ടെന്നിസൺ, ഒരു കവി എന്ന നിലയിൽ

വിക്ടോറിയൻ കാലഘട്ടത്തിൽ ആംഗലസാഹിത്യത്തിലുണ്ടായിട്ടുള്ള കവികളിൽ അഗ്രിമസ്ഥാനം ടെന്നിസണാണ് ലഭിച്ചിട്ടുള്ളത്. അൻപതു കൊല്ലത്തോളം അദ്ദേഹം ഇംഗ്ലണ്ടിലെ കവിചക്രവർത്തി (Poet Laureate) പദത്തിൽ പരിലസിക്കുകയുണ്ടായി. റീഡ് (Reed) അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞിരിക്കുന്നു: “ഇംഗ്ലീഷ് കടൽത്തീരങ്ങളുടേയും, യുദ്ധഭൂമികളുടെയും, ഇംഗ്ലീഷ് പാരമ്പര്യങ്ങളുടെയും, വിശ്വാസങ്ങളുടെയും, ഇംഗ്ലീഷ് ജീവിതത്തിന്റെയും, സ്വഭാവത്തിന്റെയും, സിദ്ധികളുടെയും കവിയാണ് ടെന്നിസൺ.” അദ്ദേഹത്തിന്റെ സമകാലികന്മാരായിരുന്ന കവികൾക്ക് പ്രചോദനം ലഭിച്ചത് ഗ്രീസിൽ നിന്നും (മാത്യു ആർനോൾഡ്), ഇറ്റലിയുൽ നിന്നും (റോബർട്ട് ബ്രൗണിങ്) ആണ്. എന്നാൽ ടെന്നിസണാകട്ടെ തികച്ചും ഒരു ഇംഗ്ലീഷ് കവി, ഇംഗ്ലണ്ടിന്റെ കവി ആണെന്ന് പറയാം.

സ്റ്റോപ്‌ഫോഡ് ബ്രൂക്ക് എന്ന പ്രസിദ്ധ വിമർശകൻ പറയുന്നു: “അറുപതില്പരം നീണ്ട സംവത്സരങ്ങൾ ടെന്നിസൺ ഇംഗ്ലണ്ടിലെ ആധുനികജീവിതത്തോടൊട്ടിപ്പിടിച്ചു ജീവിച്ചു; തനിക്കു കഴിയുന്നിടത്തോളം അതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയും അവയോടു ഹൃദയാലുത്വത്തോടുകൂടിയും ജീവിച്ചു; തൽസംബന്ധമായി അദ്ദേഹത്തിനനുഭവപ്പെട്ടതെന്തോ അതദ്ദേഹം തന്റെ കവിതയിൽ പകരുകയും ചെയ്തു.” ആകയാൽ, ടെന്നിസൺ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ഏറ്റവും പരിപൂർണ്ണനായ പ്രതിനിധിയാണ് എന്ന് പറയാം. അക്കാലത്തെ സമുദായം, കല, തത്ത്വചിന്ത, മതം ഇവയെ എല്ലാം ഞെക്കിപ്പിഴിഞ്ഞ് അതിന്റെ സാരാംശം കൊണ്ട് അദ്ദേഹം തന്റെ കൃതികളെ വർണ്ണം പിടിപ്പിച്ചിരുന്നു. വിക്ടോറിയാ മഹാരാജ്ഞിയുടെ സുദീർഘവും സംഭവബഹുലവുമായ ഭരണകാലത്ത് ഇംഗ്ലീഷ് സമുദായത്തിനാകമാനം സംഭവിച്ച മാറ്റങ്ങളെല്ലാം ടെന്നിസൺന്റെ കൃതികളിൽ പ്രതിഫലിച്ചു കാണാം. പ്രൊഫസർ സെലിൻ കോർട്ടിന്റെ ഭാഷയിൽ ടെന്നിസൺ അല്ലാതെ ‘തന്റെ ജീവിതകാലത്തിന്റെ ജീവി’യായിത്തീർന്നിട്ടുള്ള മറ്റൊരു കവി ഇല്ലെന്നു തന്നെ പറയാം. ചരിത്രം, ഐതിഹ്യം, വീരപരാക്രമം, ഗ്രാമീണജീവിതം, രാജ്യതന്ത്രം, തത്ത്വജ്ഞാനം, മതം, ശാസ്ത്രം, വാണിജ്യം ഇവയെല്ലാം അദ്ദേഹത്തിന്റെ കവിതയുടെ തുല്യാവകാശികളാണ്. എല്ലാറ്റിലും പുറമേ അദ്ദേഹത്തിന്റെ കൃതികൾക്ക് ഏറ്റവും വലിയ പ്രചാരവും മതിപ്പും സമ്പാദിച്ചുകൊടുത്തത് അദ്ദേഹത്തിന്റെ ദേശാഭിമാനമായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.എന്നാൽ ബുദ്ധിപരമായ ഗഹനതയോ, പ്രൗഢമായ തത്ത്വചിന്തയോ അദ്ദേഹത്തിന്റെ കൃതികളിൽ വളരെ വിരളമായേ കാണുന്നുള്ളൂ. ഈ ന്യൂനതയെ ആസ്പദമാക്കി പല വിമർശകന്മാരും ടെന്നിസണെ കഠിനമായി അധിക്ഷേപിച്ചിട്ടുണ്ട്. എങ്ങനെയായിരുന്നാലും അദ്ദേഹത്തിന്റെ സമകാലികന്മാരിൽ കനിഷ്ഠികാധിഷ്ഠിതനായിത്തന്നെ പരിലസിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. താക്ക്റേ, ആർനോൾഡ് തുടങ്ങിയവർക്ക് അദ്ദേഹം മനുഷ്യരിൽ ഏറ്റവും വിജ്ഞാനിയായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.

