മലയാള ഭാഷയില്‍ ശുഷ്‌കമായ ഒരു വിഭാഗമാണ് വനം-വന്യജീവി സംബന്ധമായ കൃതികളും വിജ്ഞാനവും. നമ്മുടെ കവികളുടെ പ്രകൃതി വര്‍ണനകളില്‍പ്പോലും കാടിന്റെ സൗന്ദര്യം അപൂര്‍വമാണ്. കാളിദാസന്‍, ബാണഭട്ടന്‍, ഭാസന്‍ എന്നീ വരിഷ്ഠ സംസ്‌കൃത കവികളും പണ്ഡിതന്മാരും കണ്ടതുപോലെ കാടുംമേടും നമ്മുടെ കവികള്‍ കണ്ടിട്ടില്ല. എന്നാല്‍, നമ്മുടെ പ്രാചീന കവിതയായി സന്ദേശകാവ്യങ്ങളില്‍ ഒട്ടൊക്കെ പ്രകൃതി വര്‍ണനകളുണ്ട്, അവിടെയും കാടിന്റെ വര്‍ണന അപൂര്‍വം. ഹംസങ്ങളും മയിലുകളും ചക്രവാകങ്ങളും കാടിനുമേല്‍ കൂടി പറക്കാതിരുന്നതിനാലാവാം ആ കാഴ്ച കാണാതെ പോയത്.
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ‘ഹംസ സന്ദേശം’, ശീവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ ‘ദാത്യൂഹ (മൂങ്ങ) സന്ദേശം’, മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ ശുകസന്ദേശം, എം.രാജരാജവര്‍മയുടെ ഗരുഡസന്ദേശം, ചന്തു നമ്പ്യാരുടെ മരാള (അരയന്ന) സന്ദേശം, വാടാനപ്പള്ളി ശങ്കരന്‍കുട്ടിനായരുടെ ചിത്രശലഭ സന്ദേശം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കപോത (പ്രാവ്) സന്ദേശം, രാമവര്‍മയുടെ ഭ്രമര (തേനീച്ച) സന്ദേശം, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മയൂര സന്ദേശം തുടങ്ങിയവയില്‍ പോലും നാടിന്റെ വര്‍ണനകളല്ലാതെ കാടിന്റെ വര്‍ണനകളില്ല.
എന്നാല്‍, ഗദ്യസാഹിത്യത്തില്‍ ചില ആദ്യകാല കൃതികള്‍ ശ്രദ്ധേയങ്ങളാണ്. വനസ്മരണകളും വേട്ടക്കഥകളും വന്യജീവി സംബന്ധമായ കൃതികളുമൊക്കെ അപൂര്‍വമായിട്ടെങ്കിലും മലയാളത്തിലുണ്ടായി. മലയാളത്തില്‍ സസ്യശാസ്ത്രം വിവരിക്കുന്ന ആദ്യകൃതി ഉണ്ടായത് ഡച്ച് ഗവര്‍ണറായിരുന്ന വാന്‍ റീഡിന്റെ ‘ഹോര്‍ത്തുസ് മലബാറിക്കൂസ്’ ആണെങ്കിലും അതു പൂര്‍ണമായി മലയാളത്തിലല്ല. ഇട്ടി അച്യുതന്റെ വിവരണം മാത്രമാണ് മലയാളത്തില്‍. ഭൂരിപക്ഷവും ഡച്ച് ഭാഷയിലാണ്.
മലയാളത്തിലെ ആദ്യ വനഗ്രന്ഥം എന്നു പറയാവുന്നത് ജെ.ജെ.ബ്യൂട്‌ലറുടെ ‘മൃഗചരിതം’ ആണ്. 1860ലാണ് വര്‍ണചിത്രങ്ങളോടെ ഈ കൃതി അച്ചടിച്ചത്. മലയാളത്തിലെ ആദ്യത്തെ വേട്ടക്കഥ രചിച്ചത് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനാണ്- 1890ല്‍.
