ഭാഷയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സംഭാഷണഭാഷയോട് വളരെ അടുത്തും കൃത്രിമത കുറഞ്ഞതുമായ നാടന്‍പാട്ടുകള്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന്  പച്ചമലയാള ശാഖ എന്നോ ശുദ്ധമലയാള ശാഖ എന്നോ പേരു നല്‍കാം. സാധാരണക്കാര്‍ക്കും അവരുടെ ഭാഷയ്ക്കും സാഹിത്യത്തിനും വിലയുണ്ടായത് ആധുനിക കാലത്താണല്ലോ. മുമ്പൊക്കെ തമ്പുരാന്‍ ഭാഷ ശ്രേഷ്ഠവും പുലയഭാഷ നീചവുമായിരുന്നു. പഴയകാലത്ത് പച്ച മലയാള കൃതികള്‍ക്ക് ഗൗരവമോ സ്ഥാന മാന്യതയോ ലഭിക്കാതിരുന്നതില്‍ അത്ഭുതമില്ല.

തമിഴ്മിശ്ര ശാഖ
തമിഴ് സാഹിത്യ രീതിയും തമിഴ് ഭാഷയും മലയാളത്തോടു കലര്‍ത്തിയുളള ഒരു മിശ്രഭാഷാ സാഹിത്യം. ഇതാണ് 'രാമചരിതം' ഉള്‍പ്പെടുന്ന പാട്ടു പ്രസ്ഥാനം.
(പാട്ട് പ്രസ്ഥാനം കാണുക.)

സംസ്‌കൃതമിശ്ര ശാഖ
സംസ്‌കൃത ഭാഷ മലയാളത്തില്‍ ഇടകലര്‍ത്തി സംസ്‌കൃത സാഹിത്യ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചുളള മറ്റൊരു ഭാഷാ മിശ്രണ സാഹിത്യമാണ് സംസ്‌കൃത മിശ്ര ശാഖ. മണിപ്രവാള പ്രസ്ഥാനം എന്നറിയപ്പെടുന്നതും ഇതാണ്.
(മണിപ്രവാള പ്രസ്ഥാനം കാണുക.)

