റ്റോജി വർഗീസ് റ്റി

ജി.ആർ.ഇന്ദുഗോപന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന നോവലാണ് ഐസ്- 1960C. മലയാളത്തിൽ സയൻസ് ഫിക്ഷൻ വളരാൻ തുടങ്ങിയിട്ടേയുള്ളൂ. പരിസ്ഥിതി പ്രശ്‌നങ്ങളെയും സാങ്കേതികവിദ്യയുടെ വികാസത്തെയുമെല്ലാം ആധാരമാക്കി ധാരാളം കൃതികൾ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ടെങ്കിലും ഒരു സമ്പൂർണ ശാസ്ത്രനോവൽ എന്ന ബഹുമതി ഇന്ദുഗോപന്റെ ഐസ് 1960C (2005)എന്ന കൃതിയ്ക്ക് അവകാശപ്പെട്ടതാണ്. മലയാളത്തിലെ ആദ്യത്തെ മെഡിക്കൽ ത്രില്ലർ, നവകാലശാസ്ത്രമായ നാനോ ടെക്‌നോളജിയെ ആധാരമാക്കി ഇന്ത്യയിലുണ്ടായ ആദ്യ നോവൽ എന്നിങ്ങനെ വിവിധ വിശേഷണങ്ങൾക്കും അർഹമാണ് ഈ കൃതി.


രണ്ട് ആത്മാർഥ സുഹൃത്തുക്കൾ ബദ്ധവൈരികളായിത്തീരുന്ന കഥയാണ് ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസത്തിന്റെ അടിസ്ഥാനത്തിലൂടെ നോവലിൽ വികസിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകളായ നാനോടെക്‌നോളജിയുടെയും ക്രയോണിക്‌സ്ന്റെയും സങ്കീർണ മേഖലകൾ അല്‍ഭുതകരമായ വിധത്തിൽ ഇന്ദുഗോപന്റെ ഭാവനയ്ക്ക് വഴങ്ങുന്ന കാഴ്ചയാണ് ഐസ് 1960C എന്ന നോവൽ കാട്ടിത്തരുന്നത്. ബയോടെക്‌നോളി, ന്യൂക്ലിയർ ഫിസിക്‌സ്, ന്യൂറോ സയൻസ് എന്നീ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ സാധ്യതകളോടൊപ്പം ആശങ്കകളും വിതയ്ക്കുന്നുണ്ടെന്ന് നോവൽ വ്യക്തമാക്കുന്നു. മരണാനന്തര ജീവിതമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടാണ് ‘ക്രയോണിക്‌സ്’ എന്ന ആശയം നിലനിൽക്കുന്നത്. ഹൃദയം നിലച്ചുപോയതും എന്നാൽ മസ്തിഷ്‌ക മരണം സംഭവിക്കാത്തതുമായ ശരീരങ്ങളെ ഡീപ് ഫ്രീസറിലിട്ട് കേടുവരാതെ ദീർഘകാലം സൂഷിക്കാനുള്ള സംവിധാനമാണ് ക്രയോണിക്‌സിന്റെ പ്രധാന മേഖല. പ്രശസ്ത ബയോളജിസ്റ്റായ ബാസിൽ ലൂയറ്റാണ് (1940-ൽ തന്റെ ലൈഫ് ആന്‍ഡ് ഡെത്ത് അറ്റ് ലോ ടെമ്പറേച്ചർ എന്ന പുസ്തകത്തിൽ കോശങ്ങളെ തണുപ്പിച്ച് സൂക്ഷിക്കാമെന്ന ആശയം അവതരിപ്പിച്ചത്. ലൂയറ്റ് അവതരിപ്പിച്ച ആശയത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരു കൂട്ടം ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ക്രയോബയോളജി എന്നൊരു ശാസ്ത്രശാഖ രൂപീകരിച്ചു. തുടർന്ന് 1964-ൽ റോബർട്ട് എറ്റിൻജർ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ‘ദി പ്രോസ്‌പെക്ട് ഓഫ് ഇമ്മോർട്ടാലിറ്റി എന്ന ഗ്രന്ഥത്തിൽ മരണാനന്തരം മനുഷ്യശരീരത്തെ അതിശീതാവസ്ഥയിൽ സൂക്ഷിച്ചുവെയ്ക്കാമെന്നൊരു സങ്കല്‍പ്പനം അവതരിപ്പിച്ചു. എറ്റിജറുടെ പരികല്‍പ്പനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1964-ൽ ന്യൂയോർക്കിലും 1966-ൽ മിക്കിങ്ഖാനിലും കാലിഫോർണിയായിലും ക്രയോണിക് സൊസൈറ്റികൾ ആരംഭിച്ചു.

