എ. വി. ദേവൻ

 

വീടിനുള്ളിലെ

ആകാശം വറ്റി…

 

അവളുടെ

കണ്ണുകളിലെ

തടാകങ്ങൾക്ക്

തീ പിടിച്ചു….

 

ഓട്ടക്കീശയുള്ള

കുപ്പായമണിഞ്ഞ്

പരാജിതൻ

പുറത്തേയ്ക്കിറങ്ങി….

 

ഉറങ്ങുന്ന

തെരുവുകൾതോറും

അലഞ്ഞു

ഉറങ്ങാതെയെന്തിനോ….

 

പട്ടിണി കിടന്ന്

പേയിളകിയ

തെരുവുപട്ടികൾ

അയാളെ

കൂട്ടമായ് വളഞ്ഞു…..

 

കാഴ്ച്ചകണ്ട്

ഭയന്നിട്ടാവണം

രാവും പകലും

അടയാതിരുന്ന

ശവപ്പെട്ടിക്കടയുടെ

ഷട്ടർ

അന്നാദ്യമായ് അടഞ്ഞു….

 

ഉടനെ

ഒരെണ്ണത്തിന്‌

ആളുവരുമെന്ന്

ഉറപ്പുണ്ടായിട്ടും….