(കവിത)
സന്ധ്യ ഇ.
മെലിന്‍ഡ ബുക്‌സ്, തിരുവനന്തപുരം 2022

ജീവിതാനുഭവങ്ങളുടെ വൈവിധ്യത്തിലൂടെയുള്ള സഞ്ചാരമാണ് സന്ധ്യ ഇ.യുടെ ഈ കവിതാസമാഹാരം. ജീവിതാനുരാഗങ്ങളുടെ പുതുതാളങ്ങള്‍ സൃഷ്ടിക്കുന്ന കവിതകള്‍. പ്രണയത്തിന്റെ ചിറകടി കേള്‍ക്കാവുന്ന കവിതകള്‍. ആദ്യവായനക്കാരനോട്, കൈക്കുടന്നയിലെ ബുദ്ധന്‍, മരിച്ചവരുടെ ഒളിയിടങ്ങള്‍, ആത്മഹത്യയുടെ തലേന്ന് എന്നീ കവിതകള്‍ ശ്രദ്ധേയം. ജീവിതാനുഭവത്തിന്റെ ഭിന്നഭാവങ്ങളെ ചിത്രീകരിക്കുന്നവയാണ് മിക്ക കവിതകളും.
ഓര്‍മകള്‍, വിശേഷിച്ചും പലതരം ഓര്‍മകളുടെ ഓര്‍മകള്‍, സന്ധ്യയുടെ കവിതകളിലെ സ്‌നേഹ സാന്നിധ്യമാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു. കേവല ഗൃഹാതുരതയ്ക്കപ്പുറത്തേക്ക് ജീവിതത്തിന്റെ പായലും പൂപ്പലും പിടിച്ച ഇടനാഴികളില്‍പോലും വിടര്‍ന്നോ കൂമ്പിയോ നാമ്പിട്ടോ നില്‍ക്കുന്ന ജീവിതോന്മുഖതയുടെ അനുഭൂതികളിലേക്കാണ് ഈ ഓര്‍മകളുടെ സാന്ധ്യപ്രകാശം പതിയെ വീഴുന്നതെന്ന് നിരൂപകനായ ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍ എഴുതിയിട്ടുണ്ട്.