1967-ൽ ക്രയോണിക് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ പ്രസിഡന്റായ റോബർട്ട് നെൽസന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ആദ്യമായി മനുഷ്യനെ ക്രയോണിക്‌സ് സസ്‌പെൻഷന് വിധേയമാക്കിയത്. ജഡാവസ്ഥയിലെത്തിയവരെ ചോരയൊക്കെ ഊറ്റിക്കളഞ്ഞ് ഞരമ്പുകളിൽ രാസവസ്തു നിറയ്ക്കുകയാണ് ഇവിടെ ആദ്യം ചെയ്തത്. ആന്തരികാവയവങ്ങൾ ക്രിസ്റ്റലായി പോകാതിരിക്കാനാണിത്. തുടർന്ന് ശരീരങ്ങളെ 1960 C തണുപ്പിച്ച് അലുമിനിയം കണ്ടെയിനറുകളിലാക്കി ദ്രവനൈട്രജനിൽ താഴ്‌‌ത്തി വർഷങ്ങളോളം സൂക്ഷിക്കുന്ന രീതിയാണ് ക്രയോണിക്‌സ് സസ്‌പെൻഷൻ. ക്രയോണിക്‌സ്, ന്യൂറൽ ടെക്‌നോളജി, നാനോടെക്‌നോളജി, ക്വാണ്ടം കമ്പ്യൂട്ടിങ് മുതലായ മേഖലകളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന നേട്ടങ്ങളെ മുൻകൂട്ടികണ്ട് 1972-ൽ ആരംഭിച്ച ആൽക്കർലൈഫ് എക്‌സ്‌ടെൻഷൻ ഫൗണ്ടേഷൻ മുതലുള്ള ക്രയോണിക്‌സ് കമ്പനികളിൽ ധാരാളം പേർ പുതുജീവൻ കാത്തുകിടക്കുകയും ക്രയോണിക്‌സിൽ കഴിയാനുള്ള നിയമനടപടികളുടെ പൂർത്തീകരണം കാത്ത് അനേകം അപേക്ഷകൾ അനുദിനം സമർപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഐസ്19 60C ന്റെ അവതാരികകാരനായ ഡോക്ടർ ബാബു ജോസഫ് രേഖപ്പെടുത്തിയതുപോലെ, ആലോചിച്ചുനോക്കിയാൽ തലമരവിക്കുന്ന വിഷയങ്ങളാണ് അനായാസമായ കൈയടക്കത്തോടെ ഇന്ദുഗോപൻ അവതരിപ്പിക്കുന്നത്. ക്രയോണിക്‌സ് സസ്‌പെൻഷനിൽ അടക്കം ചെയ്ത ഒരു ‘ശവവും’ ഇന്നുവരെ തിരിച്ചുവന്നിട്ടില്ലെങ്കിലും സാങ്കേതികവിദ്യയുടെ വളർച്ചാസാധ്യതകൾ നോക്കി 2035-ൽ കൊല്ലം ജില്ലയിൽ നിന്നുള്ള കഥാനായകന്മാരായ ബിന്ദുസാരനും രശ്മിധരനും തിരിച്ചുവരുന്നതിന്റെ സാധ്യതകളാണ് ഐസിൽ ഇന്ദുഗോപൻ വരച്ചുകാട്ടുന്നത്. ഒരു വിശ്വാസവഞ്ചനയുടെ പേരിലാണ് രശ്മിധരനും ബിന്ദുസാരനും ശത്രുക്കളായി തീരുന്നത്. സമപ്രായക്കാരും ആത്മസുഹൃത്തുക്കളുമായിരുന്ന ഇവർ അമേരിക്കയിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങി. കമ്പനി വളർന്നു. എല്ലാ നേട്ടങ്ങളും അവർ ഒരുമിച്ച് പങ്കുവെച്ചു. ലീവിന് അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ ബിന്ദുസാരൻ അയാളെ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിനുശേഷം അമേരിക്കയിലേക്ക് തിരികെപോയി. തുടർന്ന് തന്റെ വീട്ടിലരങ്ങേറിയ കാര്യങ്ങളൊന്നും ബിന്ദു അറിഞ്ഞില്ല. ബിന്ദുസാരന്റെ ഭാര്യയ്ക്ക് ഗർഭാശയത്തിൽ കാന്‍സര്‍ വന്നതുകൊണ്ട് ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ഡോക്ടർ നിർദേശം നൽകി. അന്നുമുതൽ ബിന്ദുവിന്റെ അമ്മ അവളെ പീഡിപ്പിക്കാൻ തുടങ്ങി. അവളാകട്ടെ എത്രയും പെട്ടെന്ന് തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകണമെന്നല്ലാതെ മറ്റൊന്നും ബിന്ദുവിനോട് പറഞ്ഞില്ല. എന്നാൽ രശ്മികൂടി വിവാഹം കഴിച്ചിട്ടേ തന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുവരികയുള്ളൂ എന്ന ദൃഢനിശ്ചയത്തിലായിരുന്നു ബിന്ദുസാരൻ. രശ്മിധരൻ നാട്ടിൽ വന്നു മടങ്ങിയതിനു ശേഷം ബിന്ദുസാരൻ നാട്ടിലെത്തുമ്പോൾ തന്റെ ഭാര്യ രശ്മിധരനൊപ്പം പോയിരിക്കുന്നു എന്ന സത്യം ഞെട്ടലോടെ തിരിച്ചറിയുന്നു. അതോടെ ബിന്ദുവിന്റെ ഉള്ളിൽ പക വളരുന്നു.

രശ്മിധരൻ ബിന്ദുവിന്റെ ഭാര്യയായ അംബാലികയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കി അവളുടെ രോഗം മാറ്റി. അവർക്ക് അംബയെന്ന പുത്രിയും ജനിച്ചു. എങ്ങനെയും രശ്മിയെ വകവരുത്തണമെന്ന ചിന്ത മാത്രമാണ് ബിന്ദുവിനുണ്ടായിരുന്നത്. അതിനുവേണ്ടി ഏത് മാർഗവും അവലംബിക്കാനും അവന്‍ തയാറായിരുന്നു. അതുകൊണ്ട് ആദ്യം അയാൾ രശ്മിയുടെ കൈവെട്ടിമാറ്റി. പിന്നീട് രശ്മിയുടെ മകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. രശ്മിയുടെ കിങ്കരന്മാരാൽ മരണപ്പെടുക എന്നുള്ളതായിരുന്നു ബിന്ദുവിന്റെ ലക്ഷ്യം. അങ്ങനെതന്നെ സംഭവിച്ചു. ”സമാധാനമായെന്ന് രശ്മി ആശ്വസിച്ചു”. 2035-ൽ വെളിപ്പെടുത്താനായി ചില രഹസ്യങ്ങൾ ബിന്ദു വാൾസ്റ്റീഫൻ ജോർജ് എന്ന വക്കീലിനെ ഏല്‍പ്പിച്ചിരുന്നു. ആ രഹസ്യം അറിഞ്ഞപ്പോൾ രശ്മിയുടെ സർവശക്തിയും ചോർന്നു പോയി. തന്നെ വകവരുത്താനായി ബിന്ദു ആൽഫാലൈഫ് എക്‌സ്‌ടെൻഷന്റെ കമ്പനിയിലുള്ള ക്രയോണിക്‌സിൽ ജീവനും കാത്തുകിടക്കുന്നു. അയാൾ തിരിച്ചുവരുന്നത് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ അതേ ശക്തിയിലും അതേ ഓർമയിലുമായിരിക്കും. അപ്പോൾ താൻ വയസ്സനാകും, എതിരിടാനുള്ള ശക്തിയുണ്ടാകില്ല. എങ്ങനെയും ബിന്ദുസാരനെ പ്രതിരോധിച്ചേ മതിയാകൂ എന്ന് ചിന്തിക്കുന്ന രശ്മിധരൻ തന്റെ ആസ്തിയിലധികം ആൽഫാ കമ്പനിക്ക് നൽകിയശേഷം ആത്മഹത്യ ചെയ്ത് ക്രയോണിക്‌സിലെത്തുന്നു.

