കേരളത്തിലെ ക്രൈസ്തവ സഭ സുദീര്‍ഘമായ പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ അവരുടെ മാതൃഭാഷയില്‍ ബൈബിള്‍ ലഭ്യമായിരുന്നില്ല. മലയാളക്രൈസ്തവര്‍ ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുര്‍ബ്ബാനക്രമവും ആയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സി.എം.എസ്. മിഷനറിമാര്‍ വന്നതോടു കൂടി മലയാള ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യര്‍ കൂടുതല്‍ അറിയാനിടയാവുകയും ബൈബിള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഈസ്റ്റിന്ത്യാ കമ്പനിയുടെ കല്‍ക്കട്ടയിലെ ചാപ്ലയിനായിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനന്‍ 1806ല്‍ മലബാര്‍ സന്ദര്‍ശിച്ചു. ബൈബിള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇംഗ്ലണ്ടിലെ തന്റെ മാതൃസഭയേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളേയും ബോദ്ധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ബൈബിള്‍ സുറിയാനിയില്‍ നിന്നു മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുവാനുള്ള യത്‌നം ആരംഭിച്ചു.
    അന്നത്തെ മലങ്കര മെത്രാപ്പൊലീത്തയായ മാര്‍ ദിവന്നാസ്യോസിന്റെ മേല്‍നോട്ടത്തില്‍ 1807ല്‍ നാലു സുവിശേഷങ്ങള്‍ സുറിയാനിയില്‍ നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാന്‍ ആരംഭിച്ചു. ഈ യത്‌നത്തില്‍ സഹകരിച്ചവരില്‍ പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാന്‍. 1811ല്‍ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയര്‍ പ്രസ്സില്‍ നിന്നു അച്ചടിച്ചു. സുറിയാനിയില്‍ നിന്നുള്ള പദാനുപദ വിവര്‍ത്തനം ആയതിനാല്‍ ധാരാളം സുറിയാനി പദങ്ങള്‍ ആ വിവര്‍ത്തനത്തില്‍ കടന്നു കൂടി.
    1817ല്‍ ബൈബിള്‍ പൂര്‍ണ്ണമായി തര്‍ജ്ജമ ചെയ്യുവാനും കോട്ടയത്തുനിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിള്‍ സൊസൈറ്റി തീരുമാനിച്ചു. അതിനുവേണ്ടി ചര്‍ച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിന്‍ ബെയ്‌ലിയുടെ സേവനം വിട്ടുകൊടുത്തു. കൊച്ചിക്കാരനായ എബ്രായ ഭാഷാപണ്ഡിതന്‍ മോശെ ഈശാര്‍ഫനി എന്ന യെഹൂദന്‍, ത്രിഭാഷാ പണ്ഡിതനായ ചാത്തുമേനോന്‍, സംസ്‌കൃത പണ്ഡിതനായ വൈദ്യനാഥയ്യര്‍ എന്നിവരുടെ സഹകരണം വിവര്‍ത്തന പ്രക്രിയയില്‍ ബെയ്‌ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ മണ്‍റോയുടെ പിന്തുണയും ഉണ്ടായിരുന്നു. ബൈബിള്‍ സൊസൈറ്റി ഇതിനു ആവശ്യമുള്ള ധനസഹായം നല്‍കി.

    1825ല്‍ ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തര്‍ജമ പ്രസിദ്ധീകരിച്ചു. 1829ല്‍ ബൈബിള്‍ സൊസൈറ്റിയുടെ മദ്രാസ് ഓക്‌സിയലറി, ബെയ്‌ലിയുടെ ആദ്യത്തെ പുതിയനിയമ തര്‍ജമ കോട്ടയം സി.എം.എസ്. പ്രസ്സില്‍ അച്ചടിച്ചു. ഈ പുതിയനിയമം അച്ചടിക്കുവാന്‍ വേണ്ടി, ബെയ്‌ലി സ്വയം രൂപകല്പന ചെയ്തു നിര്‍മ്മിച്ച മരംകൊണ്ടുള്ള പ്രസ്സ് ഇന്നും കോട്ടയം സി.എം.എസ്. പ്രസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. 1835ല്‍ ബെയ്‌ലിയുടെ പഴയനിയമ തര്‍ജമ പൂര്‍ത്തിയായി. മദ്രാസ് ഓക്‌സിലിയറി 1841ല്‍ അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്‌കരിച്ച പതിപ്പ് 1859ല്‍ പ്രസിദ്ധീകരിച്ചു.
    ബെയ്‌ലിയുടെ പരിഭാഷയ്ക്ക് ചില പരിമിതികള്‍ ഉണ്ടായിരുന്നു. പദങ്ങളിലും പ്രയോഗങ്ങളിലും മലബാറിലെ ഭാഷയ്ക്ക് തിരുവിതാംകൂറിലെ മലയാളത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. വടക്കേ മലബാറിലെ ഉപയോഗത്തിനു മതിയായ ബൈബിള്‍ ആവിഷ്‌ക്കരിക്കുന്നതിനു നേതൃത്വം നല്‍കിയത് ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ്. ഗ്രീക്കു ഭാഷയും, സംസ്‌കൃതവും ഉള്‍പ്പെടെ പല ഭാരതീയ ഭാഷകളും അദ്ദേഹത്തിനു വശമായിരുന്നു. ഗ്രീക്കു പുതിയനിയമത്തില്‍ നിന്നു ഗുണ്ടര്‍ട്ട് നേരിട്ടു വിവര്‍ത്തനം ചെയ്ത പുതിയനിയമം മംഗലാപുരത്തു ബാസല്‍ മിഷന്‍ പ്രസ്സില്‍ നിന്നും 1854ല്‍ പ്രസിദ്ധം ചെയ്തു. 1859ല്‍ പഴയനിയമവും അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു.

