തെക്കേ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിലനിന്ന ഒരു ലിപി സമ്പ്രദായമാണ് കോലെഴുത്ത്. പതിനെട്ടാം നൂറ്റാണ്ടോടെ ഇതിന്റെ ഉപയോഗം അവസാനിച്ചെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിലും ഇത് പഠിപ്പിക്കുമായിരുന്നു. തിരുവിതാംകൂറിലേതിനേക്കാള്‍ കൊച്ചി, മലബാര്‍ മേഖലകളില്‍ കൂടുതലായി പ്രചരിച്ചിരുന്നു. വട്ടെഴുത്ത് എന്ന ലിപി സമ്പ്രദായത്തില്‍ നിന്നാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. താളിയോലയില്‍ നാരായം അഥവാ കോല്‍ കൊണ്ട് എഴുതിയിരുന്നതില്‍ നിന്നുമാണ് ഇതിന് കോലെഴുത്ത് എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു. 'ഉ', 'എ', 'ഒ' എന്നീ അക്ഷരങ്ങളെ സൂചിപ്പിക്കുന്ന പ്രതീകങ്ങളുടെ അഭാവമൊഴിച്ചാല്‍ അടിസ്ഥാനപരമായ മറ്റു വ്യത്യാസങ്ങളൊന്നും ഇതിന് വട്ടെഴുത്തുമായി ഇല്ലായിരുന്നു. അതേസമയം പ്രാദേശിക വകഭേദങ്ങള്‍ ഉണ്ടായിരുന്നുതാനും. ബ്രാഹ്മി, ഖരോഷ്ഠി, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപിമാലകളെപ്പോലെ കോലെഴുത്തും ആരംഭിക്കുന്നത് 'അ'യില്‍ നിന്ന് ആണ്. പത്മനാഭ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ച മതിലകം രേഖകള്‍, ആനക്കരയിലെ പന്നിയൂര്‍ വരാഹമൂര്‍ത്തിക്ഷേത്രം, ആര്‍ത്താറ്റ് പള്ളി തുടങ്ങിയ അനവധി സ്ഥലങ്ങളില്‍ കോലെഴുത്തിലുള്ള രേഖകളും ലിഖിതങ്ങളും ഇപ്പോഴും കാണാം. കോലെഴുത്തില്‍ നിന്നാണ് മലയാണ്മ എന്ന ലിപി വികസിച്ചത്.