ജോൺ ഹോപ്കിൻസിന്റെ ആൽഫാബ്രയിൻ സ്റ്റഡീസിൽ ന്യൂറോ ബയോളജിസ്റ്റായ ഡോ. ശ്യാമിനാണ് ബിന്ദുവിനേയും രശ്മിയേയും ക്രയോണിക്‌സിൽ ഉയർത്തേണ്ട ചുമതല. 2025 -നു ശേഷം കാൽ നൂറ്റാണ്ടിനിടയിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ സംഭവിക്കാവുന്ന അത്യല്‍ഭുതങ്ങ ളിലേക്കുള്ള നോവലിന്റെ സഞ്ചാരം ഇവിടെ ആരംഭിക്കുന്നു. പുതുതായുണ്ടാകുന്ന സകല സാങ്കേതികവിദ്യയും തന്റെ കമ്പനിയിൽ നടപ്പാക്കണമെന്ന് വാശിപിടിക്കുന്ന ആളാണ് ജോൺ ഹോപ്കിൻസ്. ന്യൂറൽനെറ്റുവർക്കുകളുടെ വളർച്ചയോടെ ആളുകൾ തമ്മിൽ സംസാരിക്കുന്നത് വയേർഡ് ബ്രയിൻ വഴിയായിരിക്കും. ഹോപ്പ്കിൻസും ശ്യാമും തമ്മിൽ വയേർഡ് ബ്രയിൻ വഴി ആശയവിനിമയം നടത്തുന്നുണ്ട്. ഹോപ്കിൻസ് വയേർഡ് ബ്രയിനുകൾ കണക്ടു ചെയ്യുമ്പോൾ അത് ലോകമെമ്പാടുമുള്ള തലച്ചോറുകളുടെ നെറ്റ്‌വർക്കുകളാകുന്നു. ഇൻഫർമേഷൻ പ്രവാഹം കൊണ്ട് കൺഫ്യൂഷൻ കൂടി വരികയാണ്. നാനോ മെഡിക്കൽ ഷോപ്പുകളിൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് വട്ടുപിടിക്കാതിരിക്കാനുള്ള നാനോ ട്യൂബുകളാണ്. കുട്ടിക്കാലത്തെ ഓർമകളെ തിരികെ കൊണ്ടുവരുന്ന തലച്ചോർ രാസത്വരകം മരുന്നായി കിട്ടും. കള്ളക്കടത്തു നടത്തുന്നവർ പ്രധാനമായും കടത്തുന്നത് സർക്കാർ നിരോധിച്ച ബ്രയിൻ ഇറേസർ പിൽസുകളാണ്. വ്യക്തിത്വങ്ങൾ രേഖപ്പെടുത്തിയ പേഴ്‌സണാലിറ്റി ചിപ്പുകൾ മാർക്കറ്റിൽ സുലഭമായി ലഭിക്കും. ഇത് വിൽക്കുന്ന കള്ളക്കടത്തുകാരെ ചിപ്പ് ഡിക്ടറ്റർ വഴി പരിശോധിച്ചപ്പോഴാകട്ടെ അവർ ഇലക്‌ട്രോണിക്‌സ് മനുഷ്യരാണെന്നറിഞ്ഞു. ”കാലത്തിന്റെ മുന്നേറ്റം കണ്ട് അന്തംവിട്ടിരിക്കുകയാണ് ജനം” (പേജ്: 198) പതിനാല് സിലിക്കൺ ചിപ്പുകളാണ് ആൽഫാ കമ്പനി ഉടമസ്ഥന്റെ തലയിലുള്ളത്. ഒരേ സമയം 14 പേരുമായി അയാൾക്ക് ബന്ധപ്പെടാം. ശത്രുവിനെ പ്രതിരോധിക്കേണ്ടത് ആവശ്യമായി വന്നപ്പോൾ രശ്മി ശാസ്ത്രത്തെ കുറ്റം പറയുന്നുണ്ട്. ”ശാസ്ത്രത്തിന്റെ പോക്കിതാണെങ്കിൽ അതും ചിലപ്പോൾ സാധിച്ചെന്നു വരില്ല. എന്റെ ചാരം സംഘടിപ്പിച്ച് അവൻ എന്നെ വീണ്ടും വെട്ടിക്കൊല്ലുമോ? ഒന്നിനെയും വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു ഈ കാലത്തിൽ” (പേജ്- 75). ശാസ്ത്രം എത്ര വളർന്നാലും വിധിയെ തടുക്കാനാവില്ലെന്ന് ഇന്ദുഗോപനിലെ ആസ്തികൻ സമ്മതിക്കുന്നുണ്ട്. ”വിധിയാണ് വലിയവൻ” എന്ന് ഹോപ്കിൻസിനെക്കൊണ്ട് പറയിക്കുന്നിടത്ത് ശാസ്ത്രത്തെ അവിശ്വസിക്കലല്ല എല്ലാ ശാസ്ത്രസത്യങ്ങൾക്കും മേലെ ഒരു വിശ്വാസം ഉണ്ടെന്ന് ധരിപ്പിക്കാനാണ് നോവലിസ്റ്റ് മുതിരുന്നത്.

ശാസ്ത്രത്തിന്റെ നന്മതിന്മകളെക്കുറിച്ചുള്ള വിശകലനമാണ് അംബയുടെയും ശ്യാമിന്റെയും കഥകളുടെ ആഖ്യാനത്തിലൂടെ നോവലിസ്റ്റ് നിർവഹിക്കുന്നത്. രശ്മിധരന്റെ മകൾ അംബ നെറ്റ്‌വർക്കിലൂടെയാണ് ക്ലാസെടുക്കുന്നത്. ക്ലാസ് നോട്ടുകൾ കുട്ടികളുടെ മൾട്ടിമീഡിയകളിലേക്ക് ചെല്ലും. ബിന്ദുസാരൻ തന്റെ രഹസ്യങ്ങളെഴുതി ‘ഹെർ സീക്രട്ട് ഡോട്ട് കോം ബൈ ബിന്ദു’ എന്ന പേരിലാണ് നെറ്റിൽ ഇട്ടത്. ത്രസിപ്പിക്കുന്ന സൈറ്റുകളിൽ രശ്മിക്ക് താല്‍പ്പര്യമില്ലാത്തതുകൊണ്ട് തന്റെ രഹസ്യങ്ങളിലേക്ക് ഒരിക്കലും രശ്മിയുടെ അന്വേഷണങ്ങൾ ചെന്നെത്തില്ലെന്നായിരുന്നു ബിന്ദുവിന്റെ വിശ്വാസം. എന്നാൽ ‘ബിന്ദുവിന്റെ രഹസ്യയാത്രകൾ’ എന്ന പേരിൽ ചില ഫയലുകൾ അംബ കണ്ടപ്പോൾ അവളത് അച്ഛന്റെ മെമ്മറിയിലേക്ക് ഫീഡ് ചെയ്യുന്നു. അതിന്റെ ഡിസ്‌പ്ലേ രശ്മിയുടെ സ്‌ക്രീനിൽ തെളിയുകയും ചെയ്തു. അംബയുടെ കിഴവൻ പ്രൊഫസർക്ക് അവളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം തോന്നി. വിവാഹം രജിസ്റ്റർ ചെയ്താൽ മദർ ചിപ്പുകളിലെ ഡേറ്റകൾ പരസ്പരം കൈമാറാൻ നിയമപരമായി വ്യവസ്ഥയുണ്ട്. ഇൻഫർമേഷൻ സുഖം കിട്ടാൻ വേണ്ടി കല്യാണം കഴിക്കുന്ന ഭ്രാന്തനാണയാൾ. അയാളെക്കുറിച്ചുള്ള വിവരങ്ങൾ തന്റെ മനസ്സിൽ നിന്നൊഴിഞ്ഞു പോകാൻ അംബ സൈബർ കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. വിവാഹബന്ധം വേർപെടുത്താൻ ഡൈവോഴ്‌സ് പെറ്റീഷൻ കൊടുക്കുന്ന രീതിമാറി ഇപ്പോൾ സൈബർ കോടതികൾ ആ ജോലി ഏറ്റെടുത്തിരിക്കുന്നു. വിവിധ ബീജങ്ങളിൽ നിന്ന് തനിക്കുണ്ടാകാൻ പോകുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്ന അംബയ്ക്ക് ഒരു ജൂതന്റെ ബീജമാണിഷ്ടപ്പെടുന്നത്. അണ്ഡവും പണവും നൽകി ആ കുട്ടിയെ റെഡിമെയ്ഡായി വാങ്ങാമെന്നിരിക്കെ അതിനെ തന്റെ ഗർഭത്തിൽ വളർത്താനാണ് അവൾ ആഗ്രഹിക്കുന്നത്. ”സ്വന്തം ഗർഭത്തിൽ വളരുന്ന കുട്ടിയോടെ സ്‌നേഹവും അറ്റാച്ചുമെന്റും ഉണ്ടാകൂ” എന്ന് അംബ പറയുമ്പോൾ സാങ്കേതികതയുടെ വളർച്ചയിലും കൈവിടരുതാത്ത മൂല്യങ്ങളെക്കുറിച്ചാണ് നോവലിസ്റ്റ് സൂചിപ്പിക്കുന്നത്.

അച്ഛന് പുതിയ രോഗലക്ഷണങ്ങളുണ്ടാക്കി കാശടിച്ചുമാറ്റാൻ വേണ്ടി ഇന്റർനെറ്റ് കടകളിൽ കയറിയിറങ്ങിയപ്പോഴാണ് ടെക്‌നോളജിയിലും മെഡിസിനിലും ശ്യാമിനു കമ്പം കയറിയത്. നാനോ മെഡിസിനിൽ ബിരുദവും ബിരുദാനന്തരബിരുദവും നൽകുന്ന അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ പരസ്യം കണ്ട് സ്വന്തം നാടായ നാഗർകോവിലിൽ നിന്ന് അമേരിക്കയിലെത്തുന്ന ശ്യാം സ്വന്തം പേരുമാറ്റി ഒരു കള്ളന്റെ പേരു സ്വീകരിക്കുന്നു. ശ്യാമിലൂടെ അധികാരി വർഗത്തിനെതിരെ ചെറുതല്ലാത്ത വിമർശനങ്ങൾ ഇന്ദുഗോപൻ ഉയർത്തുന്നുണ്ട്. ജോണിന്റെ പരീക്ഷണശാലയിൽ ക്രയോണിക്‌സിൽ വച്ചിരുന്ന ബിന്ദുസാരന്റെയും രശ്മിധരന്റെയും തലയോട്ടിയിൽ വച്ചിരുന്ന ഇലക്‌ട്രോഡുകളിലൂടെ തലച്ചോറിലെ തരംഗങ്ങൾ ശേഖരിച്ച് ഡിജിറ്റലായി പുറത്തെ കമ്പ്യൂട്ടറിലേക്ക് പകർത്താൻ ശ്യാമിനു കഴിയുന്നുണ്ട്. ഇരുവരും ഉൾപ്പെടുന്ന സർക്യൂട്ടിലെ കണ്ണിയായി ശ്യാം നിന്നു. രശ്മിയും ബിന്ദുവുമായുള്ള ആശയവിനിമയം ഡീകോഡു ചെയ്യുമ്പോൾ അവരുടെ ഉള്ളിലുള്ള പകയുടെ മൂർച്ച കണ്ട് ഞെട്ടിത്തരിക്കുന്ന ഡോ. ശ്യാം പരസ്പര വിദ്വേഷം മാറ്റി സ്‌നേഹത്തോടെ പെരുമാറാൻ അവരെ ഉപദേശിക്കുന്നു. അവർ തന്നെ ഒരു തരത്തിലും അനുസരിക്കില്ലെന്നു ബോധ്യമായപ്പോൾ പരസ്പരം കൊല്ലാനിരിക്കുന്ന ഈ ദുഷ്ടപിശാചുക്കളെ ഇല്ലാതാക്കാൻ തന്നെ ശ്യാം തീരുമാനിക്കുന്നു.

