അമ്മ
ദീപാ ജയരാജ്
അടുക്കള വാതിലിൻ കീഴെ പടിയിലായ്-
മുഖം കുനിച്ചിരിക്കുമെൻ അമ്മ…..
നിത്യവും തേങ്ങലായ് രാത്രിയിൽ പെയ്യുന്ന-
കണ്ണുനീർ മഴയായി അമ്മ…
തൊടിയിലെ തുമ്പിയെ നോക്കി വിതുമ്പുന്ന-
കാശി തുമ്പയായ് വേവി എൻ അമ്മ…
ഒരു കുഞ്ഞു കല്ലിലോ തട്ടി ഞാൻ വീഴവെ-
നൊമ്പരപ്പൂവായി മാറി അമ്മ…
ഞാനുറങ്ങും നേരം താരാട്ടു പാട്ടായി-
എന്നെ തഴുകി തലോടി അമ്മ…
എൻ കുസൃതിയാൽ അച്ഛനു കോപം വരികവേ-
കാവൽ വിളക്കായി അണയുമമ്മ…
നിൻറ്റെ കുറുമ്പിനു കാരണം നീയല്ല-
നിൻ അച്ഛനെന്നോതും എൻറ്റെ അമ്മ…
ഒരു വേള ഞാനൊന്നു പിണങ്ങിയെന്നാൽ-
കരയുന്ന തുളസിയായ് തീരും അമ്മ..
ഈ ലോകം വിട്ടു പിരിയുന്ന നേരത്തു-
ഞാനെന്ന ജീവനിൽ ചേർന്നു അമ്മ…എന്നെ
തെന്നലായ് വന്നു പുണർന്നു അമ്മ…എന്നിൽ
ഒരു ശോക ഗാനമായ് മാറി അമ്മ…