കോഴിക്കോട്: മലയാള സാഹിത്യത്തിന് വേറിട്ട ഭാവുകത്വവും ആഖ്യാനശൈലിയും സംഭാവന ചെയ്ത എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം  മേതില്‍ രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭാഷാപിതാവിന്റെ നാമധേയത്തിലുള്ള ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം മേതിലിന് സമ്മാനിക്കാന്‍ കഴിഞ്ഞത് വായനക്കാരനെന്ന നിലയില്‍ തന്റെ വലിയ ഭാഗ്യവും നിയോഗവുമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു.
മേതില്‍ രാധാകൃഷ്ണന്റെ രചനകള്‍ ആദ്യമായി വായിച്ചപ്പോള്‍ പരിചിതമല്ലാത്ത രചനാശൈലിയും ആഖ്യാനരീതിയും ഭാഷയിലെ പുതുമയും തന്നെ അത്ഭുതപ്പെടുത്തിയതായി മുഖ്യമന്ത്രി അനുസ്മരിച്ചു. നോവലുകളിലും ചെറുകഥകളിലും ശാസ്ത്രവും തത്വചിന്തയും ഭാഷയുടെ സൗന്ദര്യത്തിനുള്ളില്‍ സ്വാഭാവികമായി സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. വായനക്കാരെ പഠിപ്പിക്കുകയാണെന്ന തോന്നലുണ്ടാക്കാതെ ശാസ്ത്രവും തത്വചിന്തയും രചനകളിലേക്ക് കൊണ്ടുവരുന്ന മികവും പ്രകൃതിയെയും ജന്തുജാലങ്ങളെയും ജീവജാലങ്ങളെയും കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണപാടവവും അദ്ദേഹത്തിന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്നതായി വി ഡി സതീശന്‍ പറഞ്ഞു.
പുതിയ കാഴ്ചപ്പാടുകളും പരീക്ഷണാത്മകമായ ആഖ്യാനരീതികളും മലയാള സാഹിത്യത്തില്‍ അവതരിപ്പിക്കാന്‍ മേതിലിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പരിചിതമല്ലാത്ത വാക്കുകളും അവതരണരീതികളും തുടക്കത്തില്‍ വായനക്കാരില്‍ അസ്വസ്ഥതയോ വിമര്‍ശനമോ സൃഷ്ടിച്ചേക്കാമെങ്കിലും അവ പുതിയ വായനാനുഭവങ്ങള്‍ക്കും സാഹിത്യസാധ്യതകള്‍ക്കും വഴിതുറക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കാലം കഴിയുന്തോറും പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനും പുനര്‍വായനയ്ക്ക് വഴിയൊരുക്കാനും കഴിയുന്നവയാണ് മേതിലിന്റെ കൃതികള്‍. മലയാളത്തില്‍ അപൂര്‍വം എഴുത്തുകാര്‍ക്കു മാത്രമേ ഒന്നിലധികം പുനര്‍വായനകള്‍ക്ക് സാധ്യതയുള്ള കൃതികള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും മേതില്‍ രാധാകൃഷ്ണന്‍ അത്തരമൊരു എഴുത്തുകാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമ്മമാരും മുത്തശ്ശിമാരും പറഞ്ഞുതന്ന കഥകളിലൂടെയാണ് പലരും വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കടന്നുവന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അമ്മയുടെ മടിയില്‍ കിടന്ന് കഥകള്‍ കേട്ട ബാല്യകാലമാണ് വായനയുമായി ബന്ധപ്പെട്ട തന്റെ ഏറ്റവും വലിയ ഓര്‍മയെന്നും സതീശന്‍ പറഞ്ഞു. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്ന ശീലം കുറഞ്ഞുവരുന്നതില്‍ ആശങ്കയുണ്ട്. കഥകളിലൂടെയാണ് വായനയുടെയും സര്‍ഗാത്മകതയുടെയും ആദ്യപാഠങ്ങള്‍ ലഭിക്കുന്നത്.
ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി., എം.എല്‍.എ.മാരായ അഡ്വ. കെ. ജയന്ത്, അഡ്വ. കെ. പ്രവീണ്‍കുമാര്‍, സാംസ്‌കാരിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കല്‍പ്പറ്റ നാരായണന്‍, പുരസ്‌കാര നിര്‍ണയസമിതി അംഗം സാറാ ജോസഫ്, കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
കെ ജി ശങ്കരപിള്ള അധ്യക്ഷനും കെ സച്ചിദാനന്ദന്‍, കല്‍പ്പറ്റ നാരായണന്‍, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനായി മേതില്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തത്.