലോലിച്ചിരുന്ന സാഹിത്യസങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന ദളിത് സാഹിത്യം മഹാരാഷ്ട്രയില്‍ ഉടലെടുത്തു. പല പ്രാദേശിക ഭാഷകളിലും ദളിതരായ എഴുത്തുകാരുണ്ട്. അവരുടെ സാഹിത്യത്തില്‍ അനുഭവങ്ങളുടെ തീക്ഷ്ണതയുണ്ട്.
    മറാഠിഭാഷയിലാണ് ഏറെ സമ്പന്നമായ ദളിത് സാഹിത്യമുള്ളത്. ദളിത് അവബോധമുള്ള ദളിത് എഴുത്തുകാര്‍ ദളിതര്‍ക്കുവേണ്ടി എഴുതുന്നതിനെയാണ് പൊതുവെ ദളിത് സാഹിത്യമെന്ന് പറയുന്നത്. ദളിതരെക്കുറിച്ച് ദളിതരല്ലാത്തവര്‍ എഴുതുന്ന സാഹിത്യത്തെ ദളിത് പക്ഷരചനയെന്ന് വിളിക്കുന്നു. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ചങ്ങമ്പുഴയുടെ വാഴക്കുല, തകഴിയുടെ രണ്ടിടങ്ങഴി തുടങ്ങിയവ ദളിത് പക്ഷ രചനകളാണ്. ആര്‍ച്ച് ഡീക്കന്‍ കോശി 1882ല്‍ പ്രസിദ്ധീകരിച്ച പുല്ലേലിക്കുഞ്ചു എന്ന നോവല്‍ മലയാളത്തില്‍ അത്തരത്തിലുണ്ടായ ആദ്യ കൃതിയാണ്.
     ദളിതരെ തങ്ങളുടെ അടിമത്തം, നിസ്സഹായത, അവഹേളനം, ദാരിദ്ര്യം തുടങ്ങിയവ ബോധ്യപ്പെടുത്തുന്നതാകണം ദളിത് രചനകള്‍ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഈ അവസ്ഥ ദളിതരിലുളവാക്കുന്ന വേദന മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ദളിത് സാഹിത്യത്തിനു കഴിയണം. ആഫ്രിക്കയിലും മറ്റുമുള്ള കറുത്തവരുടെ ബ്ലാക് ലിറ്ററേച്ചര്‍ ചില കാര്യങ്ങളില്‍ നമ്മുടെ ദളിത് സാഹിത്യവുമായി സാമ്യം വഹിക്കുന്നു. ആദിവാസികള്‍ വനാന്തരങ്ങളില്‍ ജീവിച്ചപ്പോള്‍, ദളിതര്‍ നാട്ടില്‍ അടിമത്തത്തില്‍ കഴിഞ്ഞു.
    സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ദളിത് സമൂഹത്തില്‍ വേരൂന്നിയ അംബേദ്കര്‍ ചിന്തകളാണ് ദളിത് സാഹിത്യത്തിനു വഴിയൊരുക്കിയത്. വര്‍ഗീയത, ദാരിദ്ര്യം, വര്‍ഗീയ കലാപങ്ങള്‍, ഹിന്ദുത്വവാദം എന്നിവയെല്ലാം ദളിതരെ തട്ടിയുണര്‍ത്തി. മഹാരാഷ്ട്രയില്‍ 1972ല്‍ ദളിത് പാന്തര്‍ പ്രസ്ഥാനം രൂപീകൃതമായി. ഇതിന്റെ പ്രതിഫലനം ദളിത് സാഹിത്യത്തിലുമുണ്ടായി. ദളിത് എഴുത്തുകാര്‍ ബുദ്ധന്റെയും ഫൂലെയുടെയും അംബേദ്കറുടെയും പാരമ്പര്യത്തെയാണ് പിന്‍പറ്റിയത്. ഇടതുപക്ഷ എഴുത്തുകാരുടെ നേതൃത്വത്തില്‍ 1960കളില്‍ മറാഠിയില്‍ രൂപംകൊണ്ട പുരോഗമന സാഹിത്യ പ്രസ്ഥാനത്തില്‍നിന്നു വേര്‍പെട്ട്, എഴുത്തില്‍ സ്വന്തമായ ഒരിടം ഒരുക്കാന്‍ ദളിത് എഴുത്തുകാരെ പ്രാപ്തരാക്കിയത് അംബേദ്കര്‍ ചിന്തയായിരുന്നു. ബുദ്ധമത സ്വീകരണത്തിലൂടെ ദളിതര്‍ നടത്തിയ സാംസ്‌കാരിക വിപ്ലവമാണ് ദളിത് സാഹിത്യത്തിന്റെ അടിസ്ഥാനം.
