1930കളില്‍ സാഹിത്യരംഗത്തുണ്ടായ സാഹിത്യ വിമര്‍ശന സമ്പ്രദായമാണ് നവവിമര്‍ശനം. 1944ല്‍ പുറത്തിറങ്ങിയ ജോണ്‍ ക്രോ റാന്‍സമിന്റെ 'ദ് ന്യൂ ക്രിട്ടിസിസം'എന്ന കൃതി ഇതിന് ആധുനിക മാനങ്ങള്‍ നല്‍കി. 1930 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കന്‍ സാഹിത്യരംഗത്ത് നിറഞ്ഞുനിന്നിരുന്നത് നവീന നിരൂപണശാഖയായിരുന്നു. ഒരു അമേരിക്കന്‍ പ്രതിഭാസമായി കണക്കാക്കാമെങ്കിലും ഈ മേഖലയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത് ബ്രിട്ടീഷുകാരാണ്. നവവിമര്‍ശനരംഗത്ത് ടി.എസ്.എലിയറ്റ്, റിച്ചാര്‍ഡ്‌സ്, റാന്‍സം തുടങ്ങിയവരുടെ സംഭാവനകള്‍ എടുത്തു പറയത്തക്കതാണ്.

1930കളില്‍ കേംബ്രിഡ്ജിനെ വിമര്‍ശനരംഗത്തെ ഒരു അക്കാദമിക് കേന്ദ്രമാക്കുന്നതില്‍ ഐ.എ. റിച്ചാര്‍ഡ്‌സ് വഹിച്ച പങ്ക് വിലപ്പെട്ടതാണ്. അവിടത്തെ അധ്യാപകനായിരുന്ന റിച്ചാര്‍ഡ്‌സ് നവവിമര്‍ശനത്തിന് സൈദ്ധാന്തിക അടിത്തറ നല്‍കി.നവവിമര്‍ശനശാഖയില്‍ ടി.എസ്. എലിയറ്റിന്റെ സ്ഥാനം നിര്‍ണായകമാണ്. പരമ്പരാഗത സാഹിത്യനിരൂപണത്തെ ആധുനികവത്കരിക്കുകയാണ് എലിയറ്റ് ചെയ്തത്. ജെയിംസ് ജോയ്‌സ്, എസ്‌റാ പൗണ്ട്, ടി.എസ്. എലിയറ്റ് തുടങ്ങിയവര്‍ വ്യവസ്ഥാപിത നിരൂപണത്തെ എതിര്‍ത്തു. റിച്ചാര്‍ഡ്‌സിന്റെ ശിഷ്യനായിരുന്ന വില്യം എംപ്‌സണ്‍ ഈ രംഗത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന വ്യക്തിയാണ്. സെവന്‍ ടൈപ്‌സ് ഒഫ് ആംബിഗ്വിറ്റി (1930) എന്ന കൃതിയിലൂടെ റിച്ചാര്‍ഡ്‌സിന്റെതന്നെ സിദ്ധാന്തങ്ങളില്‍ നിന്നെടുത്ത ആശയങ്ങള്‍ വഴി കവിതയെ അദ്ദേഹം സൂക്ഷ്മമായി അപഗ്രഥിച്ചു.

