അശ്വതി പി കെ

 

ആദ്യ പരോളിൽ

ഞാനെന്നെത്തന്നെയാണ് തിരഞ്ഞിറങ്ങിയത്

ഞാൻ എന്തായിരുന്നെന്നോ,,

എവിടെയാണെന്നോ

ഓർമയില്ലാത്തതിനാൽ

വഴി നീളെ ഞാനെനിക്കുവേണ്ടി

അലഞ്ഞു നടന്നു….

കണ്ടുപിടിക്കാൻ കഴിയാത്ത വണ്ണം ഞാനെവിടെയാണ്

എന്നെ മറന്നു വെച്ചത്…

എവിടേക്കാണ് ഞാനെന്നെ

എടുത്തുകളഞ്ഞത്…

ആദ്യ പരോൾ കാലവും

എനിക്കെന്നെ കണ്ടെത്താനാവാതെ

കഴിഞ്ഞു പോയി….

 

രണ്ടാമത്തെ പരോളിൽ

നേരെ ചെന്നത് വീട്ടിലേക്കാണ് ,,

ഓർമകളുടെ കുപ്പിച്ചില്ലുകളും

മുറിവുകളുടെ വേലികളുംകൊണ്ട് അടച്ചിട്ടിരിക്കുന്ന വീട്…

വീണ്ടും വീണ്ടും

മുറിവേറ്റു മുന്നോട്ടു നടന്നെങ്കിലും

പകുതിയെത്തും മുമ്പേ

ണ്ടാമത്തെ പരോൾകാലവും കയ്യൊഴിഞ്ഞു…..

പിന്നീട്

വീടെനിക്കപ്പോഴും

വാക്കുകളുടെ കൗതുകമായി മാറി…

 

മൂന്നാമത്തെ പരോൾ

അതിൽ നിന്നെയല്ലാതെ മറ്റാരെയാണ്

ഞാൻ തിരഞ്ഞിറങ്ങേണ്ടത്…

ബീച്ചുകളിലും പാർക്കുകളിലും

പരിചിതമായ ഒരു മുഖത്തേമാത്രം

ഞാൻ തിരഞ്ഞു കൊണ്ടിരുന്നു….

കുടിച്ചു തീർത്ത മദ്യക്കുപ്പികളിലും

എരിഞ്ഞടർന്ന സിഗരറ്റുകളിലും

നീ അവശേഷിക്കുന്നുണ്ടോയെന്ന് ചികഞ്ഞുകൊണ്ടേയിരുന്നു…..

കേവലമൊരു ഭ്രാന്തിയെ പോലെ

രാത്രിയും പകലും മറന്ന്

നിരത്തുകളിലൂടെ ഞാൻ ഓടി നടന്നു……

നീയിപ്പോൾ എന്ത് ചെയ്യുകയായിരിക്കും..?

തിരഞ്ഞു വരുമെന്ന് കരുതി കാത്തിരിക്കുന്നുണ്ടാകുമോ…..?

വീണ്ടും മൂന്നാമത്തെ പരോളിനുമുന്നിലും

ഞാൻ തോറ്റു കൊടുത്തു….

 

ഇന്നിപ്പോൾ

ജീവപര്യന്തം അനുഭവിക്കുന്ന

കുറ്റവാളിയായി

ഞാനോർമകളുടെ തടവറയിലാണ്…

അടുത്ത പരോളിൽ

ആരെയെന്നോർക്കാൻ പോലും

കഴിയാതെ….

ഓർമകളുടെ തടവറയിലിങ്ങനെ…