    ദളിത് സാഹിത്യത്തിന്റെ ആദ്യ മാതൃകകള്‍ തമാശ, ജല്‍സ തുടങ്ങിയ നാടോടിക്കലാരൂപങ്ങളുടെ പരിഷ്‌കൃത രൂപങ്ങളാണ്. 1920കളില്‍ മഹാരാഷ്ട്രയില്‍ വേരൂന്നിിയ ദളിത് സാഹിത്യ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ എഴുത്തുകാര്‍ ഗോപാല്‍ബാബ വലങ്കര്‍, പണ്ഡിറ്റ് കോണ്ടിറാം, കിഷന്‍ ഫഗോജി ബന്‍സോദ് എന്നിവരാണ്. ദളിതര്‍ അനുഭവിച്ചിരുന്ന ദൈന്യതകളിലേക്ക് ബ്രിട്ടിഷ് ഗവണ്മെന്റിന്റെ ശ്രദ്ധതിരിഞ്ഞത് അങ്ങനെയാണ്. 1950കളുടെ തുടക്കത്തില്‍ സ്ഥാപിതമായ സിദ്ധാര്‍ഥ് സാഹിത്യ സഭയാണ് ദളിത് സാഹിത്യരംഗത്തുണ്ടായ ശക്തമായ മുന്നേറ്റം. ഘനശ്യാം തല്‍വാത്കര്‍ ആണ് ഈ സംഘടനയുടെ സ്ഥാപകന്‍. അംബേദ്കര്‍ സ്ഥാപിച്ച സിദ്ധാര്‍ഥ് കോളജിലെ (മുംബൈ) വിദ്യാര്‍ഥികളായിരുന്നു അംഗങ്ങള്‍. സിദ്ധാര്‍ഥ് സാഹിത്യസംഘത്തില്‍ നിന്നാണ് പിന്നീട് മഹാരാഷ്ട്ര ദളിത് സാഹിത്യ സംഘ് രൂപംകൊണ്ടത്.
    ദളിത് സാഹിത്യസൃഷ്ടിയില്‍ ഏറെയും പ്രകാശിതമായത് പ്രബുദ്ധ ഭാരത് എന്ന ആനുകാലികത്തിലൂടെയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒഫ് ഇന്ത്യയുടെ മുഖപത്രമായിരുന്നു അത്.
1956ല്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ഒരു ദളിത് സാഹിത്യ സമ്മേളനം ആസൂത്രണം ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ അകാല മരണംമൂലം നടന്നില്ല. പ്രഥമ ദളിത് സാഹിത്യ സമ്മേളനം 1958ലാണ് നടന്നത്. ആ സമ്മേളനത്തിലാണ് ആദ്യമായി ദളിത് സാഹിത്യം എന്ന പദം ഉപയോഗിച്ചത്. ആ സമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയമനുസരിച്ച്, ദളിതരാല്‍ എഴുതപ്പെടുന്നതോ, ദളിതരെക്കുറിച്ച് മറ്റുള്ളവര്‍ എഴുതുന്നതോ ആയ മറാഠി സാഹിത്യം ദളിത് സാഹിത്യം എന്ന സവിശേഷനാമത്തില്‍ അറിയപ്പെടണമെന്ന് തീരുമാനിച്ചു. അതിന്റെ സാംസ്‌കാരിക പ്രാധാന്യം മനസ്സിലാക്കി സര്‍വകലാശാലകളും സാഹിത്യസംഘടനകളും അതിന് അര്‍ഹമായ സ്ഥാനം നല്‍കുകയും വേണം. ഈ സമ്മേളനത്തെത്തുടര്‍ന്നുണ്ടായ ദളിത് സാഹിത്യ മുന്നേറ്റങ്ങളില്‍ പ്രധാനപ്പെട്ട കാഴ്ചപ്പാട് ഇവയായിരുന്നു: അംബേദ്കറിസത്തോടൊപ്പം മാര്‍ക്‌സിസത്തിന്റെയും അടിത്തറയില്‍ നിന്നുവേണം ദളിത് സാഹിത്യ രചന നിര്‍വഹിക്കേണ്ടത്. ദളിത് സാഹിത്യ രചനയ്ക്ക് അവലംബമാക്കേണ്ടത് ബൗദ്ധ സാഹിത്യത്തെയാണ്.
