അഭിലാഷ് ബേബി വെള്ളമുണ്ട

 

അണുവിമുക്തമായ അതിജീവനത്തിന്റെ
ആദ്യ സ്വപ്നം – വുഹാൻ.

സുഹൃത്തേ ഞാനിവിടെയുണ്ട്,

രത്തീവയിലെ മഹാവൃക്ഷച്ചുവട്ടിൽ,

നീ ചുംബിച്ച് കുരിശിലേറ്റിയ

ഡോക്ടർ ലീ വെൻലിയാങ്ങിനൊപ്പം

കാഴ്ചയുടെ ഉർവ്വരയിൽ നിന്ന്
സ്വത്വം അന്വേഷിച്ചിറങ്ങിപ്പോയ ആദ്യ
വിപ്ലവകാരി,

മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുക്കപ്പെട്ട
രക്തസാക്ഷി.

 

ഭൂമിയുടെ ഗർഭപാത്രത്തിൽ

വേരുകൾ കെട്ടിപ്പുണരുന്ന

ജഹനാബാദിലെ ക്യാൻവാസിലും
ഞാനുണ്ട്;

ചിറകില്ലാതെ നീ വരച്ച

മൂന്നുവയസുകാരന്റെ ചിത്രത്തിനരികെ.

വിശ്വമാനവികതയുടെ

ഒസ്യത്തിൽ ഇല്ലാത്ത ക്യാൻവാസ്.

ഇടമുറിഞ്ഞു പോകുന്ന വരികളിൽ
ചില്ലക്ഷരങ്ങൾ ചേർത്തു രചിച്ച
ദുരന്തകാവ്യത്തിന്റെ
ഒരു ബിഹാർ ബിംബം.

 

സുഹൃത്തേ ഞാനിവിടെയുണ്ട്,

മാസ്കുകൾ കീഴടക്കിയ
പ്രിയ മുഖശിലായുഗത്തിന്റെ
തിരുശേഷിപ്പുകളിൽ…

ആതുരാലയ ശിൽപികൾ ഹൃദയംകൊണ്ടു
കോറി വച്ച ഗൂർണിക്കകളിൽ…

സ്നേഹത്തിന്റെ ഈ
അടിയന്തരാവസ്ഥക്കാലത്ത്

ചിരിയുടെ അണുക്കാറ്റ് ആവരണം
തീർത്ത മുഖപടങ്ങൾക്കിടയിൽ.

 

ഇനി നീ മടങ്ങുക

മറുതീരത്തണയുമ്പോൾ നീയൊന്ന്
തിരിഞ്ഞു നോക്കുക;

അതിജീവനത്തിന്റെ ആഴങ്ങളിൽനിന്ന്,

നീ നുണഞ്ഞു തീർത്ത ചവർപ്പുകൾ

മാനുഷിക ദർശനത്തിന്റെ ശിഖരങ്ങളിൽ
വീണ്ടും പുഷ്പിക്കുന്നത് കാണാം..

മൂർച്ചയേറിയ നിന്റെ ആയുധങ്ങൾക്ക്
മുറിവേൽപ്പിക്കാനാകാത്ത വിധം

ഭൂമിയുടെ ആഴങ്ങളിൽ വേരുകൾ
കെട്ടിപ്പുണരുന്നത് കാണാം…