സംസ്‌കൃതസാഹിത്യത്തെ അനുകരിച്ച് മലയാളത്തിലും നിരവധി സന്ദേശകാവ്യങ്ങള്‍ രചിക്കപ്പെട്ടു.കാളിദാസന്റെ മേഘദൂതിനെ മാതൃകയാക്കി ഭാരതീയ ഭാഷകളില്‍ സന്ദേശകാവ്യങ്ങളുണ്ടായിട്ടുണ്ടെങ്കിലും പുഷ്‌ക്കലമായ പ്രസ്ഥാനമായി മാറിയത് മലയാളത്തില്‍ മാത്രമാണ്. സംസ്‌കൃതത്തിലേ അതേ ഘടന തന്നെയാണ് പൊതുവേ മലയാളത്തിലും. പ്രണയപരവശരായ സ്ത്രീപുരുഷന്മാര്‍ വിധിവശാല്‍ പിരിഞ്ഞിരിക്കേണ്ടി വരിക, വിരഹത്തില്‍ ആമഗ്‌നനായ കാമുകന്‍ കാമുകിക്ക് ഒരു സന്ദേശം എത്തിക്കുവാന്‍ ഒരു വസ്തുവിനെയോ വ്യക്തിയേയോ കണ്ടെത്തി തന്റെ സന്ദേശം എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ഇരുവരുടേയും ഉത്കണ്ഠയ്ക്ക് ശമനം വരുത്തുക-ഇതാണ് സന്ദേശകാവ്യങ്ങളുടെ മൗലികഘടന. നായകന്‍, നായിക, സന്ദേശവാഹകന്‍ ഇവരാണ് മുഖ്യ കഥാപാത്രങ്ങള്‍. സന്ദേശകാവ്യത്തിന് രണ്ട് ഭാഗങ്ങളുണ്ട്-പൂര്‍വ്വഭാഗവും ഉത്തരഭാഗവും. പൂര്‍വ്വഭാഗത്ത് സന്ദേശം അയയ്ക്കാനുള്ള കാരണം, സന്ദേശവാഹകനെ കണ്ടെത്തിയ സന്ദര്‍ഭം, മാര്‍ഗവിവരണം എന്നിവയും ഉത്തരഭാഗത്ത് നായികയുടെ വാസസ്ഥലവര്‍ണന, നായികാ വര്‍ണന, സന്ദേശം എന്നിവ ഉള്‍പ്പെടുന്നു. മന്ദാക്രാന്ത വൃത്തമാണ് പൊതുവേ സന്ദേശകാവ്യങ്ങളില്‍ സ്വീകരിക്കാറ്. അംഗിയായ രസം ശൃംഗാരമാണ്.

പ്രധാന മലയാള സന്ദേശകാവ്യങ്ങള്‍

ഉണ്ണുനീലിസന്ദേശം – അജ്ഞാതകര്‍തൃകം
ചക്രവാകസന്ദേശം – അജ്ഞാതകര്‍തൃകം
മയൂരസന്ദേശം – കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, 1894
ഭൃംഗസന്ദേശം – അപ്പാടന്‍ വീട്ടില്‍ രാമനെഴുത്തച്ഛന്‍ (സ്രഗ്ദരവൃത്തം), 1894
ഹംസസന്ദേശം – കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, 1896
ദാത്യുഹസന്ദേശം – ശീവൊള്ളി നാരായണന്‍ നമ്പൂതിരി, 1897
കോകിലസന്ദേശം – മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍, 1905
ഗരുഡസന്ദേശം – ഏ.ആര്‍. രാജരാജവര്‍മ്മ, 1907
ചകോരസന്ദേശം – തളിയില്‍ കെ. ലക്ഷ്മിയമ്മ, 1913
കപോതസന്ദേശം – കൊട്ടാരത്തില്‍ ശങ്കുണ്ണി, 1924
ഭൂപസന്ദേശം – കെ.എം. പണിക്കര്‍, 1934
റാണിസന്ദേശം – സഹോദരന്‍ കെ. അയ്യപ്പന്‍ (ഗാഥാവൃത്തം), 1935
അശ്വസന്ദേശം – നല്ലമുട്ടം ജി. പദ്മനാഭപിള്ള, 1944