പണവും പ്രശസ്തിയും മാത്രം ആഗ്രഹിക്കുന്ന ഡോ. ജോണിനെ അറിയിക്കാതെ ചിപ്പുകളുമായി കടന്നു കളയാൻ ശ്രമിച്ച ശ്യാമിനെ ബുദ്ധിയുള്ള യന്ത്രം തടയുന്നു. ”നാനോ എഞ്ചിനീയങ്ങിന്റെ ലോകപതിയെന്നഹങ്കരിക്കുന്ന നിങ്ങളെപ്പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അതിവേഗത്തിലാണ് സാങ്കേതികവിദ്യയുടെ പ്രയാണം… താങ്കളറിയാതെ താങ്കളുടെ ഉള്ളിലേക്ക് നാനോ മെഷീനുകൾ ചെയ്യുന്ന അല്‍ഭുത പ്രവൃത്തികൾ. നിങ്ങളുടെ ഓർമകളും ബുദ്ധിയും ഒന്നാകെ അവർ കമ്പ്യൂട്ടറിലേക്ക് പകർത്തിയിരിക്കും. മെമ്മറി പൈറസി. അതിനാൽ ഇനി നിങ്ങൾ ഇല്ലാതാകുന്നില്ല. ഇതുവരെയുള്ള താങ്കളുടെ ബുദ്ധിതുടരും. പരീക്ഷണങ്ങൾ യന്ത്രങ്ങൾ പൂർത്തിയാക്കും” (പേജ്: 240) എന്നാണ് യന്ത്രം പറയുന്നത്. ഒടുവിൽ കെണികളെല്ലാം യന്ത്രം തന്നെ അഴിച്ചുമാറ്റുകയും നല്ലവനായ ശ്യാമിന്റെ കൈകൾകൊണ്ട് മരിക്കാൻ ഞങ്ങൾക്കാഗ്രഹമുണ്ടെന്ന് യന്ത്രങ്ങൾ പറയുകയും ശ്യാം അവയുടെ ആഗ്രഹം നിറവേറ്റുകയും ചെയ്യുന്നു. വിവേചനബുദ്ധിയുണ്ടെന്നഹങ്കരിക്കുന്ന മനുഷ്യനെതിരെയുള്ള വെല്ലുവിളിയാണ് നന്മയുടെ പക്ഷത്തു നിൽക്കുന്ന യന്ത്രം ഉയർത്തുന്നത്. സ്വന്തം നാട്ടിൽ അച്ഛന്റെയടുത്തെത്തി രാമകൃഷ്ണപിള്ളയെന്ന സ്വന്തം പേര് വീണ്ടും സ്വീകരിക്കുമ്പോൾ ശ്യാമിലെ മൂല്യബോധം വീണ്ടും ഉണരുകയും ശാസ്ത്രത്തെ നന്മയ്ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് തീരുമാനിക്കുകയും ചെയ്യുമ്പോൾ യന്ത്രലോകത്തു നിന്നും ഗ്രാമീണ നന്മകളിലേക്കും മൂല്യസങ്കല്‍പ്പങ്ങളിലേക്ക് ശ്യാമിനെ തിരികെ നടത്തുകയാണ് നോവലിസ്റ്റ്. രശ്മിധരന്റെയും ബിന്ദുസാരന്റെയും