മൂന്നാം അഷ്ടപദി ഭാഷ

 

ചന്ദനപര്‍വത മന്ദമരുത്തും
ചഞ്ചല വണ്ടുകളുടെ ഝംകൃതിയും
സുന്ദരി കുയിലുകളുടെ സൂക്തിയും
സുഖമേകുമിഹ വസന്തേ.
ശൃണുസഖി, കൃഷ്ണന്‍ ക്രീഡിക്കുന്നു തൃഷ്ണതകും
സഖിമാരൊടു സാകം കൃപയുള്ളൊരു മുകുന്ദന്‍.

മന്മഥമഥനം കൊണ്ടു കരഞ്ഞും
മരണമതില്‍ സുഖമെന്നു പറഞ്ഞും
കല്മഷമോര്‍ക്കും വിരഹിണിമാരെ
ക്കരയിക്കുന്നു കാലം……(ശൃണുസഖി)

പ്ലാശുമ്പൂക്കളഹോ യുവഹൃദയം
ക്ലേശം കൂടാതെ ഭേദിപ്പാന്‍
ആശമുഴുത്തൊരു കാമദേവന്റെ നഖ
രാശികണക്കെ വിളങ്ങീടുന്നു….(ശൃണു സഖി)

പുന്നപ്പൂവുവിടര്‍ന്നിതു മനസിജ
മന്നവ വീരന്റെ
പൊന്നുങ്കാലുള്ളൊരു വെള്ളക്കുട
മിന്നുന്നതുപോലെ മിന്നുന്നു….(ശൃണു സഖി)

ഫുല്ലമല്ലിക കുറുമൊഴി പിച്ചക
മെല്ലാ മലരുകടേയും

നല്ല സുഗന്ധം നാസിക മുറ്റും
ചൊല്ലാവല്ലൊരു ശോഭയുമേറ്റം. ….(ശൃണു സഖി)

മന്ദാകിനിയുടെ സഖി യമുനാനദി;
വൃന്ദാവനമതു നന്ദനതുല്യം;
നന്ദകുമാരനു മിന്ദ്രനുമൊക്കും;
നന്നൊരു യോഗം ഭുവിനാസ്‌ത്യേവം !.. ….(ശൃണു സഖി)

ജയദേവോക്തികളോര്‍ക്കും തോറും
ഭയമേറുന്നു ഭാഷചമപ്പാന്‍
ജയഹേ കൃഷ്ണ! പിഴപ്പിക്കല്ലേ
ദയപെയ്തീടുക ദാസനിലേറ്റം!.. ….(ശൃണു സഖി)

ശ്ലോകം

ദരവിദലിതമല്ലീവല്ലി ചഞ്ചല്‍പരാഗ
പ്രകടിതപടവാസൈര്‍വാസയന്‍ കാനനാനി !
ഇഹഹി ദഹതി ചേത: കേതകീഗന്ധബന്ധു:
പ്രസരദസമബാണ പ്രാണവദ് ഗന്ധവാഹ: !!

ഉന്മീലന്മധുഗന്ധലുബ്ധമധുപവ്യാധൂത ചൂതാങ്കുര
ക്രീഡല്‍ കോകിലകാകളീകളകളൈരുല്‍ ഗീര്‍ണ്ണകര്‍ണ്ണജ്വമാ:!
നീയന്തേ പഥികൈ: കഥംകഥമപി ധ്യാനാവധാനക്ഷണ
പ്രാപ്തപ്രാണസമാസമാഗമരസോല്ലാസൈരമീ വാസരാ: !!

അനേകനാരീ പരിരംഭ സംഭ്രമ
സ്ഫുരന്‍മനോഹാരി വിലാസലാലസം !
മുരാരിമാരാദുപദര്‍ശയന്ത്യസൌ
സഖീസമക്ഷം പുനരാഹ രാധികാം !!

പരിഭാഷ

നാനാനാരീജനാലിംഗന സുലഭസുഖം കൊണ്ടുതാനേരമിച്ചും,
ഗാനാദീനാം പ്രയോഗൈരരുവയരെ രമിപ്പിച്ചു ചേതസ്സഴിച്ചും,
സാനന്ദം ക്രീഡചെയ്തീടിന സകലജഗന്നായകം ദര്‍ശയന്തീ
മാനിച്ചമ്പോടു ഭൂയസ്സരസസരസയാമാളി രാധാം ബഭാഷേ.