മലയാളഭാഷയുടെ അനേകം വകഭേദങ്ങളിലൊന്നാണ് തലശ്ശേരി ഭാഷ. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലുള്ള ജനങ്ങളുടെ സംസാരഭാഷ. കേരളത്തിലുള്ള മിക്ക പ്രദേശങ്ങളിലെയും സംസാര ഭാഷയില്‍ ചില വൈവിധ്യങ്ങള്‍ കണ്ടുവരുന്നതുപോലെ തലശ്ശേരിയിലെ മലയാളത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. കേരളത്തിന്റെ വടക്കു നിന്നും തെക്കോട്ട് പോകുംതോറും സംസാരഭാഷയായ മലയാളത്തിനുണ്ടാകുന്ന വ്യത്യാസങ്ങള്‍ മനസ്സിലാക്കാം. മിക്ക ജില്ലകള്‍ക്കും തനതായ ഒരു ഭാഷശൈലിയുണ്ടെന്നുള്ളത് കേരളത്തിന്റെ പ്രത്യേകതയാണ്. മലയാള ഭാഷയുടെ വികസനത്തിലും പ്രചരണത്തിലും തലശേരി വഹിച്ച പങ്ക് ചെറുതല്ല. ചൈന, അറേബ്യ, ഗ്രീസ്, റോമന്‍ എന്നീ സാമ്രാജ്യങ്ങളുടെ സ്വാധീനത്തിലായിരുന്ന വാണിജ്യ തലസ്ഥാനമായിരുന്നു തലശേരി. തലശേരി എന്ന പേരു ലഭിച്ചതുതന്നെ 'തല', 'കച്ചേരി' (മുഖ്യകാര്യാലയം എന്നര്‍ഥം) എന്നീ രണ്ട് വാക്കുകളില്‍ നിന്നാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദര്‍ അലിയും പിന്നീട് മകന്‍ ടിപ്പു സുല്‍ത്താനും സേനാപ്രവേശം നടത്തുകയും, തുടര്‍ന്ന് പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഹോളണ്ട് എന്നീ വിദേശശക്തികളുടെ അധീനതയില്‍ കഴിഞ്ഞ തലശേരിയുടെ ഭാഷാശൈലി അങ്ങനെയാണ് രൂപപ്പെട്ടത്.