വിശ്വാസത്തിന്റെയും ഉൽക്കർഷത്തിന്റെയും സന്ദേശമായിരുന്നു ലോകത്തിനു പ്രദാനം ചെയ്യുവാൻ ടെന്നിസൺന്റെ കൈവശം ഉണ്ടായിരുന്നത്. അക്കാലത്തി നിലവിലിരുന്ന ആശങ്കകൾക്കും തെറ്റിദ്ധാരണകൾക്കും ഇടയിൽ അദ്ദേഹം ഈശ്വരനിലും അനശ്വരത്വത്തിലും മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയിലും ദൃഢമായി വിശ്വസിച്ചു. “വിവിധമാർഗ്ഗങ്ങളിൽക്കൂടി ഈശ്വരൻ സ്വയം നിറവേറ്റുന്നു.” “നവമായിട്ടുള്ളതിന് ഇടംകൊടുത്തുകൊണ്ട് പഴയ രീതി മാറിപ്പോകുന്നു.” എന്തുകൊണ്ടെന്നാൽ സൃഷ്ടി ആകമാനം, സജീവങ്ങളും നിർജ്ജീവങ്ങളുമെല്ലാം, സമസ്തോൽക്കർഷങ്ങളുടെയും പരമലക്ഷ്യമായ “ഏതോ വിദൂരത്തിലുള്ള ആ ഏകദൈവികസംഭവ”ത്തിനടുത്തേക്കു പ്രയാണം ചെയ്യുകയാണ്.

