അശ്വതിതിരുനാള്‍ രാമവര്‍മ്മത്തമ്പുരാന്‍

ശ്രീമദ്ഭാഗവതം നവമസ്‌കന്ധത്തിലെ 4,5 അദ്ധ്യായങ്ങളിലായി വരുന്ന അംബരീഷമഹാരാജാവിന്റെ കഥയെ അടിസ്ഥാനമാക്കി അശ്വതി തിരുനാള്‍ രാമവര്‍മ്മത്തമ്പുരാന്‍ (17561794) രചിച്ച ആട്ടക്കഥയാണ് അംബരീഷചരിതം.

കഥാസാരം

സൂര്യവംശജനും അയോധ്യാരാജാവും വൈവസ്വതമനുവിന്റെ പുത്രനും മഹാജ്ഞാനിയുമായിരുന്ന നാഭാഗന്റെ മകനായിരുന്നു അംബരീഷന്‍. അളവറ്റ ഭൂമിക്കും ധനത്തിനും അധിപനായിരുന്നു.എന്നാല്‍ മഹാവിഷ്ണുവിലുള്ള അചഞ്ചലമായ ഭക്തിമൂലം വിരക്തിവന്ന അംബരീഷന്‍ ധര്‍മ്മനിഷ്ഠയോടെ രാജ്യം ഭരിച്ചു. തന്റെ ഭക്തനില്‍ പ്രീതനായ മഹാവിഷ്ണു ശത്രുസംഹാരത്തിന് സമര്‍ത്ഥമായ തന്റെ ചക്രായുധം നല്‍കി അംബരീഷനെ അനുഗ്രഹിച്ചു.
അംബരീഷന്‍ പത്‌നിമാരുമായി സല്ലപിക്കുന്ന രംഗത്തോടെയാണ് ആട്ടക്കഥ ആരംഭിക്കുന്നത്. ആശ്രമത്തില്‍ വന്നുകണ്ട് വന്ദിക്കുന്ന അംബരീഷരാജാവിനോട് വിഷ്ണുപ്രീതിക്കായി ‘ദ്വാദശിവ്രതം’ നോല്‍ക്കാന്‍ കുലഗുരുവായ വസിഷ്ഠമഹര്‍ഷി നിര്‍ദ്ദേശിക്കുന്നു. എല്ലാ ഏകാദശിദിവസവും ശുദ്ധോപവാസവും അതിനു തലേന്നാളും (ദശമി) പിറ്റേന്നാളും (ദ്വാദശി) ഒരിക്കല്‍ മാത്രവും ഭക്ഷണം കഴിച്ചുകൊണ്ട് വിഷ്ണുവിനെ ഭജിച്ചുകഴിയണം. അറുപതുകോടി നല്ല പശുക്കളേയും ഭോജനവും ബ്രാഹ്മണര്‍ക്കായി നല്‍കണം. അങ്ങനെ ഒരുവര്‍ഷക്കാലം ഏകാദശി നോല്‍ക്കുന്നതിനെയാണ് ദ്വാദശിവ്രതം എന്ന് പറയുന്നത്. ഗുരുവിന്റെ നിദ്ദേശാനുസരണം അംബരീഷന്‍ ദ്വാദശിവ്രതം തുടങ്ങി. നാസ്തികരായ ഒരുകൂട്ടം യവനന്മാര്‍ വിഷ്ണുവിനെ പരിഹസിക്കുന്നതായി തന്റെ മന്ത്രിയില്‍നിന്നും അറിഞ്ഞ് അംബരീഷന്‍ അവരെ നശിപ്പിക്കുവാനായി പുറപ്പെടുന്നു. യവനരുടെ നഗരദ്വാരിയില്‍ ചെന്ന് അംബരീഷന്‍ അവരെ പോരിനുവിളിക്കുന്നു. നേരിടാന്‍ വരുന്ന യവനന്മാരെ എല്ലാവരേയും അംബരീഷന്‍ വധിക്കുന്നു.
യമുനാതീരത്തെ മധുവനത്തില്‍ വന്ന് വ്രതമനുഷ്ഠിച്ച് വിഷ്ണുധ്യാനത്തില്‍ അംബരീഷന്‍ ദ്വാദശിവ്രതം അവസാനിപ്പിക്കുവാന്‍ തയ്യാറാകുന്നവേളയില്‍ ദുര്‍വ്വാസാവുമഹര്‍ഷി അവിടെ എത്തുന്നു. അദ്ദേഹത്തെ സ്വീകരിക്കുന്ന അംബരീഷന്‍ അന്നത്തെ ഭിക്ഷ ഇവിടെനിന്നും കഴിക്കുവാന്‍ മഹര്‍ഷിയോട് അപേക്ഷിക്കുന്നു. അത് സമ്മതിച്ച ദുര്‍വ്വാസാവ് കുളിയും മദ്ധ്യാഹ്നക്രിയകളും കഴിച്ച് ഉടന്‍വരാം എന്നുപറഞ്ഞ് യമുനാതീരത്തേയ്ക്ക് പോകുന്നു. പാരണവീടി വ്രതം പൂര്‍ത്തീകരിക്കുവാനുള്ള സമയം അതിക്രമിച്ചിട്ടും മഹര്‍ഷി മടങ്ങിയെത്താത്തതിനാല്‍ അംബരീഷന്‍ ചിന്താപരവശനാകുന്നു. സമയത്ത് പാരണവീടിയില്ലെങ്കില്‍ വ്രതഭംഗം വരും. മഹര്‍ഷിയെക്കൂടാതെ പാരണവീടിയാല്‍ അദ്ദേഹത്തിന് അപ്രീതിയുണ്ടാകും. എന്തുചെയ്യണമെന്നറിയാതെ അംബരീഷന്‍ വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നു.