    'നവീന നിരൂപണം അഥവാ നവവിമര്‍ശനം' എന്ന വാക്ക് സ്വീകരിച്ചിരിക്കുന്നത് ജോണ്‍ ക്രോ റാന്‍സമിന്റെ ദ് ന്യൂ ക്രിട്ടിസിസം (1941) എന്ന കൃതിയില്‍ നിന്നാണ്. റാന്‍സമിനെക്കൂടാതെ ഈ മേഖലയുമായി ബന്ധപ്പെട്ട് എടുത്തു പറയത്തക്ക പേരുകള്‍ ആര്‍.പി. ബ്‌ളാക്മൂര്‍, ക്‌ളെന്‍ത് ബ്രൂക്ക്‌സ്, അലന്‍ ടെയ്റ്റ്, റോബര്‍ട്ട് പെന്‍ വാറന്‍, ഡബ്‌ള്യു.കെ. വിംസാറ്റ് എന്നിവരാണ്. നവീന നിരൂപകര്‍ കവിതയെ മനഃശാസ്ത്രത്തില്‍നിന്നും വേര്‍തിരിച്ച് സ്വതന്ത്രമായ നിലനില്പുള്ള വാക്കുകളുടെ ഒരു ഘടനയാക്കി മാറ്റി. മികച്ച കവിതയെന്നാല്‍ അര്‍ഥം, ഘടന, രൂപം എന്നിവയുടെ കൂടിച്ചേരലാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നും വേര്‍തിരിക്കാനാവില്ല. നവീന നിരൂപകരെ രൂപഭദ്രതാവാദികള്‍ എന്നു വിളിക്കാറുണ്ട്. എന്നാല്‍ ഇവര്‍ റഷ്യന്‍ രൂപഭദ്രതാവാദികളില്‍ നിന്നും തികച്ചും വ്യത്യസ്തരാണ്. റഷ്യന്‍ രൂപഭദ്രതാവാദികള്‍ അര്‍ഥത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. അവര്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് ഉള്ളടക്കമാണ്. 1951ല്‍ പ്രസിദ്ധീകരിച്ച 'ദ് ഫോര്‍മലിസ്റ്റ് ക്രിട്ടിക്ക്' എന്ന ലേഖനത്തിലൂടെ രൂപം തന്നെയാണ് അര്‍ഥം എന്ന് ക്‌ളെയന്ത് ബ്രൂക്ക്‌സ് അവകാശപ്പെടുന്നു. പരമ്പരാഗതരീതിയനുസരിച്ച് താളം, വൃത്തം, ഘടന, സാഹിത്യരൂപം എന്നിവയെ അടിസ്ഥാനമാക്കിയാണ് രൂപം നിശ്ചയിക്കുന്നത്. എന്നാല്‍ നവീന നിരൂപണത്തില്‍ രൂപമെന്നത് എല്ലാ വസ്തുക്കളുടെയും നൈസര്‍ഗികമായ കൂടിച്ചേരലാണ്. നിരൂപണത്തിന്റെ കര്‍ത്തവ്യം ഇതിനെ പുറത്തേക്ക് കൊണ്ടുവരികയെന്നതാണ്. അര്‍ഥത്തെ കൃതിയോട് ശക്തമായി ഉറപ്പിച്ചിരിക്കുകയാണ്. ഇതിനെ പുറത്തേക്ക് കൊണ്ടുവരികയെന്നതാണ് നിരൂപകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് പരാവര്‍ത്തനത്തിനും അപ്പുറത്താണ്.

    ആദ്യകാല നവീന നിരൂപകര്‍ എലിയറ്റിന്റെ സാഹിത്യചിന്തയെ അംഗീകരിക്കുന്നവരായിരുന്നു. കൂടാതെ അനുഭവാവബോധത്തിന്റെ വിയുക്തിയെ ബാധിക്കാത്ത എഴുത്തിനെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. നിരൂപകര്‍ ഈ മേഖലയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വസ്തുക്കളുടെ ഏകത്വത്തെ പ്രകടിപ്പിക്കുകയെന്നതാണ്.വൈരുദ്ധ്യാത്മകതയും വ്യത്യസ്തതയുമൊക്കെ സംഗമിക്കുന്ന രൂപഭദ്രതാവാദത്തിലേക്ക് നവവിമര്‍ശനരംഗത്തുള്ളവര്‍ക്ക് കൂടുതല്‍ താത്പര്യം തോന്നാന്‍ അവരുടേതായ സാംസ്‌കാരിക കാരണങ്ങളുണ്ട്. മിക്കവാറും എല്ലാ അമേരിക്കന്‍ നവീന നിരൂപകരും രാഷ്ട്രീയ കാഴ്ചപ്പാടിന്റെ കാര്യത്തില്‍ യാഥാസ്ഥിതികരാണ്. ഇപ്രകാരമുള്ള കൃതികളില്‍വച്ച് ഏറ്റവും മികച്ചു നില്‍ക്കുന്നത് ടി.എസ്. എലിയറ്റിന്റെ ദ് വെയ്സ്റ്റ് ലാന്‍ഡ് എന്ന കൃതിയാണ്. ബി. യീറ്റ്‌സിന്റെ 'ദ് സെക്കന്‍ഡ് കമിങ്' മറ്റൊരുദാഹരണമാണ്. മനുഷ്യന്റെ ഭാവന വ്യത്യസ്തമാകുന്നത് കവിതയിലൂടെയാണ്. വൈരുദ്ധ്യാത്മകതയ്ക്കും തത്ത്വശാസ്ത്രത്തിനും വിഭാഗീയ ചിന്തയ്ക്കുമൊക്കെ മേല്‍ മനുഷ്യന്റെ ഭാവന വിജയം നേടുന്നത് കവിതയിലൂടെയാണ്.