പ്രകൃതിചിത്രങ്ങളുടെ രചനയിലും അദ്വിതീയമായ ഒരു സ്ഥാനം തന്നെയാണ് ടെന്നിസണുള്ളതെന്നു പറയാം. മോർട്ഡി ആർദർ, ഈനോൺ, ഈനോക് ആർഡൻ മുതലായ കൃതികളിൽ ആകർഷകവും സജീവവുമായ പ്രകൃതിവർണ്ണനകൾ സുലഭമായിക്കാണാം. എന്നാൽ പ്രകൃതിയുടെ സൗന്ദര്യത്തെയും വശ്യതയെയും മാത്രമല്ല അവളുടെ ക്രൗര്യത്തെയും ഹൃദയശൂന്യതയെയുംകൂടി സ്വകൃതികളിൽ അദ്ദേഹം പലയിടത്തും പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിൽ വേഡ്‌സ്‌വർത്തിനെയും ടെന്നിസണെയും താരതമ്യപ്പെടുത്തി അവർക്കുതമ്മിൽ കാണപ്പെടുന്ന അനല്പമായ വ്യത്യാസത്തെ വിശദീകരിച്ചു കാണിക്കുന്നത് പ്രയോജനകരവും രസാവഹവുമായിരിക്കും. പക്ഷേ, ഈ ചുരുങ്ങിയ ഉപന്യാസത്തിൽ അതിനു സൗകര്യപ്പെടാത്തതിനാൽ തത്കാലം അതിൽനിന്നു വിരമിക്കുകയേ നിവൃത്തിയുള്ളൂ. ആംഗ്ലേയ കവികളിൽ ഏറ്റവും പദലാളിത്യമുള്ളയാൾ ടെന്നിസണാണ്. അതിസുന്ദരങ്ങളും സംഗീതാത്മകങ്ങളുമായ പദങ്ങൾ മാത്രമേ അദ്ദേഹം തെരഞ്ഞെടുക്കൂ. അവയുടെ സ്ഥാനോചിതമായ ഘടനയിൽ അദ്ദേഹത്തെ ജയിക്കുന്ന ഒരു കവി ഇതുവരെ ഉണ്ടായിട്ടില്ല. ഒരരുവിയെ അദ്ദേഹം വർണ്ണിക്കുകയാണെങ്കിൽ, പാറക്കെട്ടുകളിൽ തല്ലിത്തകർന്നു പുളച്ചുപായുമ്പോഴും പച്ചവിരിച്ച പുൽത്തടങ്ങളെപ്പുണർന്നു ചരൽവിരിപ്പിലൂടെ തളർന്നൊഴുകുമ്പോഴും അതിനുണ്ടാകുന്ന സ്വരവ്യത്യാസങ്ങൾപോലും നമുക്ക് സ്പഷ്ടമായി കേൾക്കുവാൻ സാധിക്കും. ഇംഗ്ലീഷ് ഭാഷ തന്നെ അറിഞ്ഞുകൂടാത്ത ഒരു മനുഷ്യൻ, വെറും ശബ്ദശ്രവണംകൊണ്ടുമാത്രം ടെന്നിസൺന്റെ കവിത വേർതിരിച്ചറിഞ്ഞിരുന്നതായി രസാവഹമായ ഒരു കഥയുണ്ട്.

പത്തൊൻപതാം ശതകത്തിൽ ജീവിച്ചിരുന്ന ആംഗലേയ കവികൾ ഗ്രീസിലെ ഇതിഹാസങ്ങളിലുള്ള ഉപാലംഭങ്ങളിൽ പ്രത്യേകം കൗതുകം പ്രദർശിപ്പിച്ചിരുന്നതായിക്കാണാം. കീറ്റ്സിന്റെ പല ഉത്തമ കൃതികൾക്കും ആധാരം മേൽപ്രസ്താവിച്ച കഥകളാണ്. ടെന്നിസൺ അദ്ദേഹത്തെ അനുഗമിച്ചു. വേഡ്‌സ്‌വർത്ത്പോലും അതിൽ ഇഷ്ടപ്പെട്ടിരിന്നുവെന്ന് അദ്ദേഹത്തിന്റെ ‘ലയൊടാമിയ’ തുടങ്ങിയ കൃതികൾ വിളിച്ചുപറയുന്നു. ഈനോൺ എന്ന കൃതിയെ സ്റ്റോപ്‌ഫോർഡ്ബ്രൂക്ക് എന്ന വിമർശകൻ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. അതിലെ പ്രകൃതിവർണ്ണനകളെപ്പോലെ മറ്റൊന്നും തന്നെ അദ്ദേഹത്തെ ആകർഷിച്ചിട്ടില്ലത്രേ. എന്നിട്ടും ആ നിരൂപകൻ പറയുകയാണ്: “സുന്ദരങ്ങളായ ഈ പ്രകൃതിരംഗങ്ങൾ, ഒരുകാലത്ത് അവയുമായി താദാത്മ്യം പ്രാപിച്ച് ആനദലോലയായി വസിച്ച സുധാംഗദയുടെ (ഈനോൺ) പൂർവരംഗസ്മരണയിൽ, അവൾക്കുണ്ടാകുന്ന ഹൃദയയാതനയും പ്രണയദാർഢ്യവുമായി താരതമ്യപ്പെടുത്തിനോക്കുമ്പോൾ കേവലം നിസ്സാരങ്ങളാണ്.” ഇതിൽ നിന്നും പ്രസ്തുത കാവ്യം എത്രമാത്രം വികാരാത്മകമായിട്ടുള്ള ഒന്നാണെന്നു തെളിഞ്ഞുകഴിഞ്ഞു. അതിനാൽ അതിനെക്കുറിച്ച് ഇനി വിസ്തരിച്ചു പ്രതിപാദിക്കേണ്ട ആവശ്യമില്ല.