    1960കളില്‍ മറാഠി സാഹിത്യത്തിലുണ്ടായ പല പ്രവണതകളും ദളിത് സാഹിത്യത്തിന്റെ ഗതിവേഗം കൂട്ടി. അക്കൂട്ടത്തില്‍ നാരായണ്‍ സുര്‍വേയുടെ കവിതകള്‍, ക്ഷുഭിത യൗവനങ്ങളെ ചിത്രീകരിച്ച കഥകള്‍, അണ്ണ ഭാവു സാഥേയുടെയും ശങ്കര്‍ റാവു ഖരത്തിന്റെയും രചനകള്‍, ലിറ്റില്‍ മാഗസിനുകള്‍ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദളിത് സാഹിത്യത്തിന്റെ കരുത്ത് വ്യക്തമാക്കിയ ശക്തമായ രചന ബാബുറാവു ബാഗുലിന്റെ ചെറുകഥകളാണ്. അദ്ദേഹത്തിന്റെ 'വെന്‍ ഐ ഹാഡ് കണ്‍സീല്‍ഡ് മൈ കാസ്റ്റ്' എന്ന ചെറുകഥാ സമാഹാരം മറാഠി സാഹിത്യത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. വാങ്കഡെയാണ് ദളിത് സാഹിത്യ പ്രസ്ഥാനത്തെ തുടര്‍ന്ന് നയിച്ച വ്യക്തി. 1967 ഏപ്രില്‍ 30ന് ബൗദ്ധ സാഹിത്യ പരിഷത് സമ്മേളനത്തില്‍ വച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ദളിത് സാഹിത്യത്തിന് കുറച്ചുകൂടി ദിശാബോധം നല്‍കി. ഔറംഗബാദില്‍ അംബേദ്കര്‍ സ്ഥാപിച്ച മിലിന്‍ദ് കോളജിലെ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. ഈ കോളജിലെ വിദ്യാര്‍ഥികള്‍ രൂപീകരിച്ച മിലിന്‍ദ് സാഹിത്യ പരിഷത്തും പരിഷത് പ്രസിദ്ധീകരിച്ച അസ്മിത (പിന്നീട് അസ്മിതാദര്‍ശ) എന്ന മാസികയും ദളിത് സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കി.
    70കളുടെ തുടക്കത്തില്‍ ദളിത് പാന്തേഴ്‌സ് എന്ന പ്രസ്ഥാനത്തിന്റെ പിറവിയുണ്ടായി. നാമ്ദിയെ ദാസല്‍, അര്‍ജുന്‍ ഡാന്‍ ഗ്ലെ, ജെ.വി. പവ്വാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1972 ജൂണ്‍ 9ന് ദളിത് പാന്തേഴ്‌സ് നിലവില്‍വന്നു. ആ വര്‍ഷത്തെ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചു. അതിലെ മുന്‍നിര പ്രവര്‍ത്തകര്‍ ഏറെയും ദളിത് സാഹിത്യകാരന്മാരായിരുന്നു. 80കളുടെ തുടക്കത്തില്‍ ദളിത് സാഹിത്യത്തിന് സാര്‍വത്രികമായ അംഗീകാരം ലഭിച്ചു. മഹാരാഷ്ട്രയിലെ ഏതാനും ദളിത് സാഹിത്യകാരന്മാര്‍ക്ക് സംസ്ഥാന സാഹിത്യ പുരസ്‌കാരങ്ങള്‍ ലഭിച്ചു. സ്‌കൂളുകളിലും കലാശാലകളിലും ദളിത് സാഹിത്യ രചനകള്‍ പഠിപ്പിച്ചു തുടങ്ങി. ദളിത് സാഹിത്യ രചനകളുടെ വിവര്‍ത്തനങ്ങളുമുണ്ടായി. ഈ കാലത്താണ് മറാഠിഭാഷയില്‍ നിന്ന് ദളിത് സാഹിത്യം ഇതര ഭാഷകളിലേക്ക്  പോയത്.
    ഹിന്ദി, തമിഴ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ദളിത് സാഹിത്യം വളരാന്‍ തുടങ്ങി. തമിഴ്‌നാട്ടില്‍ മൂന്ന് ശതമാനം ബ്രാഹ്മണരേ ഉള്ളൂ എങ്കിലും എഴുത്തുകാരില്‍ മുക്കാല്‍ പങ്കും അവരാണ്. ഇരുപത് ശതമാനത്തോളമുള്ള ദളിതരില്‍ എഴുത്തുകാര്‍ വളരെ കുറവായിരുന്നു. ഗുജറാത്തിലെ ആദ്യത്തെ പ്രധാന ദളിത് കവി ബിപിന്‍ ഗോഹെല്‍ (1927) ആണ്. ഗുജറാത്തിലെ മറ്റൊരു ദളിത് കവിയായ കിഷന്‍ സോസ സൂററ്റിലെ ഒരു ചാളയിലായിച്ചു.തന്റെ കവിതയെ പാതാളഗംഗയെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. കന്നഡയിലെ പ്രശസ്ത എഴുത്തുകാരനായ ദേവനൂരു മഹാദേവയ്ക്കും മറ്റു പല ദളിത് എഴുത്തുകാര്‍ക്കും യഥാര്‍ഥ ജീവിതവും സാഹിത്യജീവിതവും അത്യന്തം സംഘര്‍ഷഭരിതമായിരുന്നു.
