(സാഹിത്യചരിത്രം)
എരുമേലി പരമേശ്വരന്‍ പിള്ള
കറന്റ് ബുക്‌സ് 1998
1966ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതിയുടെ എട്ടാമത്തെ പതിപ്പാണിത്. മലയാള സാഹിത്യത്തിന്റെ ആരംഭം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള ചരിത്രപരമായ വികാസപരിണാമങ്ങള്‍ അനുക്രമം അപഗ്രഥിച്ചു വിശദമാക്കുന്ന സമഗ്രമായ ഗ്രന്ഥം. സാഹിത്യചരിത്ര വസ്തുതകളുടെ വസ്തുനിഷ്ഠമായ അപഗ്രഥനം, സാഹിത്യത്തിന്റെ വികാസത്തിനും പരിവര്‍ത്തനത്തിനും പ്രേരകമായ ചരിത്ര-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയഘടകങ്ങളുടെ യുക്തിപൂര്‍വമായ വിശകലനം, ഓരോ കാലഘട്ടത്തിലും സാഹിത്യത്തെ സ്വാധീനിച്ച ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയുള്ള സയുക്തിക ചിന്ത, എഴുത്തുകാരുടെ സാഹിത്യ സംഭാവനകളെ സ്വതന്ത്രമായും നിഷ്പക്ഷമായും വിമര്‍ശിക്കുന്നതില്‍ കാണിച്ചിരിക്കുന്ന സമചിത്തത തുടങ്ങിയവ ഈ ഗ്രന്ഥത്തിന്റെ സവിശേഷതകളാണ്. എട്ടു ശതാബ്ദത്തിലേറെക്കാലത്തെ ചരിത്രപാരമ്പര്യമുള്ള മലയാളസാഹിത്യത്തെസ്സംബന്ധിച്ചിടത്തോളം സര്‍വതലസ്പര്‍ശിയത്രെ ഈ സാഹിത്യചരിത്രം. മലയാള സാഹിത്യത്തിന്റെ മഹത്തായ പൈതൃകവും ഇതര സാഹിത്യങ്ങളുടെ സ്വാധീനവുംകൊണ്ട് അതിനു കൈവന്ന പുരോഗതിയും അവികലമായ വിവേചന ശക്തിയോടെ ഇതില്‍ പ്രതിപാദിക്കുന്നു. മലയാളസാഹിത്യത്തിന്റെ വിശാലതലങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലാന്‍ മാര്‍ഗദര്‍ശനം നല്‍കുന്ന മികച്ച സാഹിത്യചരിത്രം.
വിവിധ അധ്യായങ്ങള്‍ ഇങ്ങനെ: ഭാഷയുടെ ഉല്‍പ്പത്തി, പാട്ടുഭാഷാ സാഹിത്യം, നാടന്‍ പാട്ടുകള്‍, മണിപ്രവാള സാഹിത്യം, സന്ദേശകാവ്യങ്ങള്‍, കൃഷ്ണഗാഥ, എഴുത്തച്ഛന്‍:കിളിപ്പാട്ടു സാഹിത്യം, ആത്മവിശുദ്ധിയുടെ ഋജുരേഖകള്‍, ആട്ടക്കഥാ സാഹിത്യം, കുഞ്ചന്‍ നമ്പ്യാര്‍: തുള്ളല്‍ സാഹിത്യം, മലയാളഗദ്യം പതിനെട്ടാം നൂറ്റാണ്ടുവരെ, പുതുപ്പിറവി ഗദ്യത്തിലും കവിതയിലും, നവോത്ഥാനം കവിതയില്‍, കവിത്രയത്തിന്റെ കവിത കാല്പനികതയുടെ മധ്യാഹ്നപ്രഭ, കവിത-പുതിയ ചാലുകള്‍, പുതിയ മാനങ്ങള്‍, നോവല്‍, ചെറുകഥ, നാടകം, സാഹിത്യവിമര്‍ശനം,ഉപന്യാസം, ജീവചരിത്രം, ആത്മകഥ, തൂലികാചിത്രം, ഹാസസാഹിത്യം, സഞ്ചാരസാഹിത്യം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം, പരിശിഷ്ടം എന്നിങ്ങനെ പോകുന്നു അധ്യായങ്ങള്‍.