(കഥകള്‍)
പി.മുരളീധരന്‍
സൈന്ധവ ബുക്‌സ് കൊല്ലം 2022

മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകള അനാവരണം ചെയ്യുന്ന ഒമ്പതു കഥകളുടെ സമാഹാരമാണ് കനകക്കുന്നിലെ കടുവ. പ്രമേയ വൈവിധ്യംകൊണ്ട് ശ്രദ്ധേയമായ ഈ കഥകളെല്ലാംതന്നെ പുതിയൊരു രചനാ സങ്കേതത്തിന്റെ പിറവി ഉദ്‌ഘോഷിക്കുന്നു. സമീപകാലത്ത് സാഹിത്യരംഗത്ത് ചര്‍ച്ചാവിഷയമായ ‘ചാട്ടവാര്‍, രൂപകല്‍പ്പന, തൃപ്പരപ്പ് എന്നീ കഥകള്‍ ഈ സമാഹാരത്തിലുണ്ട്. പൗരാണികതയും ആധുനികതയും സമാന്തരരേഖകള്‍ പോലെ സഞ്ചരിക്കുകയും ഒടുവില്‍ അവിസ്മരണീയമായ രീതിയില്‍ സന്ധിക്കുകയും ചെയ്യുന്ന ഈ കഥകളിലെ സര്‍ഗാത്മക ഇന്ദ്രജാലം നമ്മെ വിസ്മയിപ്പിക്കും. ആസ്വാദകഹൃദയം കവരുന്ന പുതിയൊരു വായനാനുഭവമാണ് പി.മുരളീധരന്റെ ‘കനകക്കുന്നിലെ കടുവ’ സമ്മാനിക്കുന്നത്.

പി.മുരളീധരന്റെ പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തുകൊണ്ട് പ്രശസ്ത എഴുത്തുകാരി കെ.ആര്‍.മീര ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇതോടൊപ്പം:

”ഞാനും ദിലീപും 1996ല്‍ വിവാഹിതരായി. ആ ദിവസങ്ങളിലാണ്, അന്നു മാതൃഭൂമിയുടെ കോട്ടയം റിപ്പോര്‍ട്ടര്‍ ആയിരുന്ന പി. മുരളീധരന്‍ നായര്‍ എന്ന പി. മുരളീധരനെ ഞാന്‍ ആദ്യമായി കാണുന്നത്.
‘ഞാന്‍ മുരളി, കോട്ടയത്തെ എസ്.ടി.ഡി. ബൂത്തുകള്‍ക്കു മുമ്പില്‍ എം.എസ്. ദിലീപിനു കാവല്‍നിന്ന് എത്രയോ കൊതുകു കടി സഹിച്ചിരിക്കുന്നു’ എന്നു പറഞ്ഞാണു മുരളി സ്വയം പരിചയപ്പെടുത്തിയത്.
അക്കാലത്ത്, അതായത്, 1990കളില്‍ ഒരു സമപ്രായക്കാരിയോട് ഇടപെടുമ്പോള്‍ അവള്‍ ഒരു സ്ത്രീയാണെന്നും താന്‍ ഒരു പുരുഷനാണെന്നും ഓര്‍മിപ്പിക്കാത്ത പുരുഷന്‍മാര്‍ ദുര്‍ലഭമായിരുന്നു. മുരളി എന്നോട് ഇടപെട്ടത് പുരുഷനായല്ല, ഒരു ഹ്യൂമന്‍ ബീയിങ് ആയാണ്.
ഇംഗ്ലീഷിലും മലയാളത്തിലും നല്ല വ്യുല്‍പ്പത്തി. അന്നും ഇന്നും മുരളിക്കു രഹസ്യങ്ങള്‍ ഇല്ല. മറ്റൊരാളായി നടിക്കുന്ന സ്വഭാവം തീരെയും ഇല്ല. അപാരമായ നര്‍മബോധമുണ്ട്. അതിലേറെ ജീവിതാവബോധവും.
മുരളിയോടു സംസാരിക്കുമ്പോഴെല്ലാം എനിക്കു കഥകളുടെ സ്പാര്‍ക്ക് വീണുകിട്ടിയിട്ടുണ്ട്. അതിലാദ്യത്തേത് ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’. ജേണലിസം കോഴ്‌സിന്റെ ഭാഗമായി തിരുവനന്തപുരം ചെഷയര്‍ ഹോമിലേക്ക് ദിലീപിനെയും കൂട്ടി പോയതും അവിടെവച്ച് ക്ലിയോപാട്രയുടെ സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടതും ആദ്യം എന്നോടു പറഞ്ഞതു മുരളിയാണ്.
പിന്നീടൊരിക്കല്‍ മുരളി വര്‍ണിച്ച മറ്റൊരു അനുഭവം ‘ആ മരത്തെയും മറന്നു മറന്നു ഞാന്‍’ എന്ന കഥയിലും ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്.
ഇനി മുരളിയുടെ കഥകള്‍ പറയാന്‍ പറ്റുമെന്നു തോന്നുന്നില്ല. കാരണം മുരളി എഴുത്തുകാരനായിരിക്കുന്നു. ഇതുവരെ പറഞ്ഞു തീര്‍ത്തിരുന്ന കഥകള്‍, എഴുതിവയ്ക്കാന്‍ ആരംഭിക്കുന്നു.
മുരളിയുടെ ആദ്യ പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്യുമ്പോള്‍ സുഹൃത്തെന്ന നിലയിലുള്ള ആഹ്ലാദവും അഭിമാനവും മാത്രമല്ല, വായനക്കാരി എന്ന നിലയിലുള്ള ആവേശവും പ്രതീക്ഷയും അനുഭവപ്പെടുന്നുണ്ട്. പി. മുരളീധരന്‍ എന്ന പ്രിയസുഹൃത്തിന് എല്ലാ സ്‌നേഹാശംസകളും നേര്‍ന്നുകൊണ്ട്,

സൈന്ധവ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മുരളിയുടെ ആദ്യ പുസ്തകമായ ‘കനകക്കുന്നിലെ കടുവ’യുടെ കവര്‍ ചിത്രം ഇതാ…