അരുണിമ കൃഷ്ണൻ

അവളുടെ തിളക്കം നിറഞ്ഞ കണ്ണുകളിലും വാതിലിൽ ചുറ്റിപിടിച്ച കൈത്തണ്ടയിലെ ചിറകറ്റ കിളിയുടെ രൂപമുള്ള ടാറ്റുവിലും നോക്കി ഞാൻ ചോദിച്ചു. നാളെ കാണാമോ..?
പറ്റില്ല.. അവൾ മറുപടി പറഞ്ഞു.
എന്തേ നാളെ..?
ഒരു ശവമടക്കിന് പോണം..
ശരി, വീണ്ടും കാണാമെന്നു പറഞ്ഞ് ഞാൻ തിരിച്ചിറങ്ങി. യാത്ര പറയാനായി ഒന്നുകൂടി തിരിഞ്ഞു നോക്കിയപ്പോൾ, അടുത്ത മുറിയുടെ ജനലിലൂടെ അവിടെ ഒരാളെകൂടി കണ്ടു. പ്രായമുള്ള ഒരു മനുഷ്യൻ.
അത്ര നേരവും ഞാൻ അവിടെ ഉണ്ടായിരുന്നിട്ടും അയാളെപ്പറ്റി അവൾ എനിക്കൊരു സൂചന പോലും തന്നില്ല. എനിക്ക് വിഷമം തോന്നി.
അയാളാരാണ്.. ?

കറുത്ത കമ്പളം പുതച്ച് മെത്ത പോലെ തോന്നുന്ന ഇടവഴിയിലൂടെ ഞാൻ തിരികെ നടന്നു. ഏതൊക്കെയോ ശവക്കല്ലറകളിൽ പോയി തിരിച്ചുവരുന്ന തണുപ്പ് എന്റെ ദേഹത്തെ ചൂടിനെ കടം വാങ്ങാൻ കാത്തുനിന്നു. കറുത്ത കോട്ടിന്റെ ഇടയിലൂടെ ഒരു കൊച്ചു നാഗത്തെ പോലെ നുഴഞ്ഞുകയറാനായി കൊതിയോടെ അത് എന്റെയൊപ്പം കൂടി. രാത്രിയുടെ രാഗശില്പികളാണ് തങ്ങൾ എന്ന ഭാവമായിരുന്നു ചീവീടുകളുടേയും തെരുവുനായ്ക്കളുടേയും ശബ്ദത്തിൽ.

കഥകളിലെ വെളുത്ത വസ്ത്രധാരിയായ തറയോളം മുടിയുള്ള സ്ത്രീ പ്രേതത്തെ പ്രതീക്ഷിച്ചാണ് ഞാൻ നടന്നത്. പക്ഷേ അതിനു വിപരീതമായി മൊബൈൽ ഡിസ്പ്ലേ വെളിച്ചത്തിൽ മുഖം മാത്രം ദൃശ്യമാകുന്ന ചില ആൺകോലങ്ങൾ ഇടയ്ക്കിടെ എനിക്കെതിരെ നടക്കുന്നു. ഇരു തലക്കലും ഫണമുള്ള നാഗം പോലെയുള്ള അവരുടെ ഹെഡ്സെറ്റിലെ വന്യമായ സംഗീതം ചെറുതായെങ്കിലും എന്റെ ചെവിയിൽ എത്തി. രാത്രിയിൽ പോലും അപരിചിതരെ ഞങ്ങൾ ശ്രദ്ധിക്കാറില്ല എന്ന മട്ടിൽ അവർ എന്നെയും കടന്നു ദൂരെ ഇരുട്ടിലേക്ക് പോയി മറഞ്ഞു. ഭൂമിയുടെ പ്രതിബിംബം പോലെ ഒറ്റ നക്ഷത്രം പോലുമില്ലാത്ത ആകാശം എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അതിന്റെ ക്രൂരമായ നിശ്ശബ്ദത എന്റെ ചിന്തയിൽ ഒരു കൊള്ളിമീനെ പായിച്ചു.

