മലയാളത്തിലെ ആദ്യത്തെ സാഹിത്യപ്രസ്ഥാനമാണ് പാട്ടുപ്രസ്ഥാനം. ആധുനിക രുപത്തിനു മുന്‍പ് നിലവിലുണ്ടായിരുന്ന രണ്ടു സാഹിത്യ ശാഖകകളാണ് പാട്ടുകൃതികളും മണിപ്രവാളകൃതികളും. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയ രാമചരിതമാണ് ഇന്നു ലഭിച്ചതില്‍ ഏറ്റവും പഴയ പാട്ടുകൃതി. തമിഴക്ഷരമാലയാണ് ഇതിന്റെ രചനയ്ക്കു ഉപയോഗിക്കുന്നത്. ദ്രാവിഡ വൃത്തങ്ങളാണു പാട്ടുകൃതികളില്‍ ഉപയോഗിക്കുന്നത്. പാട്ടിനു ലക്ഷണം ചെയ്തിരിക്കുന്നത് ലീലാതിലകത്തിലാണ്:

'ദ്രമിഡ സംഘാതാക്ഷര നിബദ്ധം
എതുക മോന വൃത്തവിശേഷയുക്തം പാട്ട് '

    ദ്രമിഡ (ദ്രാവിഡ) സംഘാതാക്ഷരങ്ങള്‍, അതായത് തമിഴ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ കൊണ്ട് രചിച്ചതായിരിക്കണം പാട്ട്. 12 സ്വരാക്ഷരങ്ങളും 18 വ്യഞ്ജ്‌നാക്ഷരങ്ങളും ചേര്‍ന്നതാണ് ദ്രമിഡാക്ഷരങ്ങള്‍. അതില്‍ എതുക, മോന എന്നീ പ്രാസങ്ങള്‍ വേണം. എതുക എന്നാല്‍ മലയാളത്തിലെ ദ്വിതീയാക്ഷരപ്രാസം. ഓരോ പാദത്തിലെയും പൂര്‍വോത്തര ഭാഗങ്ങളിലെ ആദ്യാക്ഷരങ്ങള്‍ യോജിച്ചു വരുന്നതാണ് മോന. സംസ്‌കൃതവൃത്തങ്ങളില്‍ നിന്ന് ഭിന്നമായ വൃത്തത്തിലേ കാവ്യം എഴുതാവൂ. ദ്രാവിഡ വൃത്തങ്ങളില്‍ കാവ്യം രചിക്കണം. ഇതാണ് വൃത്തവിശേഷം. 'രാമചരിത'രചയിതാവ് ചീരാമനാവാം ആദ്യ പാട്ടുസാഹിത്യകാരന്‍.

ശ്രീപത്മനാഭസ്തുതിയാണ് പാട്ടിന് ഉദാഹരണമായി ലീലാതിലകത്തില്‍ കൊടുത്തിട്ടുള്ളത്:

തരതലന്താനളന്താ, പിളന്താ പൊന്നന്‍
തനകചെന്താര്‍, വരുന്താമല്‍ ബാണന്‍ തന്നെ.
കരമരിന്താ പൊരുന്താനവന്മാരുടെ
കരുളെരിന്താ പുരാനേ മുരാരീ കണാ
ഒരു വരന്താ പരന്താമമേ നീ കനി
ന്തുരകചായീ പിണിപ്പവ്വ നീന്താവണ്ണം
ചിരതരംതാള്‍ പണിന്തേനയ്യോ താങ്കെന്നെ
ത്തിരുവനന്താപുരം തങ്കുമാനന്തനേ.

പ്രധാന പാട്ടുകൃതികള്‍

    രാമചരിതം
    കണ്ണശ്ശകൃതികള്‍
    രാമകഥാപ്പാട്ട്
    ഭാരതംപാട്ട്
    പയ്യന്നൂര്‍ പാട്ട്
    തിരുനിഴല്‍മാല
    കൃഷ്ണപ്പാട്ട്