മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളില്‍ ശ്രദ്ധേയമായതാണ് പൂര്‍വ്വ തമിഴ്-മലയാള വാദം. പൂര്‍വ്വദ്രാവിഡഭാഷയില്‍ നിന്ന് കന്നഡവും തെലുങ്കും വേര്‍പിരിഞ്ഞതിനു ശേഷം പൂര്‍വ തമിഴ്മലയാളം എന്ന ഒരു പൊതുഭാഷാ കാലഘട്ടം ഉണ്ടായിരുന്നുവെന്നതാണ് ഈ സിദ്ധാന്തം. പൂര്‍വ്വ തമിഴ്-മലയാളത്തെ ഇരുഭാഷകളുടെയും പൂര്‍വ്വഘട്ടമായി വിശദീകരിക്കുന്നവരില്‍ പ്രമുഖര്‍ എല്‍.വി. രാമസ്വാമി അയ്യര്‍, കാമില്‍ സ്വലബില്‍, എസ്.വി. ഷണ്മുഖം മുതലായവരാണ്. മറ്റു ഭാഷോദ്ഭവ  സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമല്ല പൂര്‍വ്വ തമിഴ്-മലയാളം എന്ന സങ്കല്പം. തമിഴിനും മലയാളത്തിനും ഒരു പൊതു പൂര്‍വ്വഘട്ടമുണ്ടായിരുന്നതായി മിക്ക ഭാഷാപണ്ഡിതരും സമ്മതിക്കുന്നു. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ അഭിപ്രായത്തില്‍, 'വിഭിന്നഭാഷകളെന്നതിനെക്കാള്‍ ദ്രാവിഡഗോത്രത്തിലെ ഒരേ അംഗത്തിന്റെ ഉപഭാഷകളെന്നനിലയിലാണ് ഈ രണ്ടുഭാഷകള്‍ പഴയകാലത്ത് വേര്‍തിരിയുന്നത്. 'തമിഴ്-മലയാളങ്ങള്‍ ഒരു ഭാഷയുടെതന്നെ രൂപാന്തരങ്ങളാണെന്നും 'തമിഴും മലയാളവും ഒന്നു തന്നെ' എന്നും കേരളപാണിനീയത്തില്‍ ഏ.ആര്‍. പറയുന്നു. മൂലദ്രാവിഡഭാഷയില്‍നിന്ന് തെലുങ്ക്-കര്‍ണ്ണാടകങ്ങള്‍ പിരിഞ്ഞതിനുശേഷം തമിഴും മലയാളവും ഒന്നിച്ചായിരുന്ന ഒരു പൂര്‍വ്വദശയുണ്ടായിരുന്നു. ആ പൂര്‍വ്വഭാഷ പില്‍ക്കാലത്ത് പല സ്വാധീനതകള്‍ക്കും വിധേയമായി രണ്ടു സ്വതന്ത്രഭാഷകളായി ഉരുത്തിരിഞ്ഞു എന്ന് ഇളംകുളവും പ്രസ്താവിക്കുന്നു.
    പൊതു പൂര്‍വ്വഘട്ടത്തെക്കുറിച്ച് വ്യക്തമായ ഒരു വാദം പി. ശങ്കരന്‍ നമ്പ്യാരുടേതാണ്. അദ്ദേഹം ഇങ്ങനെ വാദിക്കുന്നു: മൂലദ്രാവിഡഭാഷ കാലഭേദം, ദേശഭേദം, യോഗഭേദം മുതലായ അനേകം കാരണങ്ങളാല്‍ തമിഴ്, കര്‍ണ്ണാടകം, തുളു, തെലുങ്ക്, കുടക് എന്നിങ്ങനെ അഞ്ചു പ്രധാന ശാഖകളായി പിരിയുകയാണുണ്ടായത്; ഇതില്‍ തമിഴ് (മുന്‍തമിഴ്) രണ്ടായി പിരിഞ്ഞതില്‍ നിന്നാണ് മലയാളമുണ്ടായത്. 'ചെന്തമിഴിന്റെ വ്യവസ്ഥിതികാലത്തിനു മുന്‍പുതന്നെ മലയാളം ഒരു പ്രത്യേകഭാഷാത്വത്തെ സമ്പാദിച്ചിരുന്നു' എന്നും 'മൂലദ്രാവിഡകുടുംബത്തിലെ ഒരംഗവും മുത്തമിഴിന്റെ പുത്രിയും ചെന്തമിഴിന്റെ സഹോദരിയും ആയിട്ടാണ് മലയാളഭാഷ നിലനില്‍ക്കുന്നത്' എന്നും അദ്ദേഹം വിശദീകരിക്കുന്നു.

