നാടക അവതരണത്തിനുവേണ്ടി ഭരതമുനിയുടെ നാട്യശാസ്ത്രവിധി പ്രകാരം തയ്യാറാക്കുന്ന രംഗശാല. കേരളത്തിലെ കൂത്തമ്പലങ്ങള്‍ക്ക് നാട്യഗൃഹവുമായി ഒരുപാട് സാമ്യതകളുണ്ടെങ്കിലും ആകൃതിയിലോ അളവിലോ പൂര്‍ണമായി ഭരതനിര്‍ദ്ദേശങ്ങള്‍ മാനിക്കുന്നില്ല.അഭിനേതാക്കള്‍ക്ക് വേഷവിധാനമണിയാനും പല തലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അഭിനയിക്കാനും, രംഗവാസികള്‍ക്ക് നാടകം ആസ്വദിക്കാനും കഴിയണം. ഇതെല്ലാം കണക്കാക്കിയാണ് ഭരതന്‍ നാട്യഗൃഹനിര്‍മിതിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. കഥാപാത്രങ്ങള്‍ ദേവന്മാരോ രാജാക്കന്മാരോ സാധാരണക്കാരോ എന്നതിനനുസരിച്ചും, ആകാശഗമനം, യുദ്ധം തുടങ്ങിയവ രംഗത്ത് പ്രദര്‍ശിപ്പിക്കേണ്ടി വരുന്നതിനനുസരിച്ചും നാട്യഗൃഹത്തിന്റെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസമുണ്ടാകും. വികൃഷ്ടം (ദീര്‍ഘചതുരം), ചതുരശ്രം (ചതുരം), ത്യശ്രം (മുക്കോണ്‍) എന്നിങ്ങനെ നാട്യഗൃഹത്തിനു ഭരതന്‍ മൂന്ന് ആകൃതി നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ മുക്കോണ്‍ ആകൃതിയിലുള്ളത് എങ്ങും കണ്ടിട്ടില്ല. വലിപ്പത്തെ അടിസ്ഥാനമാക്കി നാട്യഗൃഹത്തെ ജ്യേഷ്ഠം (വലുത്), മധ്യം (ഇടത്തരം), കനിഷ്ഠം (ചെറുത്) എന്നിങ്ങനെ മൂന്നായി തിരിക്കാം. 1063 അടി ആണ് വലുതിന്റെ നീളം. ചെറുതിന്റേത് 315 അടി, സാധാരണഗതിയില്‍ 157.5 അടി നീളമുള്ള നാട്യഗൃഹമാണ് നിര്‍മ്മിക്കുന്നത്. ഗൃഹനിര്‍മിതിക്കു തിരഞ്ഞെടുക്കേണ്ട ഭൂമിയുടെ സ്വഭാവം, മണ്ണിന്റെ നിറം, കുറ്റി അടിക്കേണ്ട രീതി, പ്രാരംഭ താന്ത്രികവിധികള്‍ ഇവയെല്ലാം നാട്യശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. രംഗപീഠത്തിന്റെ പിന്നിലെ രംഗശീര്‍ഷത്തോടുചേര്‍ന്നാണ് അണിയറ (നേപഥ്യം). അണിയറയുടെ ഇരുഭാഗത്തും രംഗശീര്‍ഷത്തിലേക്കു പ്രവേശിക്കാന്‍ തക്കവിധം വാതില്‍ ഉണ്ടാകണം. രംഗശീര്‍ഷം നിരപ്പും മിനുപ്പും ഉള്ളതാകണം. നാട്യഗൃഹത്തിലെ സ്തംഭങ്ങള്‍, ജനല്‍, മൂല, മറുവാതില്‍ ഇവയൊന്നും നേര്‍ക്കുനേര്‍ വരരുത്. നാട്യമണ്ഡപം ഇരുനിലകളായി നിര്‍മിച്ച് ഇതിനു ചെറിയ ജനലുകള്‍ നല്‍കണം. നിലത്തുനിന്ന് 2.5 അടി പൊക്കമുള്ള രംഗപീഠം കാണത്തക്കവിധത്തിലായിരിക്കും ഇരിപ്പിടങ്ങള്‍. പിന്നിലേക്കു പോകുന്തോറും പടികള്‍ ക്രമത്തില്‍ ഉയര്‍ത്തി ഗാലറി രീതിയില്‍ ആയിരിക്കും ഇരിപ്പിടങ്ങളുടെ നിര്‍മ്മാണം. അണിയറയിലേക്ക് അഭിനേതാക്കള്‍ക്ക് പ്രവേശിക്കാനും പ്രേക്ഷകര്‍ക്ക് നാട്യഗൃഹത്തില്‍ പ്രവേശിക്കാനും വേറെ വേറെ വാതിലുകളും വേണം.