സമാഹരണം: വി.ദത്തന്‍
അരുമ ബുക്‌സ്, തിരുവനന്തപുരം

ചെറുശ്ശേരി മുതല്‍ വയലാര്‍ വരെയുള്ള 38 കവികളുടെ 125 ബാലകവിതകള്‍ സമാഹരിച്ച കൃതി. അവതാരികയില്‍ ഡോ. സുകുമാര്‍ അഴിക്കോട് ഇങ്ങനെ എഴുതുന്നു: ‘ ഇത്തരത്തില്‍ കലാസമഗ്രതയും കാവ്യസമ്പൂര്‍ത്തിയും അവകാശപ്പെടാവുന്ന ഒരു മലയാള ബാലകവിതാ സമാഹാരം ഇതിനുമുമ്പ് ഉണ്ടായതായോര്‍ക്കുന്നില്ല.
ചെറുശ്ശേരി, പൂന്താനം, എഴുത്തച്ഛന്‍ തുടങ്ങി പഴയകാലത്തെ മഹാരഥന്മാരായ മഹാകവികളുടെ കൃതികളില്‍ അങ്ങിങ്ങ് ഉപലഭ്യമായ ബാല്യഹൃദ്യങ്ങളായ കവനഖണ്ഡങ്ങള്‍ മാത്രമല്ല; നാടന്‍ പാട്ടുകളില്‍നിന്നും വയലാര്‍ വരെയുള്ള പരേതരായ മലയാള കവികളില്‍നിന്നും തിരഞ്ഞെടുത്ത കുട്ടിക്കവിതകളും പീലിവിരുത്തി ഈ പുസ്തകത്തില്‍ ആടിക്കളിക്കുന്നു.
നമ്മുടെ ജീവിതത്തില്‍നിന്നും അകന്നകന്നു പോകുന്ന ഒരു രമണീയ രാഗത്തിന്റെ സ്പന്ദനങ്ങള്‍ നിറഞ്ഞ ഒരു ഗന്ധര്‍വലോകമാണ് ഈ കുട്ടിക്കവിതകള്‍ നമുക്കും നമ്മുടെ കുട്ടികള്‍ക്കും തുറന്നുതരുന്നത്. കുഞ്ഞുങ്ങള്‍ക്ക് കളിച്ചുവളരാനായി അനുഗ്രഹബുദ്ധിയോടെ സമ്മാനിക്കാവുന്ന ഒരു അനര്‍ഘകൃതിയാണിത്.”