(ജീവചരിത്രം)
കെ.പി.അപ്പന്‍

യേശുവിന്റെ അമ്മ മറിയത്തെക്കുറിച്ച് സാഹിത്യവിമര്‍ശകന്‍ കെ.പി. അപ്പന്‍ രചിച്ച പുസ്തകമാണ് മധുരം നിന്റെ ജീവിതം. മേരിവിജ്ഞാനീയം എന്ന ദൈവശാസ്ത്രശാഖയുടെ ഭാഗമായി മലയാളത്തില്‍ പിറന്ന ആദ്യ രചന. മരണശേഷം ഈ കൃതിയുടെ പേരില്‍ അപ്പന് 2008ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. 1994ല്‍ പ്രസിദ്ധീകരിച്ച ‘ബൈബിള്‍ വെളിച്ചത്തിന്റെ കവചം’ എന്ന കൃതിയില്‍ ‘ക്രിസ്തുവിജ്ഞാനീയം മേരിവിജ്ഞാനീയത്തിന്റെ സാന്നിദ്ധ്യത്തിലായിരിക്കും പൂര്‍ണ്ണമായിത്തീരുക’ എന്നും അതിനാല്‍ ‘മലയാളചിന്തയില്‍ മേരിവിജ്ഞാനീയത്തിന്റെ ഇമ്പമുള്ള വാക്കുകള്‍ അതിവേഗം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു’ എന്നും അഭിപ്രായപ്പെട്ടിരുന്നു അപ്പന്‍. തന്റെ ബൈബിള്‍ വായനയുടെ വെളിച്ചത്തില്‍ വിശുദ്ധമറിയത്തെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയില്‍. 79 പുറങ്ങള്‍ മാത്രമുള്ള ഈ ലഘുഗ്രന്ഥം 15 അദ്ധ്യായങ്ങള്‍ അടങ്ങുന്നു.
ആദ്യത്തെ രണ്ടദ്ധ്യായങ്ങളില്‍ ഗ്രന്ഥകാരന്‍ ബൈബിളിന്റെ സംസ്‌കാരത്തിലേക്കും വിശുദ്ധമറിയത്തിന്റെ സവിശേഷതകളെ സംബന്ധിച്ച അറിവിലേക്കുമുള്ള തന്റെ പ്രവേശനത്തിന്റെ കഥ പറയുന്നു. മലയാളത്തിലും ഇതരഭാഷകളിലും സാഹിത്യഭാവനയെ ബൈബിളും മറിയവും സ്വാധീനിച്ച വിധം പരിശോധിക്കുന്നു.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന തന്നെ സുവിശേഷങ്ങളിലെ സ്ഥലദര്‍ശനവുമായി പരിചയപ്പെടുത്തുകയും കന്യാമറിയത്തിന്റെ നല്ല ചിത്രങ്ങള്‍ തന്റെ മനസ്സില്‍ വരച്ചിടുകയും ചെയ്ത ഗില്‍ബര്‍ട്ട് എന്ന പുരോഹിതന്റെ കാര്യം ഒന്നാം അദ്ധ്യായത്തില്‍ എടുത്തു പറയുന്നു. തന്റെ വിമര്‍ശനഭാഷയെ രൂപപ്പെടുത്തുന്നതിലും ബുദ്ധിശക്തിയെ ചൈതന്യവത്താക്കുന്നതിലും ബൈബിള്‍ വഹിച്ച പങ്ക് ഏറ്റു പറയുന്നു. മികച്ച കൃതികളെ ധ്യാനത്തോടെ വായിക്കാനുള്ള പ്രേരണ തനിക്കു നല്‍കിയത് ബൈബിളാണെന്ന് വെളിപ്പെടുത്തുന്നു. മലയാളസാഹിത്യത്തില്‍ വേദപുസ്തകസംബന്ധിയായ പ്രമേയങ്ങള്‍ പതിവായിരുന്നെങ്കിലും ‘ഏറ്റവും സുന്ദരമായ നക്ഷത്രത്തേക്കാള്‍ സുന്ദരിയായ കന്യക’ എന്നു വേഡ്‌സ്‌വര്‍ത്ത് വിശേഷിപ്പിച്ച കന്യാമറിയത്തെ ‘ആരാധനയുടെ പ്രാധാന്യത്തില്‍ ഉള്‍ക്കൊള്ളാന്‍’ മലയാളഭാവനക്കു കഴിഞ്ഞില്ലെന്ന പരിതാപത്തിലാണ് ഈ അദ്ധ്യായം സമാപിക്കുന്നത്.