പക്ഷികളെക്കുറിച്ചുമാത്രം വിവരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം ഇടവലത്ത് കക്കാട് കൃഷ്ണന്റെ (1841-1907) ‘തലശ്ശേരിയിലെ പക്ഷികള്‍’  എന്ന കൃതിയാണ്. പ്രമുഖ സസ്യശാസ്ത്ര ഗവേഷകയായ ഇ.കെ.ജാനകി അമ്മാള്‍ കൃഷ്ണന്റെ മകളാണ്. ‘മലബാറിലെ പക്ഷികള്‍’ എന്ന ഒരു കൃതിയും കൃഷ്ണന്‍ രചിച്ചിട്ടുണ്ട്. കോഴിക്കോട്ടെ പി.കെ.ബ്രദേഴ്‌സ് പ്രസിദ്ധീകരിച്ച, എ.നാരായണന്റെ ‘നമ്മുടെ പക്ഷികള്‍’ (1950) മറ്റൊരു കൃതിയാണ്. എന്നാല്‍, കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള സമഗ്രമായ കൃതി 1958ല്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘കേരളത്തിലെ പക്ഷികള്‍’  ആണ്. പ്രൊഫ.കെ.കെ.നീലക്ണഠന്‍ എന്ന ഇന്ദുചൂഡന്റെ കൃതിയാണത്. മലയാളത്തില്‍ വളരെ ജനപ്രീതി നേടിയ കൃതിയാണിത്. പക്ഷിശാസ്ത്ര (ഓര്‍ണിത്തോളജി) സംബന്ധിച്ച മലയാളത്തിലെ ആദ്യകൃതി വരുന്നത് 1977ലാണ്-എം.ഐ.ആന്‍ഡ്രൂസിന്റെ ‘പക്ഷികള്‍’.
വനജീവിതത്തെക്കുറിച്ചും വന്യാനുഭവങ്ങളെക്കുറിച്ചും മലയാളത്തില്‍ ആദ്യമായുണ്ടായ കൃതി എ.ആര്‍.രാജരാജവര്‍മ്മയുടെ മകള്‍ ഭാഗീരഥി അമ്മത്തമ്പുരാന്‍ രചിച്ച ‘വനവാസ സ്മരണകള്‍’ ആണ്. 1930 കളിലെ കോന്നി വനത്തിന്റെ പശ്ചാത്തലത്തില്‍ 1942ല്‍ പ്രസിദ്ധീകരിച്ചതാണ് അത്. ഫോറസ്റ്റ് റേഞ്ചറായിരുന്ന പള്ളിത്തോട്ടം പരമേശ്വരന്റെ ‘വനസ്മരണകള്‍’ എന്ന കൃതിയും ശ്രദ്ധേയമാണ്. 1958ലാണ് അതു പിറന്നത്.വന്യജീവികളുമായി ബന്ധപ്പെട്ട അനുഭവകഥകളാണ് ഇതിലേറെയും. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഉപപാഠപുസ്തകമായി ‘ വനസ്മരണകള്‍’ പഠിപ്പിച്ചിരുന്നു. ‘വനയക്ഷിയുടെ ബലിമൃഗങ്ങള്‍’ എന്ന മറ്റൊരു പുസ്തകവും പള്ളിത്തോട്ടം പരമേശ്വരന്‍ രചിച്ചിട്ടുണ്ട്.
‘കാട്ടിലേക്കൊരു തീര്‍ത്ഥയാത്ര’ എന്ന പേരില്‍, വനംവകുപ്പ് കണ്‍സര്‍വേറ്ററായിരുന്ന സി.എസ്.നായരുടെ ഒരു കൃതിയുണ്ട്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന അറയ്ക്കല്‍ ഹസ്സന്‍കുട്ടി എഴുതിയ ‘കാട്ടില്‍ പോകാം’ (1964), ഡി.എഫ്.ഒ ആയിരുന്ന വി.സദാശിവന്റെ ‘വന്യജീവി നിരീക്ഷണങ്ങള്‍’ എന്നിവയും വനംസംബന്ധിച്ച കൃതികളാണ്.
വന്യജീവികളെക്കുറിച്ചുള്ള ആദ്യത്തെ മലയാള ഗ്രന്ഥം തേറമ്പില്‍ ശങ്കുണ്ണി മേനോന്റെ ‘ഭാരതത്തിലെ വന്യജീവികള്‍’ എന്നതാണ്. തൃശൂര്‍ വനംവകുപ്പില്‍ ഓഫീസ് സൂപ്രണ്ടായിരുന്നു മേനോന്‍. ഭാരതത്തിലെ വന്യമൃഗ സങ്കേതങ്ങളെക്കുറിച്ച് പുറത്തിറങ്ങിയ ആദ്യകൃതിയാണ് കെ.രാമചന്ദ്രന്റെ ‘നമ്മുടെ വന്യമൃഗസങ്കേതങ്ങള്‍’ (2006). ഇന്ത്യയിലെ വന്യജീവികളെക്കുറിച്ച് നടത്തിയ ആദ്യത്തെ ശാസ്ത്രീയ പഠന ഗ്രന്ഥമാണ് ഡോ. ആര്‍.എസ്.പിള്ളയുടെ ‘ഇന്ത്യന്‍ സസ്തനികള്‍’. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ ഡയറക്ടറായിരുന്നു പിളള. സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തിലും അദ്ദേഹത്തിന്റെ സംഭാവന വലുതായിരുന്നു.