    എല്‍.വി. രാമസ്വാമി അയ്യര്‍ ഇങ്ങനെ വാദിക്കുന്നു: തമിഴിലും മലയാളത്തിലും സ്വനതലത്തിലും രൂപതലത്തിലും വ്യാകരണതലത്തിലുമുള്ള പ്രാഗ്രൂപസംരക്ഷണത്തിന്റെയും നവപ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തില്‍ അവ തമ്മില്‍ സാജാത്യവൈജാത്യങ്ങള്‍ ഉണ്ട്. മലയാളം പ്രാചീനമദ്ധ്യകാലത്തമിഴിനോടാണ് ഉല്പത്തിപരമായി ബന്ധപ്പെട്ടിരിക്കുന്നത്. പ്രാചീന മദ്ധ്യകാലത്തമിഴ് എന്നതുകൊണ്ട് സംഘകാലത്തിനു ശേഷമുള്ള (ഏതാണ്ട് ക്രി.പി. അഞ്ചാംനൂറ്റാണ്ട്) തമിഴിനെയാണ് ഉദ്ദേശിക്കുന്നത്. നാമം, സര്‍വ്വനാമം, ക്രിയ എന്നിവയില്‍ പ്രാചീന മദ്ധ്യകാലത്തമിഴിനും മലയാളത്തിനുമുള്ള സാദൃശ്യങ്ങള്‍ എല്‍.വി.ആര്‍. ഉദാഹരിക്കുന്നുണ്ട്. മലയാളം പൂര്‍വ്വദ്രാവിഡത്തിന്റെ സ്വതന്ത്രശാഖയാണെന്ന വാദത്തെ ഒന്നൊന്നായി അദ്ദേഹം ഖണ്ഡിക്കുന്നു.
    സ്വലബിലിന്റെ സിദ്ധാന്തം ഇങ്ങനെയാണ്: പൂര്‍വ്വ ദക്ഷിണ ദ്രാവിഡത്തെ രണ്ടു ശാഖകളായി വേര്‍തിരിച്ചു കാണിക്കേണ്ടതുണ്ട്. അവ തമിഴ്,മലയാളം, കര്‍ണ്ണാടകം എന്നിവയാണ്. പൂര്‍വ്വ ദക്ഷിണ ദ്രാവിഡത്തിലെ മറ്റ് അംഗഭാഷകളില്‍ കാണാത്തതും തമിഴ്മലയാളങ്ങളില്‍ മാത്രമുള്ളതുമായ പ്രാക്തനസ്വഭാവങ്ങളും നവപരിവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടുന്നു. രൂപപരമായ പല സമാനതകളും തമിഴ്മലയാളങ്ങളുടെ ഏകീകൃതഘട്ടത്തെ സൂചിപ്പിക്കുന്നു. ഏതാണ്ട് പൂര്‍വ്വ മദ്ധ്യകാല തമിഴില്‍ നിന്നാണ് പടിഞ്ഞാറന്‍ തീരത്തെ ഭാഷാഭേദം അകന്ന് സ്വതന്ത്രഭാഷയായി രൂപപ്പെടാന്‍ തുടങ്ങുന്നത്. മലയാളത്തിനും തമിഴിനും സംഭവിച്ച നവപ്രവര്‍ത്തനങ്ങളും സ്വലബില്‍ ഉദാഹരിക്കുന്നുണ്ട്.