പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാഷാകവിയാണ്. കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മാനവിക്രമന്‍ രാജാ സാമൂതിരിയുടെ സദസ്സിലെ ഒരു അംഗമായിരുന്നു. പതിനെട്ടരക്കവികളില്‍ 'അരക്കവി' എന്നു പ്രശസ്തനായി.'അര' അര്‍ത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണ്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. എന്നാല്‍, ഭാഷാകവികളെ മനഃപൂര്‍വ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്‌കൃതകവികള്‍ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ വാദം.കൃഷ്ണഗാഥയുടെ രചയിതാവായ ചെറുശ്ശേരി നമ്പൂതിരി തന്നെയാണ് പുനം നമ്പൂതിരിയെന്ന് ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്‍ രാജയുടെ കാലത്തെ പണ്ഡിതശ്രേഷ്ഠരില്‍ പത്തൊമ്പതു പേരെ ബഹുമാനാര്‍ഥം 'പതിനെട്ടരക്കവികള്‍' എന്ന് വിളിച്ചു പോന്നിരുന്നു. ഈ കൂട്ടത്തില്‍ ഭാഷാകവിയായിട്ടുള്ളത് പുനം നമ്പൂതിരി മാത്രമായിരുന്നു. 

മാനവേദരാജാവിന്റെ പണ്ഡിതസദസ്സിലെ പതിനെട്ടരക്കവികളില്‍ ഒരാളും സംസ്‌കൃതപണ്ഡിതനും കവിയുമായിരുന്ന ഉദ്ദണ്ഡശാസ്ത്രികള്‍ക്കു ഭാഷാകവികളെ വലിയ പുച്ഛമായിരുന്നു. അദ്ദേഹം പലായദ്ധ്വം പലായദ്ധ്വം…(അല്ലയോ ദുഷ്‌കവികളാകുന്ന ആനകളേ ഓടിക്കൊള്‍വിന്‍. വേദാന്തമാകുന്ന വനത്തില്‍ സഞ്ചരിക്കുന്ന ഉദ്ദണ്ഡന്‍ എന്ന സിംഹം ഇതാ വരുന്നു) എന്ന് ഭാഷാകവികളെ പരിഹസിച്ചു. ഈ ഉദ്ദണ്ഡശാസ്ത്രികള്‍ പോലും പുനം നമ്പൂതിരിയുടെ താരില്‍ത്തന്വീകടാക്ഷാഞ്ചല… എന്ന ശ്ലോകം കേട്ടിട്ട് അതിന്റെ അവസാനത്തിലെ ‘ഹന്ത’ എന്ന പ്രയോഗത്തിന്റെ സാരസ്യത്തെ അഭിനന്ദിച്ചു് ‘അന്ത ഹന്തയ്ക്കിന്തപ്പട്ട്’ എന്നു പറഞ്ഞു് ഒരു പട്ടു സമ്മാനിച്ചത്രെ.’അന്തഹന്തയ്ക്കിന്തപ്പട്ട്’ എന്ന വാക്യം ‘അന്ത അഹന്തയ്ക്ക് ഇന്ത പട്ട്’ എന്നു് തെറ്റായി വ്യാഖാനിക്കുമോ എന്ന ആശങ്കയാല്‍, പലപ്പോഴും ‘പട്ട് അഹന്തയ്ക്കല്ല, ഹന്തയ്ക്കാണ്’ എന്നും വിശദീകരിച്ചുപോരുന്നു.

കൃതികള്‍

ഭാഷാരാമായണചമ്പു

ഒറ്റശ്ലോകങ്ങള്‍

താരില്‍ത്തന്വീകടാക്ഷാഞ്ചല...
ജംഭപ്രദ്വേഷി മുമ്പില്‍...