ഖണ്ഡകാവ്യ
പ്രഭാ വർമ്മ

പ്രശസ്ത കവി പ്രഭാ വർമ്മയുടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള കൃതിയാണ് ശ്യാമമാധവം.ഡി സി ബുക്സ് ആണു ഈ കൃതി പുറത്തിറക്കിയത്. ഈ കൃതി ഒരു ഖണ്ഡകാവ്യമാണ്.കൃഷ്‌ണായനം മുതൽ ശ്യാമമാധവം വരെ പതിനഞ്ച്‌ അധ്യായങ്ങളാണ്‌ ഉള്ളത്‌. ഖണ്ഡകാവ്യമെന്നു വിളിക്കപ്പെടുന്നുവെങ്കിലും ഈ കാവ്യത്തിനു ഒരു ബൃഹദാഖ്യായികയുടെ എല്ലാ ഗുണവിശേഷങ്ങളുമുണ്ട്.തികച്ചും വ്യത്യസ്തമായ ഒരു കാവ്യാനുഭവം പകർന്നു തരുന്ന ഈ ദീർഘകാവ്യം 2012ൽ പുറത്തിറങ്ങിയ മികച്ച പുസ്തകങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.
“ശ്യാമമാധവം” എന്ന കവിത വ്യാസ മഹാഭാരതത്തെ അടിസ്ഥാന പാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു “കാവ്യഭാരതപര്യടന”മാണ്. വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് പ്രഭാവർമ്മയുടെ ശ്യാമമാധവത്തിന്റെ പ്രമേയം. വൃത്ത – താള ഭംഗികളോടെ, കാവ്യബിംബ സന്നിവേശത്തോടെ, അതിമനോഹരമായ ആവിഷ്കാരരീതിയാണ് ഈ കവിതയിലുള്ളത്. ഇതിഹാസ പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താൽ നീറുന്ന മറ്റൊരു കൃഷ്ണനെ പ്രഭാവർമ്മ ഈ കാവ്യാഖ്യായികയിലൂടെ അനാവരണം ചെയ്യുന്നു. മാനവരാശിയെ എന്നും അലട്ടുന്ന യുദ്ധവും സമാധാനവും എന്ന പ്രശ്‌നമാണ് സങ്കീർണ വ്യക്തിത്വമുള്ള ശ്രീകൃഷ്ണനെന്ന ഇതിഹാസ കഥാപാത്രത്തിന്റെ മനസ്സ് അനാവരണംചെയ്യുന്നതിലൂടെ ശ്യാമമാധവം ആവിഷ്‌കരിക്കുന്നത്. പാഴായിപ്പോയ ഒരു ജന്മമായിരുന്നു തന്റേതെന്ന് ഓരോ സംഭവങ്ങളെക്കുറിച്ചും വിശകലനം ചെയ്തുകൊണ്ട് പരിതപിക്കുകയാണ് ശ്യാമമാധവത്തിലെ കൃഷ്ണൻ.

പുരസ്കാരങ്ങൾ

വയലാർ രാമവർമ്മ പുരസ്കാരം
ഒമ്പതാമത് മലയാറ്റൂർ പുരസ്‌കാരം