പച്ചമലയാളപ്രസ്ഥാനം

    സാഹിത്യഭാഷയില്‍ സംസ്‌കൃതത്തിന്റെ അതിപ്രസരമുണ്ടായപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന ആശയമാണ് പച്ചമലയാളം. അന്യഭാഷാപദങ്ങള്‍, പ്രത്യേകിച്ച് സംസ്‌കൃതപദങ്ങള്‍ കലരാത്ത മലയാള ഭാഷപ്രസ്ഥാനം. കാവ്യഭാഷയും കാവ്യരൂപവും ഒരളവില്‍ കേരളീയമാകാന്‍ ഇതുതകി. പത്തൊമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ് തനി മലയാളത്തില്‍ ആദ്യം ഒരു കൃതി എഴുതിയത്. പച്ചമലയാളപ്രസ്ഥാനം തുടങ്ങുന്നത് അങ്ങനെയാണ്. ചേലപ്പറമ്പു നമ്പൂതിരി, വെണ്മണി അച്ഛന്‍ നമ്പൂതിരിപ്പാട്, വെണ്മണി മഹന്‍ നമ്പൂതിരിപ്പാട്, നടുവത്തച്ഛന്‍ നമ്പൂതിരി, ഒറവങ്കര നാരായണന്‍ നമ്പൂതിരി, ശീവൊള്ളിനാരായണന്‍ നമ്പൂതിരി, കാത്തുള്ളില്‍ അച്യുതമേനോന്‍, കുറൂര്‍ നാരായണമേനോന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, മൂലൂര്‍ പത്മനാഭപ്പണിക്കര്‍ തുടങ്ങിയവരാണ് അതിലെ പ്രമുഖകവികള്‍. സുമംഗല പച്ചമലയാളം നിഘണ്ടു തയ്യാറാക്കിയിട്ടുണ്ട്. വെണ്മണിക്കവികള്‍ ഈ തരത്തില്‍ കൂടുതല്‍ എഴുതാന്‍ തുടങ്ങിയതിനുശേഷം വെണ്മണി പ്രസ്ഥാനം എന്നും ഇത് അറിയപ്പെട്ടിരുന്നു.
    ഏകദേശം ഒരു നൂറ്റാണ്ടിനു മുന്‍പ് രണ്ട് കലാകാരന്മാര്‍ തമ്മിലുണ്ടായ വാദപ്രതിവാദമാണ് ഈ പ്രസ്ഥാനത്തിപന് വഴിവച്ചത്. വിദ്യാവിനോദിനി മാസികയുടെ ജനയിതാവായ സി.പി. അച്യുതമേനോനും അതിനെ എതിര്‍ത്ത കവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ആയിരുന്നു അവര്‍.സംസ്‌കൃതപദങ്ങള്‍ തീരെ ഉപേക്ഷിച്ച് ഒന്നോ രണ്ടോ ശ്ലോകങ്ങള്‍ രചിക്കുക എന്നതില്‍ കവിഞ്ഞ് ഒരു കാവ്യം പൂര്‍ണ്ണമായും രചിക്കുക അസാദ്ധ്യമാണെന്ന് അച്യുതമേനോനും അത് സാദ്ധ്യമാണെന്ന് തമ്പുരാനും വാദിച്ചു. വാദം സമര്‍ത്ഥിക്കുന്നതിനായി നല്ല ഭാഷ എന്ന ഒരു കാവ്യം നിര്‍മ്മിച്ച് കൊ.വ.1066ല്‍ വിദ്യാവിനോദിനിയില്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിന്റേത് മാത്രമായ ഒരു രീതി അവലംബിക്കണമെന്നതില്‍ കവിഞ്ഞ് സംസ്‌കൃതഭാഷയോടുള്ള അവഗണനയായിരുന്നില്ല ഇത്തരമൊരു പ്രസ്ഥാനം രൂപം കൊള്ളാന്‍ കാരണമായത്. മലയാളഭാഷയെ അതിന്റെ നൈസര്‍ഗ്ഗികസൗന്ദര്യത്തോടെ അവതരിപ്പിച്ച വെണ്മണിപ്രസ്ഥാനം രൂപം കൊണ്ടതും ശക്തിപ്പെട്ടതും ഇക്കാലത്തായിരുന്നു. പച്ചമലയാള ശൈലിയോടൊപ്പം ദ്രുതകവനതയും ഈ കവികള്‍ പ്രയോഗിച്ചിരുന്നു.
    കുഞ്ഞിക്കുട്ടന്‍ തമ്പുരാനെത്തുടര്‍ന്ന് പലകവികളും രംഗത്ത് വന്നെങ്കിലും അവരില്‍ പ്രമുഖന്‍ കുണ്ടൂര്‍ നാരായണ മേനോനായിരുന്നു. നാലു ഭാഷാകാവ്യങ്ങള്‍ എന്ന പേരില്‍ സമാഹരിക്കപ്പെട്ട കോമപ്പന്‍, ശക്തന്‍ തമ്പുരാന്‍, പാക്കനാര്‍, കണ്ണന്‍ എന്നീ കൃതികള്‍ ഈ രീതിയില്‍ രചിക്കപ്പെട്ടവയാണ്. വടക്കന്‍ പാട്ടിലെ വീരസാഹസികനായ പാലാട്ട് കോമന്റെ കഥപറയുന്നതാണ് കോമപ്പന്‍. ശുദ്ധമായ മലയാള പദങ്ങള്‍ എത്ര ഹൃദ്യമായ വിധത്തില്‍ ഉപയോഗിക്കാം എന്ന് ഈ കവിത തെളിയിക്കുന്നു.    
    കൊച്ചിദേശക്കരനായ ഒരു നമ്പൂതിരി സാമൂതിരിയുടെ ദേശത്തുചെല്ലുകയും അവിടെയുള്ള ഒരു അമ്പലത്തില്‍ ശാന്തിക്കാരനാവുകയും ചെയ്തു. അമ്പലത്തിനരുകില്‍ കുഴിച്ചിട്ടിരുന്ന തന്റെ സമ്പാദ്യം മോഷണം പോയതറിഞ്ഞ് സാമൂതിരിയോട് സങ്കടം ഉണര്‍ത്തിക്കുന്നതാണ് സന്ദര്‍ഭം. കാര്യം മസ്സിലാക്കിയ രാജാവാകട്ടെ പുഴുക് എന്ന സുഗന്ധദ്രവ്യം നമ്പൂതിരിക്ക് നല്‍കുകയും തുടര്‍ന്ന് മോഷ്ടാവിനെ കണ്ടെത്തിയെന്നുമാണ് കഥ.

ആരോടെല്ലാം പറഞ്ഞൂ പണമിവിടെയിരു
പ്പുള്ളതാരോടുമില്ലേ?

നേരോ?നേരാണ്,ചൊവ്വല്ലിത് ചെറിയൊരക
ത്താളൊടുവ്വായിരിക്കാം

പോരും നേരാണിതെന്നാല്പ്പറവത് വെറുതേ;
പോയതോ പോയിടട്ടേ;

പൂരത്തിന്‍നാള്‍ വരൂ നോക്കൊരുമയോടൊരു വേ
ളയ്ക്ക് വേലയ്ക്ക് പോകാം

കോമപ്പനിലെ ഒരു ശ്ലോകം. കോമന്‍ തന്റെ പ്രിയതമയായ ഉണ്ണിയമ്മയോട് പറയുന്ന വാക്കുക്കള്‍

തേടിക്കയര്‍ത്തു പടയില്‍ പലര്‍ കൂടിവന്നാല്‍
കൂടിക്കരുത്തുടയ കയ്യിതു കൂസുകില്ല

മോടിക്കുവേണ്ടിതരവാളിതെടുത്തതല്ല
പേടിക്കവേണ്ട പിടമാന്‍ മിഴി തെല്ലുപോലും