‘ബകുനിന്റേയും ബ്ലാങ്കിയുടേയും അനുയായികള്‍ പറയുന്നതുപോലെ, ദൈവത്തില്‍ വിശ്വസിക്കുന്നത് എല്ലാ സോഷ്യലിസത്തിനും എതിരാണ്. എന്നാല്‍ കന്യാമറിയത്തില്‍ വിശ്വസിക്കുന്നത് തികച്ചും മറ്റൊരു കാര്യമാണ്. അന്തസ്സുള്ള ഏതൊരു സോഷ്യലിസ്റ്റും കന്യാമറിയത്തില്‍ വിശ്വസിക്കണം’ അദ്ദേഹം പറയുന്നു.
ആത്മീയമായി ഉണര്‍ന്നിരിക്കുന്നവരുടെ പ്രതീകമായ നക്ഷത്രത്തിന് ക്രിസ്തുവിനേയും മറിയത്തേയും സംബന്ധിച്ച സങ്കല്പങ്ങളിലുള്ള സ്ഥാനം എടുത്തുകാട്ടുന്നു മൂന്നാം അദ്ധ്യായം. നാവികര്‍ക്കു വഴികാണിക്കുന്ന സമുദ്രതാരമായി മറിയം ഭാവന ചെയ്യപ്പെട്ടിട്ടുള്ള കാര്യവും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. യേശുവിനേയും മറിയത്തേയും ‘ദൈവശാസ്ത്രസംസ്‌കാരം നക്ഷത്രം കൊണ്ടു ബന്ധിച്ചിരിക്കുന്നു’ എന്ന നിരീക്ഷണവും ഇവിടെയുണ്ട്.
‘തിരുപ്പിറവി’യുടെ മുന്നറിവ് ദൈവദൂതനില്‍ നിന്നു കേട്ട മറിയത്തിന്റെ പ്രതികരണവും മറ്റുമാണ് നാലാമദ്ധ്യായത്തിന്റെ വിഷയം. യേശുവിന്റെ പിറവിയുടെ സുവിശേഷങ്ങളിലേയും ഖുറാനിലേയും പശ്ചാത്തലവര്‍ണ്ണനകള്‍ ഒരുമിച്ച് പരിഗണിക്കുന്ന ഗ്രന്ഥകാരന്‍, ‘മറിയത്തിന്റെ മഹിമയെ ഉഷസ്സിന്റെ ചിറകുകള്‍ ധരിച്ച വാക്കുകള്‍ കൊണ്ടു പുകഴ്ത്തുന്നത് വിശുദ്ധ ഖുറാന്‍ ആണെന്നു’ വിലയിരുത്തുന്നു. പുതിയനിയമത്തില്‍ വളരെക്കുറച്ചു വാക്കുകളില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന മറിയത്തെക്കുറിച്ച് പിന്നീട് ഒരുലക്ഷത്തോളം പഠനങ്ങള്‍ ഉണ്ടായെന്ന് അഞ്ചാമദ്ധ്യായം ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് പഴയനിയമം ഉത്തമഗീതത്തിലെ ‘സ്ത്രീകളില്‍ പരമസുന്ദരി’, ‘മൈലാഞ്ചിപ്പൂങ്കുല’ എന്നീ കല്പനകള്‍ മറിയത്തിന്റെ പൂര്‍വദര്‍ശനങ്ങളാണെന്നും സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവുമാക്കിയവളായി വെളിപാടുപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീ വിശുദ്ധമാതാവാണെന്നും വാദിക്കുന്നു. മറിയത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള കല്പനകളില്‍ ‘മധുരം’ എന്ന വാക്കിനുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറയുന്നു.
ആറാം അദ്ധ്യായത്തില്‍, ചരിത്രത്തിന്റെ ദിവ്യരഹസ്യാത്മകതയിലാണ് മറിയത്തിന്റെ സ്ഥാനമെന്നു പറയുന്നു. ‘ക്രിസ്തു മുഴുവന്‍ മനുഷ്യരാശിയേയും രക്ഷിച്ചെങ്കില്‍ രക്ഷിക്കപ്പെട്ടവര്‍ എവിടെ’ എന്ന നീഷേയുടെ വെല്ലുവിളി എടുത്തു കാട്ടിയശേഷം, ‘ക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ രക്ഷാലക്ഷ്യം ഇനിയും പൂര്‍ത്തിയായിട്ടില്ലായിരിക്കാം’ എന്നു സമ്മതിക്കുന്നു. ഗ്രന്ഥകാരന്റെ അഭിപ്രായത്തില്‍ ‘മറിയത്തിന്റെ നാമം അതിന്റെ പ്രവര്‍ത്തനത്തിലാണ്.’ രക്ഷയുടെ ഗോപുരം യേശുവായിരിക്കുമ്പോള്‍ അതിന്റെ താക്കോല്‍ മറിയമാണെന്ന ആശയം ചില സോഷ്യലിസ്റ്റുകള്‍ പോലും ഉയര്‍ത്തിപ്പിടിക്കുന്നതായി അദ്ദേഹം പറയുന്നു.