എന്തായിരിക്കും അവൾ എന്നെ ഒഴിവാക്കിയത്? ആരാണ് അവളുടെ മുറിയിൽ ഞാൻ കണ്ട ആ കിളവൻ? അവിടേക്ക് അവൾ എന്നെ ക്ഷണിച്ചത് അയാളുടെ അറിവോടെ ആയിരിക്കുമോ? ഇങ്ങനെ ഒരു രാത്രി തികച്ചും അപരിചിതനായ എന്നെ വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ അവളെന്താണ് മടി വിചാരിക്കാഞ്ഞത്…..?
ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ..
ഈ കൂരമ്പുചോദ്യങ്ങൾ മായ്ക്കാനെന്നവണ്ണം കൺപീലി വരികൾക്കിടയിൽ മഴവില്ല് തെളിയിച്ചുകൊണ്ട് എന്റെ മുന്നിലൂടെ ഒരു കാർ ഹെഡ്ലൈറ്റ് തെളിയിച്ചു കടന്നുപോയി. ഇരുട്ടിന്റെ സൗന്ദര്യം ആസ്വദിച്ചു തുടങ്ങിയ എന്റെ കണ്ണുകൾക്ക് അസ്വാരസ്യം ഉണ്ടാക്കാനായി മാത്രമാണ് ഈ നശിച്ച സമയത്ത് ആ കാർ കടന്നുപോയത് എന്നെനിക്ക് തോന്നി. അന്ധന് കാഴ്ച കിട്ടുമ്പോൾ ഉണ്ടാകുന്ന ആദ്യ അനുഭൂതി പോലെ ഞാനും ആ വെളിച്ചത്തോട് മുഖംതിരിച്ചു.
മെല്ലെ അതിനെ അംഗീകരിച്ചു വന്നപ്പോൾ ചെറുപ്പത്തിൽ ചേച്ചിയോടൊപ്പം അക്കു കളിക്കാൻ നേരം വരച്ചിരുന്ന കോളങ്ങൾ പോലെ ജനലുകളിലൂടെ വെളിച്ചം റോഡിലേക്ക് വീണു കിടക്കുന്നത് കണ്ടു. അത് ആ പാതയിലെ യാത്രികർക്ക് മുന്നിൽ കരുക്കളെ കാത്തിരിക്കുന്ന ചെസ്സ്‌ ബോർഡിനെ ഓർമിപ്പിച്ചു. ഒരു കാലു മടക്കി മെല്ലെ അതിലേക്ക് കടന്നപ്പോൾ എന്റെ നിഴൽ അതിനെ മറക്കും എന്ന് മനസ്സിലാക്കി ഞാൻ പിൻവാങ്ങി. ഒരിക്കൽ കൂടി കുട്ടിക്കാലം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിച്ചു.
കാലുകളുടെ ‘ഞാനാദ്യം’ കളിയുടെ വേഗത കൂടിയത് പോലെ തോന്നി. ചിലപ്പോൾ അതാകും ഹൃദയം ഉടുക്ക് ദ്രുതതാളത്തിലെന്നപോലെ
മിടിക്കാൻ കാരണം.
ഇന്നലെയും ഞാൻ ഇതേ വഴിയിലൂടെ
പോയതാണ്. വിജനതയുടെ നൃത്തം ആസ്വദിക്കാനായി മാത്രം. പക്ഷേ അപ്പോൾ എന്റെ മനസ്സിൽ ഈ ചിന്തകളൊന്നും വന്നില്ല.

അവൾ ആരാണ് എന്ന ചിന്ത എന്റെ മനസ്സിൽ വീണ്ടും ഉണർന്നു… മഞ്ഞ ചേല ചുറ്റിയ റാന്തൽ വെളിച്ചമാക്കിയ തട്ടുകടയിലെ സമോവറിൽ കൂടി ആവി പറക്കുന്നത് കണ്ട് ഞാൻ അവിടേയ്ക്ക് കയറി. അവിടുത്തെ ഒടിയാറായ ബഞ്ചിൽ തട്ടമിട്ടൊരു പെൺകുട്ടിയും അവളുടെ അച്ഛനും ഇരിക്കുന്നു. അവളുടെ മുഖം വ്യക്തമല്ല. പക്ഷെ പേരാൽ വേരുകൾ പോലെയുള്ള അവളുടെ കൈകളിൽ അച്ചുകുത്തിയിരുന്ന ചിറകറ്റ കിളിയുടെ
രൂപം എവിടെയോ കണ്ടു മറന്നതുപോലെ എനിക്ക് തോന്നി. ഇളം ചൂട് ചായ ഊതി കുടിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ അച്ഛന്റെ കയ്യിലുണ്ടായിരുന്ന പത്രത്തിലെ വാർത്ത എന്റെ ശ്രദ്ധയിൽപ്പെട്ടു. അതിൽ അവളുടെ മുഖമുണ്ടായിരുന്നു. ആ കിഴവന്റേയും. അല്പം മുൻപ് ഞാൻ യാത്ര പറഞ്ഞു പോന്ന എന്റെ കൂട്ടുകാരിയുടെ. മണിക്കൂറുകൾക്ക് മുൻപ് മാത്രം പരിചയപ്പെട്ട എന്റെ കൂട്ടുകാരിയുടെ..
അവളുടെ കൈത്തണ്ടയിൽ കണ്ട ചിറകറ്റ കിളിയുടെ അച്ചുകുത്തിയ രൂപം ഞാൻ ഓർമിച്ചു.
“പരേതാത്മാവിന് നിത്യശാന്തി നേരുന്നു.”
ഒരു നിമിഷം എന്റെ ഉച്ഛാസ വായു പുറത്തേക്ക് വരാൻ മടിക്കുന്നതുപോലെയും സിമന്റു തൂണുകളാണ് കാലുകൾ എന്നും എനിക്ക് തോന്നി. ഒന്നു ഞെട്ടാൻ പോലുമാവാതെ ഉറച്ചുപോയി ശരീരം..

കതകാഞ്ഞടയ്ക്കുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി. കുന്നിൻ മുകളിൽ നിന്നും താഴേക്ക് ആരോ എടുത്തിട്ടതുപോലെ ഞാൻ ഉണർന്നു.
പുസ്തകത്താളിൽ നിന്നും മനസ്സിനുള്ളിലേക്ക് കയറി വന്ന പെൺകുട്ടിയെ മുറിയിലാകെ ഞാൻ തിരഞ്ഞു.. ഇല്ല… അവളിവിടില്ല..
നേരം പുലരാൻ ഇനിയും നാഴികകൾ ബാക്കി.. വായനയുടെ ലോകത്തേക്ക് പോകാനായി നെഞ്ചിൽ മയങ്ങിക്കിടന്ന പുസ്തകത്തെ ഒന്നുകൂടി ഞാൻ തട്ടിയുണർത്തി .