വെറും ജലം കുടിച്ച് പാരണ വീടാമെന്നും അതുകൊണ്ട് ഭക്ഷിച്ചു എന്ന് വരുകയുമില്ലെന്നും വേദത്തെ ഉദ്ധരിച്ചുകൊണ്ട് ബ്രാഹ്മണര്‍ രാജാവിനോട് നിര്‍ദ്ദേശിക്കുന്നു. അതനുസരിച്ച് അംബരീഷന്‍ തുളസീതീര്‍ത്ഥം സേവിച്ച് പാരണവീടുന്നു. അനന്തരം മടങ്ങിയെത്തുന്ന ദുര്‍വ്വാസാവ് അംബരീഷന്‍ തന്നെക്കൂടാതെ പാരണവീടി എന്നറിഞ്ഞ് ക്രുദ്ധനാകുന്നു. തന്നെ അപമാനിച്ച രാജാവിനെ ശിക്ഷിക്കാനായി മഹര്‍ഷി തന്റെ ജടയില്‍നിന്നും പ്രളയാഗ്‌നിക്കുസമാനമായ സംഹാരശക്തിയുള്ള ഒരു കൃത്യയെ സൃഷ്ടിച്ച് അയയ്ക്കുന്നു. അംബരീഷന്റെ രക്ഷയ്ക്കായി മഹാവിഷ്ണുവിനാല്‍ മുന്‍പുതന്നെ നിയോഗിക്കപ്പെട്ടവനും, സര്‍വ്വസംഹാരദക്ഷനുമായ സുദര്‍ശനചക്രം പെട്ടന്ന് അവിടെ ആവിര്‍ഭവിച്ച്, അംബരീഷനെ സംഹരിക്കുവാനൊരുങ്ങുന്ന കൃത്യയെ ദഹിപ്പിക്കുന്നു.
തുടര്‍ന്ന് ചക്രായുധം ദുര്‍വ്വാസാവിനുനേരെ ചെല്ലുന്നു. മഹാശക്തയായ കൃത്യയെ നശിപ്പിച്ച് തന്റെ നേരെ അടുക്കുന്ന സുദര്‍ശത്തിനെ ഭയന്ന് ഋഷി ഓടിത്തുടങ്ങി. ത്രൈലോക്യങ്ങളിലും തന്നെ പിന്തുടരുന്ന സുദര്‍ശനത്താല്‍ തപിതനായ ദുര്‍വ്വാസാവ് ബ്രഹ്മലോകത്തെ പ്രാപിച്ച് ബ്രഹ്മദേവനോട് രക്ഷയ്ക്കായി അപേക്ഷിക്കുന്നു. മഹാവിഷ്ണുവിനല്ലാതെ മറ്റാര്‍ക്കും ഇതില്‍ ിന്നും രക്ഷിക്കാന്‍ കഴിയുകയില്ല എന്നുപറഞ്ഞ് ബ്രഹ്മാവ് ദുര്‍വ്വാസാവിനെ കൈയൊഴിയുന്നു. വീണ്ടും ഭയന്നോടിയ ദുര്‍വ്വാസാവ് നേരെ കൈലാസത്തില്‍ ചെന്ന് ശ്രീപരമേശ്വരനെ അഭയം പ്രാപിക്കുന്നു. ശിവന്റെ നിര്‍ദ്ദേശാനുസരണം ദുര്‍വ്വാസാവ് വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുന്നു. താന്‍ ഭക്തപരാധീനനാണെന്നും, അങ്ങ് അംബരീഷനെത്തന്നെ അഭയം പ്രാപിച്ചാലേ ഈ ആപത്തില്‍ നിന്നും മുക്തനാകുവാന്‍ സാധിക്കുകയുള്ളു എന്നും നിദ്ദേശിച്ച് മഹാവിഷ്ണു മഹര്‍ഷിയെ അയയ്ക്കുന്നു. ത്രിമൂര്‍ത്തികളാലും കൈയൊഴിയപ്പെട്ട ദുര്‍വ്വാസാവ് നിവൃത്തിയില്ലാതെ അംബരീഷന്റെ സമീപം മടങ്ങിയെത്തി ക്ഷമാപണം ചെയ്യുന്നു. അന്ത്യരംഗത്തില്‍ അംബരീഷന്റെ പ്രാര്‍ത്ഥന മാനിച്ച് സുദര്‍ശനം ഋഷിയെ വിട്ടൊഴിയുന്നു. വിഷ്ണുഭക്തിയുടെ മാഹാത്മ്യം മനസ്സിലാക്കി, അഹങ്കാരം ശമിച്ച മഹര്‍ഷി അംബരീഷരാജാവിന്റെ സല്ക്കാരം സ്വീകരിച്ചിട്ട് അദ്ദേഹത്തെ അനുഗ്രഹിച്ച് യാത്രയാകുന്നതോടെ ആട്ടക്കഥ പൂര്‍ണ്ണമാകുന്നു.

കഥാപാത്രങ്ങളും വേഷവും

അംബരീഷന്‍ പച്ച വേഷം
പത്‌നിമാര്‍ സ്ത്രീവേഷം മിനുക്ക്
വസിഷ്ഠന്‍ മുനി മിനുക്ക്‌വേഷം
ദുര്‍വ്വാസാവ് മുനി മിനുക്ക്‌വേഷം
ബ്രാഹ്മണന്‍ മിനുക്ക്
കൃത്യ ചുവന്ന കരിവേഷം
സുദര്‍ശനം ചുവന്നതാടി
ബ്രഹ്മാവ് പഴുപ്പ് വേഷം
ശിവന്‍ പഴുപ്പ് വേഷം
മന്ത്രി പച്ചവേഷം
മഹാവിഷ്ണു പച്ചവേഷം