ലീലാതിലകം എന്ന മണിപ്രവാള ലക്ഷണഗ്രന്ഥത്തില്‍ പാട്ടിനെക്കുറിച്ചും ആനുഷംഗികമായി പരാമര്‍ശിക്കുന്നു. ലീലാതിലകം പാട്ടിന് നല്‍കുന്ന നിര്‍വ്വചനം ഇതാണ്ഃ
'ദ്രമിഡ സംഘാതാക്ഷര നിബദ്ധം
എതുകമോന വൃത്തവിശേഷയുക്തം പാട്ട്'
ഇതിനെ ഉദാഹരിക്കാന്‍ ലീലാതിലകകാരന്‍ ഒരു വിഷ്ണുസ്തുതി നല്‍കിയിരിക്കുന്നുഃ
തരതലന്താനളന്താ പിളന്താ പൊന്നന്‍
തനകചെന്താര്‍ വരടന്താമല്‍വാണന്‍ തന്നെ
കരമരിന്താ പൊരുന്താനവന്മാരുടെ
കരളെരിന്താ പുരാനേ മുരാരി കിണാ
ഒരു വരന്താ പരന്താമമേ നീ കനി-
ന്തുരകചായീ പിണിപൗവ്വം നീന്താവണ്ണം
ചിരതരം താള്‍ പണിന്തേനയ്യാ താങ്കെന്നെ
തിരുവനന്തപുരം തങ്കുമാനന്തനേ…
തമിഴക്ഷരമാലയിലെ ശബ്ദങ്ങള്‍ മാത്രം ഉപയോഗിച്ചുള്ളതായിരിക്കണം പാട്ട്. സംസ്‌കൃതത്തില്‍ നിന്ന് പദങ്ങള്‍ സ്വീകരിക്കുമ്പോള്‍ തത്ഭവ രീതിയില്‍ മാറ്റണം.
ഉദാ: തര       –      ധരാ (സംസ്‌കൃതം)
     വാണന്‍   –     ബാണ (,,)
     താനവന്‍  –     ദാനവ
     കിണ      –     കൃഷ്ണ
     താമം      –     ധാമ (,,)
മലയാള പദങ്ങളെ തമിഴീകരിക്കുന്നു
ഉദാ: അളന്ത    –    അളന്ന(മലയാളം)
     താങ്കും     –    താങ്ങും
     വിളന്ത     –    വിളഞ്ഞ
     കനിന്തു    –    കനിഞ്ഞു
തമിഴില്‍ 'എതുക' എന്നു പറയുന്നത് സംസ്‌കൃതത്തിലും മലയാളത്തിലുമുളള ദ്വിതീയാക്ഷര പ്രാസത്തിനു സമാനമാണ്. എതുകയില്‍ ഓരോ അടിയുടെയും രണ്ടാമത്തെ അക്ഷരം ആവര്‍ത്തിക്കുമെന്നു മാത്രമല്ല അതിന്റെ മാത്രയും ഒരേതരത്തില്‍ ഇരിക്കണം.
ഓരോ പാദവും രണ്ടു ഭാഗങ്ങളായി തിരിച്ചു നോക്കുമ്പോള്‍ രണ്ടു ഭാഗങ്ങളിലേയും ആദ്യാക്ഷരം  യോജിച്ചു വന്നാല്‍ ആ പ്രാസത്തിനാണ് മോന (തമിഴില്‍ മോനൈ) എന്നു പറയുന്നത്.
സാധാരണ മണിപ്രവാളത്തില്‍നിന്ന് ഭിന്നമായ ഒരു ജാതിയില്‍പ്പെട്ടതാണ് 'വൃത്തവിശേഷം'.വസന്തതിലകം, ശാര്‍ദ്ദൂലവിക്രീഡിതം, മാലിനി തുടങ്ങിയ സംസ്‌കൃതവൃത്തങ്ങളാണ് മണിപ്രവാളത്തില്‍ ഉപയോഗിക്കുന്നത്. പാട്ടില്‍ ദ്രാവിഡവൃത്തങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.
പ്രാസം, വൃത്തം, വര്‍ണ്ണസ്വരൂപം എന്നിങ്ങനെ മിക്ക കാര്യങ്ങളിലും പാട്ടുസാഹിത്യം തമിഴ് സാഹിത്യത്തിന്റെ പാരമ്പര്യം കൃത്യമായി അനുകരിക്കുന്നു.  വ്യാകരണ വിഷയത്തിലും തമിഴിന്റെ സ്വാധീനശക്തി പാട്ടില്‍ കാണുന്നു.
    എ.ഡി.1300 നും 1500നും ഇടയ്ക്ക് ഉത്ഭവിച്ച പാട്ടുകൃതികളിലെല്ലാമുളള ഇതിവൃത്തങ്ങള്‍ പൗരാണികങ്ങളാണ്. ആദികാവ്യമായ വാല്മീകീരാമായണം, വ്യാസഭാരതം, 18 പുരാണങ്ങള്‍, മഹാഭാഗവതം തുടങ്ങിയവയെ ആശ്രയിച്ച് രചിച്ച കൃതികളാണ് ഏറെയും.സംസ്‌കൃതത്തില്‍ നിന്നുണ്ടായ ചമ്പു, സന്ദേശകാവ്യം, മഹാകാവ്യം തുടങ്ങിയ സാഹിത്യപ്രസ്ഥാനങ്ങളില്‍ മാത്രമല്ല തുളളല്‍, കിളിപ്പാട്ട്, ആട്ടക്കഥ, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട് തുടങ്ങിയ നാടന്‍സാഹിത്യ പ്രസ്ഥാനങ്ങളിലും ഇതിവൃത്തപരവും കവിസങ്കേതപരവുമായ പുരാണേതിഹാസ പാരമ്പര്യവും പൈതൃകവും പ്രതിഫലിച്ചിരുന്നു.