സത്യവേദപുസ്തകം
    തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാന്‍ 1871ല്‍ ബൈബിള്‍ സൊസൈറ്റിയുടെ മദ്രാസ് ഓക്‌സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതില്‍ സി.എം.എസിന്റയും എല്‍.എം.എസിന്റേയും ബാസല്‍ മിഷന്റെയും സുറിയാനി സഭയുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവര്‍ത്തനം നിര്‍വഹിച്ചത്. ഇതിനുവേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജര്‍മ്മന്‍ ഭാഷയിലുള്ള വിവര്‍ത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെ മലയാള തര്‍ജമയും, സാമുവല്‍ ലീയുടെ സുറിയാനി ബൈബിളും സസൂക്ഷ്മം പരിശോധിച്ചു. ഡോ. ഗുണ്ടര്‍ട്ടിന്റെ പരിഭാഷയായിരുന്നു ഈ പരിഭാഷയ്ക്കു അടിസ്ഥാനമാക്കി സ്വീകരിച്ചത്. 1880ല്‍ പുതിയ നിയമം പൂര്‍ത്തിയാക്കിയെങ്കിലും 1889ലാണ് അതു പ്രസിദ്ധീകരിച്ചത്.
    1871ല്‍ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാര്‍മ്മികത്വത്തില്‍ പരിഭാഷ ചെയ്ത് 1910ല്‍ പ്രസിദ്ധീകരിച്ച മലയാള ബൈബിള്‍ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇംഗ്ലീഷ് പരിഷ്‌കരിച്ച പതിപ്പിന്റെ അടിസ്ഥാനത്തില്‍, ബെഞ്ചമിന്‍ ബെയ്‌ലിയുടെ വിവര്‍ത്തനത്തില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പെടുത്തി 1889ല്‍ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോള്‍ പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളര്‍ച്ചയും, വികാസവും, ആശയവ്യാപ്തിയും ഉള്‍ക്കൊള്ളാന്‍ ഈ തര്‍ജമയ്ക്കു കഴിഞ്ഞു. കേരള കത്തോലിക്കാ സഭയും യാക്കോബായ സഭയും ഒഴിച്ചുള്ള മിക്കവാറും എല്ലാ കേരള ക്രൈസ്തവ സഭകളും, 1910ല്‍ പുറത്തിറങ്ങിയ സത്യവേദപുസ്തകം ബൈബിള്‍ പരിഭാഷയാണ് ഉപയോഗിക്കുന്നത്.

കത്തോലിക്ക സഭയുടെ പരിഭാഷ

    കേരള കത്തോലിക്ക സഭ 1893മുതല്‍ ബൈബിള്‍ പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഫാദര്‍ മാത്യു വടക്കേലിന്റെ നേതൃത്വത്തിലുള്ള വിവര്‍ത്തകസമിതി പഴയ നിയമം പൂര്‍ണ്ണമായി പരിഭാഷപ്പെടുത്തുകയും മൂന്നു വാല്യങ്ങളിലായി യഥാക്രമം 1930, 1934, 1939 വര്‍ഷങ്ങളില്‍ എസ്.എച്ച്. ലീഗ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, മാണിക്കത്തനാര്‍ വിവര്‍ത്തനം ചെയ്ത് 1935 ല്‍ പ്രസിദ്ധീകരിച്ച പുതിയനിയമം ആണ് കേരളത്തിലെ കത്തോലിക്കാര്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടിയത്.