‘നിന്റെ ഹൃദത്തിലൂടെ ഒരു വാള്‍ തുളച്ചുകയറും’ എന്ന ശിമയോന്റെ പ്രവചനത്തെ അനുസ്മരിച്ചു കൊണ്ട്, മറിയത്തിന്റെ ജീവിതത്തിലെ സഹനങ്ങളെക്കുറിച്ചുള്ള ചിന്തയാണ് ഏഴാം അദ്ധ്യായം.
എട്ടാം അദ്ധ്യായത്തില്‍, ദൈവമാതൃസങ്കല്പത്തെ ആശ്രയിച്ചുള്ള മേരീപൂജയുമായി ബന്ധപ്പെട്ട സമസ്യകള്‍ പരിഗണിക്കുന്നു. പള്ളിമതത്തിന്റെ പുരുഷാധിപത്യചായ്‌വ്, മേരീപൂജയുടെ നിഷേധത്തെ അബോധപൂര്‍വമായി സ്വാധീനിച്ചിരിക്കാം എന്ന അഭിപ്രായം ഉദ്ധരിക്കുന്നു. എങ്കിലും ഒടുവില്‍ വിരോധികള്‍ പോലും ‘മധുരം നിന്റെ ജീവിതം’ എന്നു പാടാന്‍ തുടങ്ങിയതായും അദ്ദേഹം പറയുന്നു. ദേവീപൂജയുടെ പ്രാര്‍ത്ഥനാസംസ്‌കാരവുമായി പരിചയമുള്ള ഭാരതീയമനസ്സില്‍ മേരീപൂജ പെട്ടെന്നു കടന്നുചെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അടുത്ത അദ്ധ്യായങ്ങള്‍ മേരിയുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങളേയും സങ്കീര്‍ണ്ണതകളേയും കുറിച്ചാണ്. ഒരേസമയം യേശുവിന്റെ അമ്മയും, ശിഷ്യയും ഗുരുനാഥയുമായി മേരിയെ കാണുന്ന ഗ്രന്ഥകാരന്‍ അവളെ ‘വൈരുദ്ധ്യങ്ങളുടെ രാജ്ഞി’ എന്നു വിളിക്കുന്നു. ‘ദൈവത്തെ പ്രസവിച്ചവള്‍’, ‘കന്യകാജാതന്‍’ തുടങ്ങിയ കല്പനകളിലെ ‘വിശുദ്ധവൈരുദ്ധ്യത്തെ’ ഗ്രന്ഥകാരന്‍ ഈ സന്ദര്‍ഭത്തില്‍ എടുത്തുകാട്ടുന്നു. മേരിയുമായി ബന്ധപ്പെട്ട കല്പനകളുടെ സങ്കീര്‍ണ്ണതയെ വിശദീകരിക്കാന്‍ അദ്ദേഹം, ‘ക്രിസ്തുരഹസ്യം ഒരു ഈശ്വരപ്രശ്‌നം ആണ്’ എന്നും അതിനെ ‘മേരീരഹസ്യത്തിലൂടെ ആവിഷ്‌കരിക്കുകയാണു സുവിശേഷങ്ങള്‍’ എന്നും വാദിക്കുന്നു.മേരിയുടെ വിശ്വാസധീരതയെ പുകഴ്ത്തുന്ന ഗ്രന്ഥകാരന്‍ യോഗാത്മകതലത്തില്‍ ആ ധൈര്യം സ്‌നേഹവും അലിവും തന്നെയാണെന്നു പറയുന്നു.
