(ആത്മകഥ)
ശ്രീകുമാരന്‍ തമ്പി
മാതൃഭൂമി ബുക്‌സ് 2022

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആത്മകഥയുടെ പുസ്തകരൂപം. അസാധാരണ സര്‍ഗപ്രതിഭ പനിറഞ്ഞ ചലച്ചിത്രഗാനങ്ങളിലൂടെ മലയാളിയുടെ ജീവിതത്തെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കിത്തീര്‍ത്ത ശ്രീകുമാരന്‍ തമ്പി എന്ന എഴുത്തുകാരനും സംവിധായകനും ഈ പുസ്തകത്തില്‍ മറ്റൊരു തലത്തില്‍ക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. ബാല്യകാലത്തെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കുടുംബബന്ധങ്ങളുടെ ശൈഥില്യത്തിന്റെയും വേറിട്ട ലോകത്തെക്കൂടി അദ്ദേഹം രേഖപ്പെടുത്തുന്നു. മാതൃഭൂമിയുടെ നൂറാംവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന പുസ്തകങ്ങളിലൊന്നാണ് ഈ ആത്മകഥ. ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന കാലത്തുതന്നെ കേരളത്തിലെ എറ്റവും ശ്രദ്ധേയമായ ആത്മകഥകളിലൊന്നായി ഇതു മാറിയിരുന്നു.
ദക്ഷിണകേരളത്തിലെ കരിമ്പാലേത്ത് തറവാടിന്റെ സുദീര്‍ഘമായ കഥയാണ് അദ്ദേഹം പറയുന്നതെങ്കിലും ഇതില്‍ ഇരുപതാം നൂറ്റാണ്ടിലെ കേരളം ഉടനീളം ഇരമ്പിയാര്‍ക്കുന്നു എന്ന് പുസ്തകത്തിന്റെ അവതാരികയില്‍ സുഭാഷ് ചന്ദ്രന്‍ എഴുതുന്നു. ശ്രീകുമാരന്‍ തമ്പി എന്ന എഴുത്തുകാരന്റെയും ചലച്ചിത്ര ഗാനരചയിതാവിന്റെയും കഥയ്‌ക്കൊപ്പം ഇത് അദ്ദേഹത്തിന്റെ അമ്മയുടെ ത്യാഗനിര്‍ഭരമായ അതിജീവനത്തിന്റെ കഥ കൂടിയാണ്. ആത്മകഥയില്‍ അമ്മയുടെ സ്ഥാനം അത്ര പ്രധാനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂട്ടുകുടുംബ ജീവിതങ്ങള്‍ അവസാനിച്ചുതുടങ്ങുകയും അണുകുടുംബങ്ങള്‍ സജീവമാവുകയും ചെയ്യുന്ന ഒരുഘട്ടത്തെക്കൂടി ഈ പുസ്തകം ചരിത്രപരമായി ഉള്‍ക്കൊള്ളുന്നുണ്ട്. പുസ്തകത്തിന്റെ തലക്കെട്ടുപോലെ പെന്‍ഡുല സമാനമായി ആടുന്ന ജീവിതത്തെ, അതിന്റെ എല്ലാ സമൃദ്ധിയോടും വൈവിധ്യത്തോടും കൂടി സത്യസന്ധമായി തുറന്നെഴുതുന്നു എന്നതാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്.