പ്ശീത്താ ബൈബിള്‍

    പ്ശീത്താ എന്ന സുറിയാനി വാക്കിന്റെ അര്‍ത്ഥം സരളം എന്നാണ്. സാധാരണക്കാരന് മനസ്സിലാകുന്ന തര്‍ജമ. ഭാരതസഭയില്‍ ഉപയോഗത്തിലിരുന്നതും അവരുടെ ആരാധനാഗ്രന്ഥവുമായിരുന്നു സുറിയാനി പ്ശീത്താ വേദപുസ്തകം. ഇത് ആദ്യം മലയാളത്തിലേക്ക് തര്‍ജമ ചെയ്യുന്നത് പാറേമാക്കല്‍ മാര്‍ത്തോമ്മാ ഗോവര്‍ണ്ണദോറാണ്. നിര്‍ഭാഗ്യവശാല്‍ ഈ തര്‍ജമകള്‍ ഇന്ന് ലഭ്യമല്ല. കായംകുളം റമ്പാച്ചനും പുലിക്കോട്ടില്‍ യൗസേഫ് റമ്പാച്ചനും കൂടി ക്ലോഡീയസ് ബുക്കാനന്റെ സഹായത്തോടെ പ്രസിദ്ധീകരിച്ച പ്ശീത്തായുടെ തര്‍ജമയാണ് റമ്പാന്‍ ബൈബിള്‍. 1908ല്‍ കോനാട്ട് മാത്തന്‍ കോര മല്പാന്‍ പബാക്കുടയില്‍നിന്നും സുറിയാനി പ്ശീത്തായുടെ മലയാളം വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. ഈ തര്‍ജമ കോനാട്ട് ബൈബിള്‍ അഥവാ പമ്പാക്കുട ബൈബിള്‍ എന്നറിയപ്പെടുന്നു. 1926ല്‍ ആണ്ടുമാലി മാണിക്കത്തനാരുടെ (സി.എം.ഐ) നേതൃത്വത്തില്‍ മാന്നാനം കുന്നില്‍ നിന്നും വിവര്‍ത്തകസംഘത്തിന്റെ സഹായത്തോടെ പഞ്ചഗന്ഥിയും പുതിയനിയമവും പ്ശീത്തായില്‍ നിന്നും വിവര്‍ത്തനം ചെയ്തു. സങ്കീര്‍ത്തനപുസ്തകം മാത്രമായി കൊച്ചിയില്‍ നിന്നും ഫാ. റൗള്‍ഫ് കരിപ്പാശ്ശേരി സി.എം.ഐ 1940ല്‍ പ്ശീത്തായുടെ ഒരുഭാഗം പ്രസിദ്ധീകരിച്ചു. വടവാതൂര്‍ സെമിനാരിയില്‍ നിന്നും 1987ല്‍ നിരപ്പേല്‍ ആന്റണി അച്ചന്റെ ചുമതലയില്‍ പുതിയ നിയമത്തിന്റെ പ്ശീത്താ തര്‍ജമ പ്രസിദ്ധീകരിച്ചു. ദീപിക കേന്ദ്രമായി 1997ല്‍ ഉപ്പാണി മാത്യു അച്ചന്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ പ്ശീത്താ മലയാള പരിഭാഷയാണ് രാഷ്ട്രദീപികയുടെ പ്ശീത്താ വിവര്‍ത്തനം.

വിശുദ്ധ ഗ്രന്ഥം

    വിശുദ്ധ ഗ്രന്ഥം എന്ന പേരിലാണ് 1994ല്‍ കണിയാമ്പറമ്പില്‍ കുര്യന്‍ കോര്‍എപ്പിസ്‌കോപ്പ പരിഭാഷ ചെയ്ത് പ്ശീത്തോ എന്നറിയപ്പെടുന്ന പുരാതന സുറിയാനി വേദപുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. വിശുദ്ധ ഗ്രന്ഥം എന്ന പേര് ഈ പുസ്തകത്തിനു കൊടുത്തതിന് കാരണമായി പരിഭാഷകന്‍ വിശദീകരിച്ചത്, സുറിയാനിയില്‍ ക്ള്‍തോബോ ദ്കാദീശോ എന്നാണ്് വേദപുസ്തകത്തിന്റെ പേരെന്നാണ്. ആംഗലഭാഷയിലെ ഹോളി ബൈബിള്‍ എന്ന പ്രയോഗവും ഇതിന് സമാനമായതിനാലാണ്.
അപ്രാമാണിക ഗ്രന്ഥങ്ങള്‍ (അപ്പോക്രിഫ) എന്ന് നവീകരണ സഭകള്‍ എണ്ണുന്ന ഗ്രന്ഥങ്ങളടക്കമുള്ള പഴയ നിയമവും പുതിയ നിയമവും ചേര്‍ന്ന വിശുദ്ധഗ്രന്ഥം സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ഇവാസ് പാത്രിയര്‍ക്കീസിന്റെയും പൗരസ്ത്യ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്റെയും ആശീര്‍വാദത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

മലയാളം ബൈബിള്‍ ഇന്റര്‍നെറ്റില്‍


    2004 ഓഗസ്റ്റ് 14ന് സത്യവേദപുസ്തകത്തിന്റെ പൂര്‍ണ്ണ ഡിജിറ്റല്‍ രൂപം ഇന്റര്‍നെറ്റില്‍ ആദ്യമായി നിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു. കത്തോലിക്കാ സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പി.ഒ.സി. ബൈബിളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.