ഓർമകളടങ്ങിയ ചിപ്പുകൾ ഇടിച്ചുപൊട്ടിച്ച് അവരുടെ ജന്മദേശമായ വാളത്തുംഗൽ എന്ന പ്രദേശത്തെ കടലിലൊഴുക്കുമ്പോഴും ഇനിയൊന്നും കണ്ടുപിടിക്കാനില്ലെന്നോർത്ത് കടൽത്തീരത്തെത്തുന്ന ഏതെങ്കിലുമൊരു ശാസ്ത്രഞ്ജന്റെ വിരൽത്തുമ്പിൽ തട്ടുന്ന തരികളിൽ നിന്നു വീണ്ടും രശ്മിയും ബിന്ദുവും ഉണർന്നു വന്നേക്കുമെന്ന ഒരു പ്രതീക്ഷ ഡോ. ശ്യാം പുലർത്തുന്നുണ്ട്. നന്മയുടെ പക്ഷത്തുറച്ചുനിന്നുകൊണ്ട് ഭാവിയെ ജിജ്ഞാസപൂർവം ഉറ്റുനോക്കുകയാണ് ശ്യാമിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. രശ്മിധരന്റെയും ബിന്ദുസാരന്റെയും ജന്മദേശം നോവലിസ്റ്റിന്റെ ജന്മദേശം തന്നെയാണെന്നതും ശാസ്ത്രസാങ്കേതിക വിദ്യകളുടെ വികാസപശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവലിൽ ആ കടലോര ഗ്രാമത്തിന്റെ ഭാഷാഭേദങ്ങൾ ഉൾപ്പെടുത്താൻ നോവലിസ്റ്റ് ശ്രമിച്ചു എന്നതും ശ്രദ്ധേയമാണ്. 2003-ൽ തുടങ്ങി 2050 വരെ നീളുന്ന സുദീർഘമായൊരു കാലത്തിൽ കേരളത്തിലും അമേരിക്കയിലുമായി അരങ്ങേറുന്ന സംഭവങ്ങളെ സ്ഥലകാലബോധങ്ങൾക്ക് യാതൊരു കോട്ടവും വരുത്താതെ അവതരിപ്പിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞു. ബിന്ദുവിന്റെയും രശ്മിയുടെയും അടങ്ങാത്ത പകയും അവരെ തിരിച്ചുവരവിന് പ്രേരിപ്പിക്കുന്ന കാര്യങ്ങളും വിശദീകരിക്കുമ്പോൾ ക്രയോണിക്‌സിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും നാനോടെക്‌നോളജിയുടെയും റോബോട്ടിക്‌സിന്റെയും സൈബർ നെറ്റിക്‌സിന്റെയുമെല്ലാം സാധ്യതകളും ഭീഷണികളും തന്മയത്വത്തോടെ വരച്ചുകാട്ടാൻ നോവലിസ്റ്റിന് കഴിഞ്ഞു. അതിസാങ്കേതികത നോവലിന്റെ പാരായണത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. മലയാള നോവൽ സാഹിത്യം കടന്നുചെല്ലാൻ അറച്ചുനിന്ന പുതിയൊരു ലോകത്തിലേക്കാണ് ഐസ് 1960 C ധൈര്യപൂർവം നടന്നുകയറുന്നത്.

(റ്റോജി വർഗീസ് റ്റി. -7403272273)