ടോള്‍സ്റ്റോയിയുടെ പത്‌നി സോണിയായുടെ ഒരു സ്വപ്നം വിവരിച്ചശേഷം സ്ത്രീകളോട് യേശുവിനുണ്ടായിരുന്ന സവിശേഷമായ കാരുണ്യത്തിന്റെ കഥ പറയുകയാണ് പതിമൂന്നാം അദ്ധ്യായത്തില്‍. യേശുവിനെതിരെ മനസ്സിനെ കഠിനമാക്കാന്‍ പുരുഷനു കഴിഞ്ഞേക്കാമെങ്കിലും സ്ത്രീയ്ക്ക് അതിനു കഴിയുകയില്ലെന്നു ഗ്രന്ഥകാരന്‍ വാദിക്കുന്നു. വേദപുസ്തകം ക്രിസ്തുവിനും സ്ത്രീയ്ക്കുമിടയില്‍ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിച്ചിരിക്കുന്നു എന്നതാണ് അതിന് അദ്ദേഹം പറയുന്ന കാരണം.
വിശുദ്ധമേരിയുടെ ചൈതന്യത്തിലും മേരിയെ സംബന്ധിച്ചും എഴുതപ്പെട്ട ഓരോ കഥകളാണ് അവസാനത്തെ രണ്ടദ്ധ്യായങ്ങളില്‍. കഷ്ടപ്പാടുകളുടെ നടുവിലും പരസ്‌നേഹചൈതന്യം നിലനിര്‍ത്തി അനുഗൃഹീതനായ മനുഷ്യനെ സംബന്ധിച്ച മദ്ധ്യയുഗങ്ങളിലെ നാടോടിക്കഥയെ ഗ്രന്ഥകാരന്‍ ‘മേരിയില്‍ ആനന്ദിക്കുന്ന ആഖ്യാനം’, ‘മേരിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരുടെ കഥ’ എന്നെല്ലാം പുകഴ്ത്തുന്നു. ദൈവമാതൃപ്രതിമയ്ക്കു മുന്നില്‍ അഭ്യാസപ്രകടങ്ങള്‍ നടത്തി മേരിയുടെ പ്രീതിയും അനുഗ്രഹവും നേടിയ നല്ലവനായ സര്‍ക്കസുകാരനെക്കുറിച്ച് അമേരിക്കന്‍ ദൈവശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ മെഗാന്‍ മക്ന്നാ പറഞ്ഞ കഥയാണ് അവസാനത്തെ അദ്ധ്യായത്തില്‍. കന്യാമറിയത്തെ മനസ്സിലാക്കുന്നത് പാവപ്പെട്ടവരും ദുഃഖിതരുമാണെന്നും അവര്‍ മറവിയില്‍ നിന്ന് വിശുദ്ധമറിയത്തെ വീണ്ടെടുക്കുന്നെന്നും ഈ കഥയുടെ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു.
ഗര്‍ഭിണിയായിട്ടും കന്യകയായിരുന്നവള്‍, കന്യകയായി തന്നെ പ്രസവിച്ചവള്‍, അതിനുശേഷവും കന്യകയായിരുന്നവള്‍ എന്ന വിശുദ്ധവൈരുദ്ധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി. ബൈബിളിലേയും ദൈവശാസ്ത്രപാരമ്പര്യത്തിലേയും കലാസാഹിത്യസംസ്‌കാരങ്ങളിലേയും സൂചനകളുടെ വെളിച്ചത്തില്‍ മറിയത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധവശങ്ങളുടെ ആരാധനനിറഞ്ഞ അന്വേഷണമാണ് ഈ കൃതി. ‘മേരീവിജ്ഞാനീയത്തിനു മലയാളത്തില്‍ ലഭിച്ച ക്ലാസിക് കൃതി’ എന്ന് ഈ രചനയെ പുകഴ്ത്തുന്ന ചാത്തന്നൂര്‍ മോഹന്‍ അതില്‍, മറിയത്തിന്റെ വ്യക്തിത്വത്തിന് മുമ്പില്‍ കൂപ്പുകൈകളുമായി നില്‍ക്കുന്ന അപ്പനെ കാണുന്നു.

പുരസ്‌കാരം

മരണശേഷം ഈ കൃതിയുടെ പേരില്‍ അപ്പന് 2008ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. നേരത്തേ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുക പതിവില്ലാതിരുന്ന അപ്പന്‍, സാഹിത്യ അക്കാദമി പുരസ്‌കാരം സംബന്ധിച്ച തീരുമാനത്തില്‍ പങ്കാളിയായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ അഭ്യര്‍ത്ഥന മാനിച്ച് അതു സ്വീകരിക്കാന്‍ സമ്മതം അറിയിച്ചിരുന്നതായി പറയുന്നു. എന്നാല്‍ പുരസ്‌കാരപ്രഖ്യാപനം ഉണ്ടാകുന്നതിന് എട്ടുദിവസം മുന്‍പ് അദ്ദേഹം അന്തരിച്ചു.