സി. അശോകന്‍

 

ജനാധിപത്യപരമായ ഒരു വേദി എന്ന നിലയില്‍ പുകസ പ്രസക്തമാകുമ്പോള്‍ തന്നെ ഒരു ഇടതുപക്ഷ രാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമെന്ന നിലയിലും, സംസ്‌കാരത്തില്‍ ഇടപെട്ടുകൊണ്ട് മൂല്യങ്ങളുടെയും ആശയങ്ങളുടെയും മണ്ഡലത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ജനപക്ഷത്തു നിലയുറപ്പിച്ചുനിന്നു പോരാടുന്ന സംഘടന എന്ന നിലയിലും പുകസ ഒരു പരാജയം തന്നെ ആയി മാറിയിരിക്കുന്നു എന്ന കാഴ്ചപ്പാടാണ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കാല്‍നൂറ്റാണ്ടായി പങ്കാളിയായ ലേഖകന്റെ നിലപാട്.

പുരോഗമന കലാസാഹിത്യസംഘം അതിന്റെ ഉത്ഭവകാലമായ 1937ല്‍ ജീവല്‍സാഹിത്യസംഘമായാണ് ആരംഭം കുറിച്ചത്. എഴുപത്തിയഞ്ചു വര്‍ഷത്തെ ചരിത്രം അന്നുമുതല്‍ ഇന്നുവരെയായി പുകസ പിന്‍പറ്റുന്നുണ്ട്. ഇന്നു കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ വര്‍ഗസമരത്തിന്റെ ചാലകശക്തിയും തൊഴിലാളിവര്‍ഗസമരത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രത്തിന്റെ നേതൃശക്തിയുമായി വര്‍ത്തിക്കേണ്ട സംഘടന മറ്റെന്തോ ആയി നിലനില്‍ക്കുകയാണ്. സാംസ്‌കാരിക രംഗത്തെ വര്‍ഗസമരത്തില്‍ ഒരു നേതൃശക്തിയായി പുകസയെ ആരും വകവയ്ക്കുമെന്നു തോന്നുന്നില്‌ള. വലതുപക്ഷ മൂല്യങ്ങള്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞ ഒരു ഘട്ടത്തില്‍ നിന്നുകൊണ്ടാണ് സംസ്‌കാരത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ട് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഈ ലേഖകന്‍ ഉള്‍പെ്പടെ പലരും കരുതുന്ന പുകസയുടെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചാണ് സ്വയം വിമര്‍ശനപരം കൂടിയായ ഈ കുറിപ്പ് തയ്യാറാക്കുന്നത്.