    ദളിത് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യരൂപം ആത്മകഥയാണ്. ഹിന്ദിയിലെ ഓം പ്രകാശ് വാല്മീകിയുടെ ഝൂഠന്‍ (എച്ചില്‍) വളരെ പ്രസിദ്ധമായി. ഉത്തര്‍പ്രദേശിലെ ഒരു തോട്ടിച്ചേരിയില്‍ എച്ചില്‍ തിന്ന് ബാല്യം കഴിച്ച ഗ്രന്ഥകാരന്റെ ആത്മകഥയാണിത്. ഝൂഠനിലെ ജീവിത സത്യങ്ങള്‍ പൊള്ളുന്നവയാണ്. തോട്ടിപ്പണിയും തോല്‍പ്പണിയും കുലവൃത്തിയാക്കിയ ജാതിയാണ് വാല്മീകി. ഡോ. കാഞ്ച എലൈയ്യയുടെ ഇംഗ്ലീഷ് കൃതികളും (വൈ അയാം നോട്ട് എ ഹിന്ദു, ബഫല്ലോ നാഷണലിസം) ഈ തലത്തില്‍ ശക്തങ്ങളാണ്. ജാതിവ്യവസ്ഥയുടെ അപമാനവും ദാരിദ്ര്യവും എങ്ങനെ ഒരു ദളിതനെ പിന്തുടരുമെന്നതിന്റെ ദൃഷ്ടാന്തമാണ് നാസിക്കിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി അംഗമായ ശരണ്‍കുമാര്‍ ലിംബാലെയുടെ ജീവിതം. അച്ഛന്‍ ഉയര്‍ന്ന ജാതിയായ പാട്ടീല്‍ വംശജനാണെങ്കിലും അമ്മ താണ ജാതിയായ മഹര്‍ (തോട്ടി) ആയിരുന്നതുകൊണ്ട് ശരണിന്റെ ബാല്യം ദുരിതപൂര്‍ണമായിരുന്നു. മറാഠിയിലെഴുതിയ അദ്ദേഹത്തിന്റെ അക്കര്‍മാശി (ദി ഔട്ട്കാസ്റ്റ്) എന്ന ആത്മകഥ വളരെ പ്രശസ്തമാണ്. ഉചല്യ, ഹിന്ദു എന്നീ നോവലുകളും ലിംബാലെയെ പ്രശസ്തനാക്കി. തമിഴിലെ ശിവകാമി ഈ രംഗത്ത് നേരത്തേ പ്രശസ്തയായി. പാമയുടെ ആത്മകഥാ നോവലായ 'കരുക്ക്' വളരെ ശ്രദ്ധേയമായി. ഒരു ദളിത് സ്ത്രീയുടെ യഥാര്‍ഥ അനുഭവ കഥനമാണിത്. തമിഴിലെ ആദ്യത്തെ യഥാര്‍ഥ ദളിത് കൃതിയാണിത്. മലയാളത്തിലെ ആദ്യത്തെ ദളിത് സാഹിത്യകൃതിയായി പരിഗണിക്കപ്പെടുന്നത് ആര്‍ച്ച് ഡീക്കന്‍ കോശി രചിച്ച 'പുല്ലേലിക്കുഞ്ചു' എന്ന നോവലാണ്. പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ടി.കെ.സി. വടുതല, കവിയൂര്‍ മുരളി, ഡി.രാജന്‍, പോള്‍ ചിറക്കരോട്, നാരായന്‍ . പരേതനായ പി.യു. ഉത്തമന്‍ തുടങ്ങിയവരുടെ രചനകള്‍ യഥാര്‍ഥ ദളിത് രചനകളാണ്. രാഘവന്‍ അത്തോളി, എസ്.ജോസഫ്, സി. അയ്യപ്പന്‍, എം.ആര്‍. രേണുകുമാര്‍, എം.ബി. മനോജ് തുടങ്ങി അനേകം യുവ എഴുത്തുകാരും മലയാളത്തിലെ ദളിത് സാഹിത്യരംഗത്ത് സജീവമാണ്.