ഭാരതീയശാസ്ത്രഗ്രന്ഥങ്ങളില്‍ സംഖ്യകളെ സൂചിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് പരല്‍പ്പേര്. ഭൂതസംഖ്യ, ആര്യഭടീയരീതി എന്നിവയാണ് പ്രചാരത്തിലുണ്ടായിരുന്ന മറ്റുള്ളവ. പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരല്‍പ്പേര് കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്നത്. ക, ട, പ, യ എന്നീ അക്ഷരങ്ങള്‍ ഒന്ന് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ട് കടപയാദി എന്നും അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ട്. ഐതിഹ്യമനുസരിച്ച് വരരുചിയാണ് പരല്‍പ്പേരിന്റെ ഉപജ്ഞാതാവ്. 'കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവര്‍ഷത്തിനു മുന്‍പ് അത്യന്തം വിരളമായിരുന്നു' എന്ന് കേരളസാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ പ്രസ്താവിക്കുന്നു. ഇതില്‍നിന്ന് ക്രി. പി. ഒന്‍പതാം ശതകത്തിനു മുമ്പ് പരല്‍പ്പേരും കലിദിനസംഖ്യയും പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം.
    ഓരോ അക്ഷരവും 0 മുതല്‍ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.


1     2     3     4     5     6     7     8     9     0
ക     ഖ     ഗ     ഘ     ങ     ച     ഛ     ജ     ഝ
ഞ ട     ഠ     ഡ     ഢ     ണ     ത     ഥ     ദ     ധ     
ന    പ     ഫ     ബ     ഭ     മ                     
യ     ര     ല     വ     ശ     ഷ     സ     ഹ     ള     ഴ, റ

    അ മുതല്‍ ഔ വരെയുള്ള സ്വരങ്ങള്‍ തനിയേ നിന്നാല്‍ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങള്‍ക്കു സ്വരത്തോടു ചേര്‍ന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേര്‍ന്നാലും ഒരേ വിലയാണ്. അര്‍ദ്ധാക്ഷരങ്ങള്‍ക്കും ചില്ലുകള്‍ക്കും അനുസ്വാരത്തിനും വിസര്‍ഗ്ഗത്തിനും വിലയില്ല. അതിനാല്‍ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കുമ്പോള്‍ പ്രതിലോമമായി ഉപയോഗിക്കണം. അതായത്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങള്‍ വലത്തു നിന്ന് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു.
    ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവ പ്രതിപാദിച്ചിരുന്ന ഗ്രന്ഥങ്ങളിലാണ് പരല്‍പ്പേരിന്റെ പ്രധാന ഉപയോഗം. ക്രി. പി. 15-ാം ശതകത്തില്‍ രചിച്ച കരണപദ്ധതി എന്ന ഗണിതശാസ്ത്രഗ്രന്ഥത്തില്‍ ഒരു വൃത്തത്തിന്റെ പരിധി കണ്ടുപിടിക്കാന്‍ ഈ സൂത്രവാക്യം കൊടുത്തിരിക്കുന്നു:

' അനൂനനൂന്നാനനനുന്നനിതൈ്യ

സ്സമാഹതാശ്ചക്രകലാവിഭക്താഃ

ചണ്ഡാംശുചന്ദ്രാധമകുംഭിപാലൈര്‍

വ്യാസസ്തദര്‍ദ്ധം ത്രിഭമൗര്‍വികസ്യാത്'

അതായത്, അനൂനനൂന്നാനനനുന്നനിത്യം (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല (31415926536) ആയിരിക്കും എന്ന്.  മൂല്യം പത്തു ദശാംശസ്ഥാനങ്ങള്‍ക്കു ശരിയായി ഇതു നല്‍കുന്നു.
    കര്‍ണ്ണാടകസംഗീതത്തില്‍ മേളകര്‍ത്താരാഗങ്ങള്‍ കടപയാദി സംഖ്യാടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ട്.
കര്‍ണ്ണാടകസംഗീതത്തില്‍ 72 മേളകര്‍ത്താരാഗങ്ങള്‍ക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണ്. ഉദാഹരണമായി,

    ധീരശങ്കരാഭരണം : ധീര = 29, 29)ം രാഗം
    കനകാംഗി : കന = 01 = 1, 1)ം രാഗം
    ഖരഹരപ്രിയ : ഖര = 22, 22)ം രാഗം
    ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളില്‍ കലിദിനസംഖ്യ സൂചിപ്പിക്കാന്‍ പരല്‍പ്പേര് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂര്‍ത്തിയാക്കിയതുമായ ദിവസങ്ങള്‍, ചരിത്രസംഭവങ്ങള്‍ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിച്ചിരുന്നു. മേല്‍പ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയം അവസാനിക്കുന്നത് ആയുരാരോഗ്യസൗഖ്യം എന്ന വാക്കോടു കൂടിയാണ്. ഇത് ആ പുസ്തകം എഴുതിത്തീര്‍ന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരല്‍പ്പേരു വഴി സാധിച്ചിരുന്നു. ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങള്‍ കണ്ടുപിടിക്കാന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എഴുതിയ ഒരു ശ്ലോകം:
' പലഹാരേ പാലു നല്ലൂ, പുലര്‍ന്നാലോ കലക്കിലാം
ഇല്ലാ പാലെന്നു ഗോപാലന്‍ ആംഗ്ലമാസദിനം ക്രമാല്‍    '

    ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലര്‍ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലന്‍ = 31 എന്നിങ്ങനെ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളുടെ ദിവസങ്ങള്‍ കിട്ടും.