കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയ പ്രമുഖ മലയാള ഹാസ്യ സാഹിത്യകാരനാണ് വി. ആനന്ദക്കുട്ടന്‍ (1920-2000). കോട്ടയത്ത് തിരുനക്കര വട്ടപ്പറമ്പില്‍ അച്യുതന്‍പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1920ല്‍ ജനിച്ചു. 1949ല്‍ ഓണേഴ്‌സ് ബിരുദം നേടി യൂണിവേഴ്‌സിറ്റി കോളജില്‍ മലയാളം അധ്യാപകനായി. 1953ല്‍ ചെന്നൈയില്‍ ചമ്പുസാഹിത്യത്തെപ്പറ്റി ഗവേഷണം ആരംഭിച്ചു. ഒന്നര വര്‍ഷത്തിനുശേഷം പ്രസ് കമ്മിഷനില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി കിട്ടിയതിനാല്‍ ഗവേഷണം മുഴുമിപ്പിച്ചില്ല. കുറേനാള്‍ ഡല്‍ഹിയിലും ചെന്നൈയിലുമായി ജോലി നോക്കിയശേഷം വീണ്ടും യൂണിവേഴ്‌സിറ്റി കോളജില്‍ത്തന്നെ തിരിച്ചെത്തി. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം പൌരപ്രഭ, പൌരധ്വനി എന്നീ പത്രങ്ങളുടെ നടത്തിപ്പില്‍ പങ്കുവഹിച്ചു. പിന്നീട് പ്രബോധത്തിന്റെ (ആലപ്പുഴ) പത്രാധിപരായി. കുട്ടനാടന്‍ വാരിക പ്രസാധനം ചെയ്തു. ചിത എന്ന കാവ്യനാടകത്തിലൂടെയാണ് ആനന്ദക്കുട്ടന്‍ ശ്രദ്ധേയനായത്. 2000 ഫെബ്രുവരി 1ന് അന്തരിച്ചു.

കൃതികള്‍
    ആരാധന
    ദീപാവലി (കവിതകള്‍),
    മുള്ളുകള്‍,
    കടലാസുമന്ത്രി,
    അമൃതാഞ്ജനം,
    ചിരിയും പുഞ്ചിരിയും (നര്‍മലേഖനങ്ങള്‍),
    ഭാവസൌരഭം (ഉപന്യാസങ്ങള്‍),
    അശരീരി (നാടകങ്ങള്‍),
    പാപികളുടെ താഴ്വര (കഥകള്‍)
    ജ്ഞാനപ്പാന, ശ്രീനാരായണഗുരു, ശ്രീബുദ്ധന്‍ (ബാലസാഹിത്യം)

പുരസ്‌കാരങ്ങള്‍
    ഭീമാസ്മാരക ബാലസാഹിത്യ അവാര്‍ഡ് (1996)
    കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം(1997)