    നവവിമര്‍ശകര്‍ ഭാഷയെ ചരിത്രപരമായ പ്രതിഭാസമായാണ് അംഗീകരിക്കുന്നത്. കടലാസ്സില്‍ എഴുത്തുകാരന്‍ എന്തെഴുതുന്നു എന്നതാണ് വായനക്കാരന്‍ പരിഗണിക്കുന്നത്. എഴുത്തുകാരന്‍ എന്തര്‍ഥത്തിലാണെഴുതിയതെന്നതിന് പ്രസക്തിയില്ല. നിരൂപകര്‍ വ്യക്തിഗതമായ പ്രതികരണങ്ങളിലെ വ്യത്യസ്തത പരിഗണിച്ചിരുന്നില്ല.നവവിമര്‍ശകര്‍ ആത്യന്തികമായി അമേരിക്കന്‍ അക്കാദമിക് മേഖലയെ അടക്കി വാണിരുന്നു. ജോണ്‍ ക്രോ റാന്‍സം 1937ല്‍ എഴുതിയ 'ക്രിട്ടിസിസം ഇന്‍ക്' എന്ന ലേഖനത്തില്‍ സാഹിത്യ അധ്യാപകരെ നിശിതമായി വിമര്‍ശിക്കുന്നു. അധ്യാപകര്‍ യഥാര്‍ഥ നിരൂപകരല്ലെന്ന് വാദിക്കുന്നു. ഭാവിയിലെ വിദ്യാര്‍ഥികളെ 'സാഹിത്യ നിരൂപണം' പഠിപ്പിക്കണം, അല്ലാതെ കേവല സാഹിത്യമല്ല പഠിക്കേണ്ടത്. ചരിത്രപരമായ അറിവിനെക്കാള്‍ സൂക്ഷ്മമായ വായനയ്ക്ക് പ്രാധാന്യം നല്‍കുകയും അധ്യാപകരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും വേണം. സാഹിത്യ പഠനമേഖലയില്‍ തങ്ങള്‍ക്ക് പ്രമുഖമായ സ്ഥാനമുണ്ടെന്ന് മനസ്സിലാക്കാന്‍ വിദ്യാര്‍ഥികളെ നവീന സാഹിത്യനിരൂപണം സഹായിക്കും.
നവവിമര്‍ശനത്തിന് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പ്രാധാന്യം ലഭിച്ചു തുടങ്ങിയതോടെ കാലക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമാകാനും തുടങ്ങി. 1950-60 കാലഘട്ടത്തിലെ നവീന നിരൂപണം പരിശോധിച്ചാല്‍ വിരോധാഭാസം (paradox), അനിശ്ചിതാര്‍ഥം (ambigutiy), വിപരീതാര്‍ഥം (irony) എന്നിവയ്ക്ക് വളരെക്കുറച്ച് പ്രാധാന്യം മാത്രമേ നല്കിയിരുന്നുള്ളു എന്നു കാണാം. കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നത് വിഷയഘടനയ്ക്കുള്ളില്‍ നിന്നും പുസ്തകത്തെ സംയോജിപ്പിക്കുന്നതിനായിരുന്നു. ജോണ്‍ എം. എല്ലിസ് തിയറി ഒഫ് ലിറ്റററി ക്രിട്ടിസിസം (1974) എന്ന പുസ്തകത്തില്‍ പല പ്രധാന നവീന നിരൂപണ ചിന്തകളെയും പ്രതിരോധിച്ചു.