(നോവല്‍)
അഷറഫ് കാനാമ്പള്ളി

കടലും വ്യാപാരവും പ്രണയവും കൂടിച്ചേര്‍ന്ന് സവിശേഷമായ ഒരു തലം സൃഷ്ടിക്കുന്ന വേറിട്ടൊരു നോവല്‍. എം.ടി.വാസുദേവന്‍ നായര്‍ അതെപ്പറ്റി എഴുതുന്നു: ” അറബിക്കടലും അറ്റ്‌ലാന്റിക്കും ഹാരിസിന്റെ ജീവിതത്തെ സ്പര്‍ശിച്ച മഹാസമുദ്രങ്ങളാണ്. എല്ലാറ്റിനോടും വിടപറയേണ്ടിവരുന്ന ഒരു സന്ദര്‍ഭത്തിലെത്തിയ ജീവിതത്തിലേക്ക് ഹാരിസ് എന്ന യുവാവ് തിരിഞ്ഞുനോക്കുകയാണ്. അപ്പോള്‍ എല്ലാം ഒരു വിഭ്രാന്തിയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ബാധ്യസ്ഥനാവുന്നു. വിധിയുടെ എന്നോ കുറിച്ചിട്ട പാതയിലൂടെ നീങ്ങേണ്ടിവന്ന ജീവിതത്തില്‍ തിരുത്തലുകള്‍ക്ക് ഇനി സ്ഥാനമില്ല. മാറ്റിവരച്ചെടുക്കാവുന്ന രൂപങ്ങളില്ല. നവാഗതന്റെ ഇടറിച്ചകളില്ല. അഷ്‌റഫ് കാനാമ്പുള്ളിയുടെ നോവല്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നു. കുതറിപ്പോകാതെ ഭാഷയെ ഒതുക്കി നിര്‍ത്തുന്ന കയ്യടക്കം നമ്മുടെ അഭിനന്ദനം നേടുന്നു.”

എന്‍.പി.ഹാഫിസ് മുഹമ്മദ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: ”കഥ പറയുന്ന ദേശങ്ങളുടെ സാമൂഹികചരിത്രം രചിക്കാനാണ് അഷറഫ് കാനമ്പുള്ളി ശ്രമിക്കുന്നത്. കടല്‍ചരിതം പറയുമ്പോഴും, കച്ചവടതന്ത്രങ്ങളും പകയും ആലേഖനം ചെയ്യുമ്പോഴും, പ്രണയവശ്യത ആവിഷ്‌കരിക്കുമ്പോഴും നോവലിന്റെ വായനാപരത നിലനിര്‍ത്താന്‍ അഷറഫ കാനാമ്പുള്ളിക്ക് കഴിയുന്നുണ്ട്. പി.എ മുഹമ്മദ് കോയയുടെ സുല്‍ത്താന്‍ വീടും, സുറുമയിട്ട കണ്ണുകളും, എം.ടി.വാസുദേവന്‍ നായരും എന്‍.പി.മുഹമ്മദും ചേര്‍ന്നെഴുതിയ അറബിപ്പൊന്നും, എന്‍.പിയുടെ തന്നെ എണ്ണപ്പാടവും മരവും രേഖപ്പെടുത്താത്ത മറ്റൊരു കോഴിക്കോടിനെയാണ് അഷറഫ് കാനാമ്പുള്ളി വായനക്കാരുടെ മുന്നിലെത്തിക്കുന്നത്”.