ആദ്യത്തെ വനംവകുപ്പ് സര്‍വീസ് സ്‌റ്റോറിയാണ് കെ.വി.ശങ്കരന്‍ നായരുടെ ‘വനപാലകന്റെ സ്മരണകള്‍’ (2001). കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡിവിഷണല്‍ മാനേജരായിരുന്ന നാഗപ്പന്‍ നായര്‍ രചിച്ച ‘ഒരു മരത്തില്‍ കാട്-ഒരു ആരണ്യകന്റെ ആത്മകഥ’ (2017). വനംവകുപ്പില്‍ റെയിഞ്ചറായി വിരമിച്ച സഹദേവന്‍ എഴുതിയ അനുഭവങ്ങളുടെ സമാഹാരമാണ് ‘ഹരിതസ്മരണ’ (2021). വനംവകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി റിട്ടയര്‍ ചെയ്ത പി.മുരളീധരന്‍ നായരുടെ പുതിയ രചനയാണ് 2022ല്‍ പ്രസിദ്ധീകരിച്ച ‘പച്ചമരച്ചോലകളില്‍ 40 വര്‍ഷങ്ങള്‍’.
മറ്റുചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃതികള്‍ ഇവയാണ്: നമ്മുടെ വനസമ്പത്ത് (ഡോ.പി.എന്‍.നായര്‍), നമ്മുടെ വനങ്ങളും വന്യജീവികളും (അറയ്ക്കല്‍ ഹസ്സന്‍കുട്ടി), കേരളത്തിലെ വനങ്ങള്‍ നൂറ്റാണ്ടുകളിലൂടെ-മൂന്നുഭാഗങ്ങള്‍ (സി.കെ.കരുണാകരന്‍), കടുവ (എം.എസ്.ജോയി), കേരളത്തിലെ വനസസ്യങ്ങള്‍ (ഡോ.പി.എന്‍.നായര്‍), കേരളത്തിലെ വനപാലനം (ടി.പി.വിശ്വനാഥന്‍).
വിഷപ്പാമ്പുകളെപ്പറ്റിയുള്ള പ്രമുഖ കൃതിയാണ് ഡോ.കെ.ജി.അടിയോടിയുടെ ‘കേരളത്തിലെ വിഷപ്പാമ്പുകള്‍’ (1965). 2003ല്‍ പ്രസിദ്ധീകരിച്ച ‘കേരളത്തിലെ ചിത്രശലഭങ്ങള്‍’ കളറില്‍ അച്ചടിച്ചതാണ്. മുഹമ്മദ് ജാഫര്‍ പാലോട്ട്, വി.സി.ബാലകൃഷ്ണന്‍, ബാബു കാമ്പ്രത്ത് എന്നിവര്‍ ചേര്‍ന്നു രചിച്ചതാണിത്. ഡോ.ഡേവിഡ് രാജും സി.ജി.കിരണും ചേര്‍ന്ന് 2013ല്‍ പ്രസിദ്ധീകരിച്ച ‘കേരളത്തിലെ തുമ്പികള്‍’ മറ്റൊരു കൃതിയാണ്.
പുല്ലുതൊട്ട് പൂനാര വരെ-1980 (പ്രൊഫ.കെ.കെ.നീലകണ്ഠന്‍), ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങള്‍-1997 (ഡോ.ഇ.ഉണ്ണികൃഷ്ണന്‍), ഗോത്രജീവിതം (പി.വി.മിനി), കേരളത്തിലെ ആദിവാസികള്‍ (ശാന്ത തുളസീധരന്‍), അപ്രത്യക്ഷമാകുന്ന തടാകങ്ങള്‍ (ഡോ.എസ്.ഗിരിജാകുമാരി), ഉയിര്‍വല (ഡോ.എ.അച്യുതന്‍), പ്രകൃതി ബോധവും മനുഷ്യനും (പ്രൊഫ.എസ്.ശിവദാസ്) തുടങ്ങിയ കൃതികളും ശ്രദ്ധേയമാണ്. ഡോ.ടി.ആര്‍.ജയകുമാരി, ആര്‍.വിനോദകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നാല്പതോളം കൃതികള്‍ വനം, വന്യജീവിയുമായി ബന്ധപ്പെട്ട് രചിച്ചിട്ടുണ്ട്.